കെട്ടിടനിര്‍മാണത്തില്‍ നിയമം ലംഘിച്ചെന്ന ആരോപണത്തില്‍ ഇലോണ്‍ മസ്‌കിനും ട്വിറ്ററിന്റെ മാതൃകമ്പനിയായ എക്‌സ് കോര്‍പ്പറേഷനുമെതിരെ അന്വേഷണം. ട്വിറ്ററിലെ ആറ് മുന്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് നടപടി. കമ്പനിയുടെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആസ്ഥാനം ജീവനക്കാര്‍ക്കായുള്ള ട്വിറ്റര്‍ ഹോട്ടലാക്കി മാറ്റി ഉപയോഗിച്ചെന്നും ഇത് കെട്ടിട നിര്‍മാണ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ചൂണ്ടി കാട്ടിയാണ് പരാതി.
കമ്പനിയുടെ ഓഫീസില്‍ സുരക്ഷിതമല്ലാത്ത മാറ്റങ്ങള്‍ വരുത്തുന്നതുള്‍പ്പെടെ പ്രാദേശിക, ഫെഡറല്‍ ചട്ടങ്ങള്‍ ലംഘിക്കാന്‍ മസ്‌കിന്റെ ട്രാന്‍സിഷന്‍ ടീം പരാതിക്കാരോട് മനഃപൂര്‍വം ആവര്‍ത്തിച്ച് നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് മെയ് 16ന് മുന്‍ ജീവനക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ആസ്ഥാനത്തിലെ മുറികള്‍ ഫര്‍ണീച്ചറുകള്‍ വച്ചിട്ടുള്ള 'താത്കാലിക വിശ്രമസ്ഥലങ്ങള്‍' മാത്രമാണെന്നും അതില്‍ വലിയ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നും കമ്പനി കെട്ടിട ഉടമയോടും അന്വേഷണ ഉദ്യോഗസ്ഥരോടും കള്ളം പറഞ്ഞതായി ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. എക്‌സ് കോര്‍പ്പറേഷന്‍ ആസ്ഥാനത്തെ മുറികള്‍ ഹോട്ടല്‍ മുറികളാക്കി മാറ്റാന്‍ ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നതായും ഹര്‍ജിയില്‍ പറയുന്നു.
പരാതിയില്‍ പറയുന്നതിനനുസരിച്ച് കാലിഫോര്‍ണിയയിലെ നിയമങ്ങള്‍ക്കെതിരായ തരത്തിലുള്ള പൂട്ടുകള്‍ ഹോട്ടല്‍ റൂമുകള്‍ക്ക് വയ്ക്കാന്‍ ട്രാന്‍സിഷന്‍ ടീം ഹര്‍ജിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു.
കാലിഫോര്‍ണിയയിലെ കെട്ടിടനിര്‍മാണ നിയമങ്ങളനുസരിച്ച് തീപിടുത്തമുണ്ടാകുമ്പോള്‍ സ്വയം തുറക്കുന്ന പൂട്ടുകളാണ് റൂമുകളില്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ട്രാന്‍സിഷന്‍ ടീം ഹര്‍ജിക്കാരോട് അത്തരം പൂട്ടുകള്‍ വളരെ വിലകൂടിയതാണെന്നും പകരം ജീവന്‍ സുരക്ഷാ, എഗ്രെസ് കോഡുകള്‍ എന്നിവയ്ക്കനുസൃതമല്ലാത്ത വിലകുറഞ്ഞ പൂട്ടുകള്‍ ഉടനടി ഇടാൻ ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍, ജീവനക്കാരന്‍ രാജി വച്ചെന്നും പരാതിയില്‍ പറയുന്നു.
റിയല്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിലെ ജീവനക്കാരോട് ട്രാന്‍സിഷന്‍ ടീം കഴിയുന്നത്ര വേഗത്തില്‍ 50 കോടി ഡോളര്‍ ചെലവ് കുറയ്ക്കാന്‍ നിർദേശിച്ചതായും പണം ലാഭിക്കുന്നതിനായി, സ്ഥാപന വാടക നല്‍കാനുള്ള ഭൂവുടമകള്‍ക്ക് പണം നല്‍കാന്‍ വിസമ്മതിക്കാനും നിര്‍ദ്ദേശിച്ചതായി ഹര്‍ജിയില്‍ പറയുന്നുണ്ട്.
അന്വേഷണം വെള്ളിയാഴ്ച ആരംഭിച്ചിതേയുള്ളുവെന്നും മറ്റ് നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും സാന്‍ഫ്രാന്‍സിസ്‌കോയിലെ കെട്ടിട പരിശോധന വകുപ്പ് വ്യക്തമാക്കി.