WORLD

ശതകോടീശ്വരന്‍മാര്‍ പഴങ്കഥയാകും; ആദ്യ മഹാകോടീശ്വരനാകാന്‍ മസ്‌ക്, അദാനി രണ്ടാമനാകും

ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം 237 ബില്യൺ ഡോളർ ആസ്തിയുള്ള മസ്‌ക് നിലവിൽ ലോകത്തിലെ ഏറ്റവും ധനികനാണ്

വെബ് ഡെസ്ക്

ആഗോളതലത്തിലെ അതിസമ്പന്നരുടെ സ്വത്തില്‍ വരും വര്‍ഷങ്ങളില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ആദ്യ മഹാ കോടീശ്വരൻ (ട്രില്യണയർ) എന്ന ഖ്യാതി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയേക്കും. 2027 ഓടെ ഇലോണ്‍ മസ്‌ക് ഈ നേട്ടം കൈവരിക്കുമെന്ന് 'ഇന്‍ഫോര്‍മ കണക്റ്റ് അക്കാദമി' പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്കാരനായ ഗൗതം അദാനി ഈ പട്ടികയില്‍ രണ്ടാമനാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2028 ഓടെയാവും ഗൗതം അദാനി ഈ നേട്ടം കൈവരിക്കുക.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 'ഇന്‍ഫോര്‍മ കണക്റ്റ് അക്കാദമി' ‘2024 ട്രില്യൺ ഡോളർ ക്ലബ്' റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇലക്‌ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല, സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സ് (മുൻപ് ട്വിറ്റർ) എന്നിവയുടെ ഉടമയായ മസ്കിന്റെ സമ്പത്ത് ശരാശരി 110 ശതമാനം വാർഷിക നിരക്കിൽ വളരുകയാണെന്ന് ഇൻഫോർമ കണക്റ്റ് അക്കാദമി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം 237 ബില്യൺ ഡോളർ ആസ്തിയുള്ള മസ്‌ക് നിലവിൽ ലോകത്തിലെ ഏറ്റവും ധനികനാണ്.

വാർഷിക സമ്പത്ത് വളർച്ചാ നിരക്ക് 123 ശതമാനമായി തുടർന്നാൽ 2028 ൽ ഗൗതം അദാനി ലോകത്തെ രണ്ടാമത്തെ ട്രില്യണയർ എന്ന പദവി നേടുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഗൗതം അദാനിക്ക് നിലവിൽ 7,14,460 കോടി രൂപയുടെ (ഏകദേശം 85.5 ബില്യൺ യുഎസ് ഡോളർ) ആസ്തിയുണ്ട്.

എൻവിഡിയയുടെ ജെൻസൻ ഹുവാങ്, ഇന്തോനേഷ്യൻ എനർജി, ഖനന മുതലാളി പ്രജോഗോ പാൻഗെസ്റ്റു എന്നിവർ അവരുടെ വളർച്ച അതേപടി തുടർന്നാൽ 2028-ഓടെ അദാനിക്ക് പിന്നാലെ ട്രില്യണയർ ആകാനുള്ള സാധ്യതയുണ്ട്. 181 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ എൽവിഎംഎച്ചിലെ ബെർണാഡ് അർനോൾട്ട്, മെറ്റ സി ഇ ഒ മാർക്ക് സക്കൻബർഗ് എന്നിവർ 2030-ഓടെ ട്രില്ല്യണയറായി മാറിയേക്കാം.

1916-ൽ സ്റ്റാൻഡേർഡ് ഓയിലിൻ്റെ ജോൺ ഡി റോക്ക്ഫെല്ലർ ലോകത്തിലെ ആദ്യത്തെ ശതകോടീശ്വരനായി മാറിയതു മുതൽ ലോകത്തിലെ ആദ്യത്തെ മഹാകോടീശ്വരൻ ആരാകുമെന്ന ചോദ്യങ്ങൾ സജീവമാണ്. നിലവിലുള്ള ചുരുക്കം ചില കമ്പനികൾ മാത്രമാണ് മൂല്യനിർണയത്തിൽ ട്രില്യൺ ഡോളർ കടന്നത്. മൈക്രോസോഫ്റ്റ്, ആപ്പിൾ, ആൽഫബെറ്റ്, ആമസോൺ, മെറ്റ തുടങ്ങിയ കമ്പനികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതേസമയം ആഗോളതലത്തിൽ വൻകിട മുതലാളിമാരിൽ സമ്പത്ത് കൂടുതലായി ഏകീകരിക്കുന്ന പ്രവണതയെ വലിയ ആശങ്കയോടെയാണ് വിദഗ്‌ധർ കാണുന്നത്.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം