അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ട്വിറ്ററിന്റെ പുതിയ സിഇഒ ഇലോണ്‍ മസ്‌കിൻ്റേതാണ് തീരുമാനം. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്നറിയാന്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ നിരവധി ഉപയോക്താക്കള്‍ അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് തിരിച്ചെടുക്കാനുള്ള തീരുമാനം എന്നാണ് വിശദീകരണം.
ട്വിറ്ററിലൂടെയാണ് മസ്‌ക് തന്റെ തീരുമാനം വ്യക്തമാക്കിയത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്താല്‍ ട്രംപിന്റെ വിലക്ക് നീക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മസ്ക് തീരുമാനം വ്യക്തമാക്കിയത്.
മസ്കിന്റെ അക്കൗണ്ട് വഴി നടത്തിയ തെരഞ്ഞെടുപ്പില്‍ 15 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് പങ്കെടുത്തത്. അതില്‍ 51.8 ശതമാനം ആളുകളും ട്രംപിനെ അനുകൂലിച്ചെന്നും മസ്‌ക് പറഞ്ഞു. കൂടാതെ, ട്രംപിനെ തിരിച്ചെടുക്കാന്‍ താന്‍ നേരത്തെതന്നെ തീരുമാനിച്ചിരുന്നതായും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ തിരിച്ചു വരവിനെ പല പരസ്യ ദാതാക്കളും ഭീതിയോടെയാണ് നോക്കിക്കാണുന്നത്
അതേസമയം ട്രംപിന്റെ തിരിച്ചു വരവിനെ പല പരസ്യ ദാതാക്കളും ഭീതിയോടെയാണ് നോക്കിക്കാണുന്നത്. നിലവില്‍ 'ട്രൂത്ത് സോഷ്യല്‍' എന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ സജീവമാണ് ട്രംപ്. 37 കോടിയിലധികം ഫോളോവേഴ്‌സാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപിനുള്ളത്. അതിനാല്‍ തന്നെ ട്വിറ്ററിലേക്കുള്ള ട്രംപിന്റെ തിരിച്ചുപോക്ക് വലിയ ചര്‍ച്ചയാകുമെന്നതാണ് മറ്റൊരു വസ്തുത.
ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടലും, രാജിയും തുടരുന്നു
അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകള്‍ നടത്തിയെന്നതിന്റെ പേരില്‍ 2021-ലാണ് ട്വിറ്ററിന്റെ പഴയ ഉടമകള്‍ ട്രംപിന്റെ അക്കൗണ്ടിന് സ്ഥിര നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, ട്വിറ്ററില്‍ ഇപ്പോഴും കൂട്ടപ്പിരിച്ചുവിടലും, രാജിയും തുടരുകയാണ്. നല്ലവര്‍ ട്വിറ്ററില്‍ തുടരുമെന്നും വലിയ ആശങ്കയില്ലെന്നുമാണ് ജീവനക്കരുടെ കൂട്ട രാജിയില്‍ മസ്ക് പ്രതികരിച്ചത്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പകുതിയോളം ജിവനക്കാരെ മസ്‌ക് പുറത്താക്കിയിരുന്നു.