ഏറ്റവും കൂടുതല്‍ ആസ്തി നഷ്ടമുണ്ടായ വ്യക്തിയെന്ന ഗിന്നസ് റെക്കോര്‍ഡ് ഇനി ഇലോണ്‍ മസ്കിന് സ്വന്തം. ഫോബ്സ് മാസികയുടെ കണക്കുകള്‍ പ്രകാരം 2021 നവംബര്‍ മുതല്‍ മസ്കിന്റെ നഷ്ടം 182 ബില്യണ്‍ ഡോളറാണ്. 200 ബില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടായെന്ന് മറ്റ് ചില ഏജന്‍സികളുടെ കണക്കുകളും വ്യക്തമാക്കുന്നു. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുകയും പിന്നാലെയുണ്ടായ പരിഷ്കരണങ്ങളും സംഭവവികാസങ്ങളുമാണ് മസ്കിനെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചത്.
മസ്‌കിന്റെ സമ്പത്തിലുണ്ടായ നഷ്ടം കൃത്യമായി കണക്കാക്കാന്‍ സാധിച്ചില്ലെങ്കിലും ജാപ്പനീസ് ടെക് നിക്ഷേപകന്‍ മസയോഷി സണിന്റെ 58.6 ബില്ല്യണ്‍ ഡോളര്‍ നഷ്ടത്തിന്റെ ലോക റെക്കോര്‍ഡ് അദ്ദേഹം മറികടന്നിരിക്കുകയാണ്. 2021 നവംബറില്‍ 320 ബില്യണ്‍ ഡോളറായിരുന്ന ആസ്തി 2023 ജനുവരിയെത്തുമ്പോഴേക്ക് 137 ബില്യണ്‍ ഡോളറിലേക്ക് കൂപ്പുകുത്തി.
ടെസ്‌ല ഓഹരികള്‍ വിറ്റഴിച്ചതാണ് മസ്കിന് ഏറ്റവും വലിയ തിരിച്ചടിയായത്. ട്വിറ്റര്‍ വാങ്ങുന്നതിനായി 7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടെസ്‌ല ഓഹരികള്‍ ആദ്യഘട്ടത്തില്‍ മസ്ക് വിറ്റിരുന്നു. 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ ഇക്കഴിഞ്ഞ നവംബറിലും വിറ്റു. കഴിഞ്ഞ മാസം 3.58 ബില്യണ്‍ ഡോളര്‍ ഓഹരികളും മസ്ക് കൈമാറി. ഇത്തരത്തില്‍ ഏപ്രിലിന് ശേഷം 23 ബില്യണ്‍ ഡോളര്‍ ഒഹരികളാണ് മസ്ക് വിറ്റത്.
കഴിഞ്ഞ ഒക്ടോബറിലാണ് വലിയ വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ മസ്‌ക് 44 ബില്ല്യണ്‍ ഡോളര്‍ എന്ന വലിയ തുകയ്ക്ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്. അതിനുശേഷം മസ്‌ക് ട്വിറ്ററില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ എല്ലാം വിപരീത ഫലങ്ങളാണ് ഉണ്ടാക്കിയത്. 2010ല്‍ കമ്പനി പബ്ലിക് ആയതിന് ശേഷമുള്ള ടെസ്ല ഓഹരികളുടെ ഏറ്റവും വലിയ വിറ്റഴിക്കലാണ് ട്വിറ്റര്‍ ഏറ്റെടുക്കലിന് ശേഷം ഉണ്ടായത്. കനത്ത നഷ്ടം നേരിട്ടതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവിയും മസ്കിന് നഷ്ടമായി. എൽവിഎംഎച്ച് സ്ഥാപകൻ ബെർണാഡ് അർനോൾട്ടാണ് മസ്കിനെ പിന്തള്ളി ലോകത്തെ ഒന്നാമത്തെ സമ്പനെന്ന പദവിയിലേക്കെത്തിയത്.
ഇതുവരെ നഷ്ടക്കണക്കില്‍ ലോക റെക്കോര്‍ഡ് സ്വന്തമായിരുന്നു മസയോഷി സോണിന്റെ സ്വത്ത് 2000 ഫെബ്രുവരിയില്‍ 78 ബില്യണ്‍ ഡോളറായിരുന്നത് അതേ വര്‍ഷം ജൂലൈയില്‍ 19.4 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു. എന്നാല്‍ യുഎസ്, ബ്രിട്ടീഷ് ടെക്നോളജി കമ്പനികളെ ഏറ്റെടുത്ത് സായോഷിയുടെ കമ്പനി ശക്തമായ തിരിച്ചുവരവ് നടത്തി. ഇത്തരത്തില്‍ മസ്‌കും ഭാവിയില്‍ തിരിച്ചുവരവ് നടത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് ഗിന്നസ് അധികൃതര്‍ വ്യക്തമാക്കുന്നു.