WORLD

സഹോദരിയെ കാണാനെത്തിയ റാസ്മി, ദിവസവും പാസ്‌പോര്‍ട്ടുമായെത്തുന്ന ഖലീദ: റാഫ അതിര്‍ത്തി കടക്കാന്‍ ഇവര്‍ക്ക് എന്നാകും?

പലസ്തീനികള്‍ക്കും വിദേശപൗരന്മാര്‍ക്കുള്ള ഏക എക്‌സിറ്റ് പോയിന്‌റ് റാഫ അതിര്‍ത്തിയാണ്. ഇവിടെയാകട്ടെ ഇസ്രയേല്‍ ആവര്‍ത്തിച്ച് ബോംബെറിഞ്ഞുകൊണ്ടിരിക്കുന്നു.

വെബ് ഡെസ്ക്

ഏറെ നാളായി റാസ്മി കാത്തിരുന്ന ഒരു കുടുംബസംഗമമായിരുന്നു അത്. അഞ്ച് വര്‍ഷത്തിനുശേഷം സഹോദരിയെ കാണാനും അനന്തരവന്‌റെ കല്യാണത്തിനു പങ്കെടുക്കാനുമായാണ് 55 കാരിയായ റീം റാസ്മി ഈജിപ്തിലെ തന്‌റെ വീട്ടില്‍നിന്ന് ഗാസയിലേക്ക്‌ ഒക്ടോബറില്‍ പോയത്. ഒക്ടോബര്‍ 7ന് ആരംഭിച്ച പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഒരു മാസത്തിനു ശേഷവും ഭര്‍ത്താവിനെയോ മക്കളെയോ കാണാനോ ഈജിപ്തിലേക്കു മടങ്ങാനോ സാധിക്കാതെ ഗാസയില്‍ കുടുങ്ങിക്കിടക്കുകയാണ റാസ്മി. ഒരാഴ്ച മുന്‍പ് അതിര്‍ത്തി തുറന്നപ്പോള്‍ മുതല്‍ നാലു മക്കളെയും കൊണ്ട് അതിര്‍ത്തി കടക്കാനാകുമെന്ന പ്രതീക്ഷയില്‍ ദിവസവും കാത്തുനില്‍ക്കുകയാണ് 45കാരിയായ ഖലീദ ഹസന്‍. ഇതുപോലെ ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഈജിപ്തുകാരുടെ പ്രതിനിധികള്‍ മാത്രമാണ് റാസ്മിയും ഖലീദയുമൊക്കെ.

റാസ്മിയെ സംബന്ധിച്ചിടത്തോളം ആശങ്ക ഇരട്ടിയാണ്. അതിര്‍ത്തി കടന്നുപോകാന്‍ സാധിച്ചാലും ഇസ്രയേലില്‍ നിന്നുള്ള നിരന്തരമായ ബോംബാക്രമണത്തില്‍ അവള്‍ക്ക് സഹോദരിയെയും കുടുംബത്തെയും അവിടെ ഉപേക്ഷിക്കേണ്ടി വരും. തന്‌റെ തിരിച്ചുപോക്കിനൊപ്പം സഹോദരിയുടെയും കുടുംബത്തിന്‌റെയും സുരക്ഷിതത്വവും റാസ്മിക്ക് ഇപ്പോള്‍ ഒരു ചോദ്യചിഹ്നമാണ്. 'എനിക്ക് ഒക്ടോബര്‍ 10ന് പോകേണ്ടതായിരുന്നു. ഞാനിപ്പോഴും കാത്തിരിക്കുകയാണ്. എല്ലായിടത്തും സ്‌ഫോടനങ്ങള്‍ നിറഞ്ഞ ഇതുപോലൊരു യുദ്ധം ഇതിനുമുന്‍പ് ഞാന്‍ കണ്ടിട്ടില്ല. ഇവിടുത്തെ ഭീകരതയെക്കുറിച്ച് വാക്കുകളാല്‍ പറയാന്‍ എനിക്കു സാധിക്കില്ല'- റാസ്മിയുടെ കണ്ണുകളിലുണ്ട് ഭീതിയുടെ നിഴല്‍.

ബോംബാക്രമണത്തെത്തുടര്‍ന്ന് ഗാസ സിറ്റിക്ക് കിഴക്ക് അല്‍- സെയ്ടണിലുള്ള സഹോദരിയുടെ വീട്ടില്‍നിന്ന് തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലെ ഒരു ബന്ധുവീട്ടിലേക്ക് പലായനം ചെയ്തിരിക്കുകയാണ് റാസ്മിയും സഹോദരിയും കുടുംബവും. 'എപ്പോള്‍ അതിര്‍ത്തികടന്ന് എത്താന്‍ കഴിയുമെന്ന് റാഫ അതിര്‍ത്തി ഉദ്യോഗസ്ഥരില്‍നിന്ന് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നുണ്ടോഎന്ന് ഭര്‍ത്താവും മക്കളും നിരന്തരം അന്വേഷിക്കുന്നു. അവര്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ എനിക്കിതുവരെ സാധിച്ചിട്ടില്ല'.

എന്‌റെ കുട്ടികള്‍ ആശങ്കയിലാണ്. അവരെ സമാധാനിപ്പിക്കാന്‍ വേണ്ടിപോലും എനിക്ക് സുഖമാണെന്ന് അവരോട് പറയാന്‍ സാധിക്കുന്നില്ല. കാരണം അവര്‍ ടിവിയില്‍ വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ- റാസ്മി പറയുന്നു.

പലസ്തീനികള്‍ക്കും വിദേശപൗരന്മാര്‍ക്കുള്ള ഏക എക്‌സിറ്റ് പോയിന്‌റ് റാഫ അതിര്‍ത്തിയാണ്. ഇവിടെയാകട്ടെ ഇസ്രയേല്‍ ആവര്‍ത്തിച്ച് ബോംബെറിഞ്ഞുകൊണ്ടിരിക്കുന്നു. ഈജിപ്ത് ഭാഗത്തു നിന്നു ഗാസയിലേക്കു പ്രവേശിക്കാനും ആര്‍ക്കും സാധിക്കുന്നില്ല.

ഗാസയില്‍ നിന്ന് പോകാന്‍ അനുവദിക്കുന്നവരുടെ പട്ടിക ഇസ്രയേല്‍ തയാറാക്കും. കഴിഞ്ഞ ഒരാഴ്ചയായി അതിര്‍ത്തിയിലേക്ക് നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്. എന്നാല്‍ ഇവരെയെല്ലാം അതിര്‍ത്തിയില്‍ തടയുകയാണ്. അക്കൂട്ടത്തില്‍ റാസ്മിയുമുണ്ടായിരുന്നു. 'എന്‌റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ദിവസങ്ങളിലാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്- ഭാഗ്യം എന്‌റെ ഭാഗത്തല്ലെന്നു ഞാന്‍ കരുതുന്നു'- റാസ്മി പറയുന്നു.

ഗാസയിലെ ഈജിപ്ഷ്യന്‍ കമ്മ്യൂണിറ്റി കള്‍ച്ചറല്‍ സെന്റര്‍ അംഗമായ അലാ അല്‍-ദിന്‍ ഒബൈദ് പറയുന്നതനുസരിച്ച്, ഗാസ മുനമ്പില്‍ താമസിക്കുന്ന 50,000 ത്തോളം പൗരന്മാര്‍ക്ക് പലസ്തീന്‍, ഈജിപ്ഷ്യന്‍ ഇരട്ട പൗരത്വം ഉണ്ട്. 8,000 ഈജിപ്ഷ്യന്‍ സ്ത്രീകള്‍ പലസ്തീനികളെ വിവാഹം കഴിച്ചിട്ടുണ്ട്. ഈ അമ്മമാര്‍ക്കാകട്ടെ അവരുടെ മക്കള്‍ക്ക് അവരുടെ പൗരത്വം നേരിട്ട് കൈമാറാന്‍ കഴിയും, പക്ഷേ ഭര്‍ത്താക്കന്മാര്‍ക്ക് കൈമാറാന്‍ കഴിയില്ല, ''റാഫയില്‍ നിന്ന് അല്‍ ജസീറയോട് സംസാരിച്ച ഒബൈദ് പറയുന്നു.

അതിര്‍ത്തി കടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ദിവസവുമെത്തുന്ന ഖലീദ ഹസന്‍ പറയുന്നത് കണ്ണുകള്‍കൊണ്ട് മരണം കണ്ടുകൊണ്ടിരിക്കുകയാണെന്നാണ്. എല്ലാ ദിവസവും ഞങ്ങളുടെ പാസ്‌പോര്‍ട്ടും ബാഗുകളും കൈമാറുകയും പോകാന്‍ തയാറായി നില്‍ക്കുകയും ചെയ്യും. എന്നാല്‍ അവരാകട്ടെ അതിര്‍ത്തി അടച്ച് രേഖകള്‍ തിരികെ നല്‍കും. ഇതുവരെയുള്ള ഖലീദയുടെ ജീവിതം മുഴുവന്‍ ഗാസയിലായിരുന്നു. അവരുടെ വീട് ബോംബെറിഞ്ഞു തകര്‍ത്തു, വെള്ളമോ വൈദ്യുതിയോ ഇല്ലാതെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു ഖലീദ.

എനിക്ക് എപ്പോള്‍ ഗാസ വിട്ടു പോകാനാകും, ഞാനും എന്‌റെ മക്കളും ഇവിടെ മരിക്കുന്നതാണോ അവര്‍ കാത്തിരിക്കുന്നത്. അതിര്‍ത്തി കടക്കാന്‍ ഞങ്ങള്‍ക്കെല്ലാം അവകാശമുണ്ട്- ഖലീദ സങ്കടത്തോടെയും ആശങ്കയോടെയും പറയുന്നു.

ഈജിപ്ഷ്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള മുഹമ്മദ് ദമാന്‍ എന്ന 36കാരന്‍ കഴിഞ്ഞ ആഴ്ചയാണ് തന്‌റെ ഗര്‍ഭിണിയായ ഭാര്യയേയും രണ്ടു കുട്ടികളേയുംകൊണ്ട് റാഫ അതിര്‍ത്തി കടന്നത്. എന്‌റെ കുടുംബത്തോടൊപ്പമുള്ള ഒരുപാട് ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന ഗാസയ്ക്കു സമീപം റിമാലിലുള്ള എന്‌റെ വീട് ഞാന്‍ ഉപേക്ഷിച്ചു. ബോംബാക്രമണത്തെത്തുടര്‍ന്ന് ഖാന്‍ യൂനിസില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു. ഇഷ്ടപ്പെടുന്ന ഈ നഗരം വിട്ടുപോകാന്‍ പ്രയാസമായതിനാല്‍ കുടിയൊഴിപ്പിക്കുക എന്ന ആശയം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ കുട്ടികള്‍ അനഭവിക്കുന്ന സങ്കടം കണ്ടുനില്‍ക്കാന്‍ സാധിക്കാത്തതുകൊണ്ട് ഇവിടെനിന്നു പോകുകയാണെന്നാണ് ദമാന്‍ പറഞ്ഞത്. ഒരു പിതാവെന്ന നിലയില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വവും ആശ്വാസവും നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ വിഷമമേറിയ തീരുമാനമാണെങ്കിലും അതെടുക്കേണ്ടി വരും. ചേര്‍ത്തുപിടിക്കുമ്പോള്‍ ഭയന്നു വിറയ്ക്കുന്ന കുട്ടികളെയാണ് രാത്രിയില്‍ ഞാന്‍ കാണുന്നത്- അദ്ദേഹം പറയുന്നു.

ദമാനും കുടുംബവും ഒരാഴ്ചയോളം ദിവസവും അതിര്‍ത്തി കടക്കാനായി റാഫയിലെത്തിയിരുന്നു. മണിക്കൂറുകളോളം കാത്തിരുന്ന ശേഷം തിരിച്ച് ഖാന്‍ യൂനിസിലേക്ക് പോകും. റാഫയിലേക്കുള്ള വരവും തിരിച്ചുപോക്കും ഏറെ വിഷമംപിടിച്ച ഒന്നായിരുന്നു- ഓരോ ദിവസവും ഡ്രൈവറെ കണ്ടെത്താന്‍തന്നെ വളരെ ബുദ്ധിമുട്ടേണ്ടി വന്നുവെന്ന് ദമാന്‍ പറയുന്നു. ഒടുവില്‍ ദമാനും കുടുംബത്തിനും ഈജിപ്തിലേക്കു കടക്കാന്‍ കഴിഞ്ഞു. അവര്‍ ഇപ്പോള്‍ കെയ്‌റോയിലാണ് താമസം.

ഒരു സുരക്ഷിത സ്ഥലത്ത് ആയിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. കൂടാതെ ഈ ബോംബ് സ്ഫോടനം നടക്കുമ്പോള്‍ നിങ്ങള്‍ ഉപേക്ഷിച്ചവരെ കുറിച്ച് നിരന്തരം ആലോചിച്ചുകൊണ്ടിരിക്കും. 'തങ്ങള്‍ക്ക് ഉടന്‍ തന്നെ ഗാസയിലേക്ക് മടങ്ങാന്‍ കഴിയുമെന്നും എല്ലാവര്‍ക്കും അതിജീവിക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷിയിലാണ് ദമാന്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ