WORLD

'തുറന്ന യുദ്ധം' ആരംഭിച്ചതായി ഹിസ്ബുള്ള, ദീഷണികള്‍ക്ക് വഴങ്ങില്ലെന്ന് ഇസ്രയേലിന് മുന്നറിയിപ്പ്; അശാന്തമാകുന്ന പശ്ചിമേഷ്യ

യുദ്ധത്തിൻ്റെ വക്കിൽ നിന്ന് പിന്മാറാൻ ലോകരാജ്യങ്ങൾ ഇരുപക്ഷത്തോടും അഭ്യർത്ഥിക്കുന്നതിനിടയിലാണ് ഹിസ്ബുള്ളയുടെ തുറന്ന യുദ്ധപ്രഖ്യാപനം

വെബ് ഡെസ്ക്

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് ഇസ്രയേലിന് എതിരെ യുദ്ധ പ്രഖ്യാപനവുമായി ലെബനന്‍ സായുധ സംഘം ഹിസ്ബുള്ള. ഇസ്രയേലുമായി തുറന്ന യുദ്ധത്തില്‍ പ്രവേശിച്ചുകഴിഞ്ഞുവെന്നാണ് ഹിസ്ബുള്ളയുടെ നിലപാട്. വെള്ളിയാഴ്ച ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉന്നത കമാന്‍ഡറുടെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം. മേഖലയെ സംഘര്‍ഷഭൂമിയാക്കരുത് എന്ന ലോകരാജ്യങ്ങള്‍ ഇസ്രയേലിനേടും എതിര്‍ പക്ഷത്തോടും നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ഹിസ്ബുള്ള നിലപാട് പരസ്യമാക്കുന്നത്.

"ഒരു തുറന്ന യുദ്ധം ആരംഭിച്ചിരിക്കുന്നു. ഭീഷണികൾ ഞങ്ങളെ തടയില്ല. എല്ലാ സൈനിക സാധ്യതകളും നേരിടാൻ ഞങ്ങൾ തയ്യാറാണ്,"ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നെയിം കാസെം ഞായറാഴ്ച പറഞ്ഞു. ലെബനനിലെ പേജർ - വാക്കി ടോക്കി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇരുപക്ഷവും നടത്തികൊണ്ടിരിക്കുന്ന വ്യോമാക്രമണങ്ങൾ അതിശക്തമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം ഇസ്രായേലി യുദ്ധവിമാനങ്ങൾ തെക്കൻ ലെബനനിലുടനീളം അതിതീവ്രമായ ബോംബാക്രമണം നടത്തി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടത്തിയ ഏറ്റവും മോശമായ ആക്രമണമാണിത്. ഇസ്രയേലി യുദ്ധവിമാനങ്ങൾ അതിർത്തി ഗ്രാമങ്ങൾ ആക്രമിക്കുകയും ഒരു ലക്ഷത്തിലധികം നിവാസികൾ വടക്കോട്ട് പലായനം ചെയ്യുകയും ചെയ്തു. വാരാന്ത്യത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.അതേസമയം വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്ത് ഹിസ്‌ബുള്ള പ്രതികരിച്ചു.

യുദ്ധം ഒഴിവാക്കാനായി സംഘർഷം കുറയ്ക്കണമെന്ന് ലെബനനിലെ ഉയർന്ന രാഷ്ട്രീയനേതാക്കൾ ആവശ്യപ്പെട്ടു. അന്ത്യമില്ലാതെ തുടരുന്ന ആക്രമണങ്ങളിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആശങ്ക രേഖപ്പെടുത്തി. ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റുന്ന അപകടമാണ് മുന്നിലുള്ളതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം നടന്ന ഹിസ്ബുള്ള ആക്രമണത്തിൽ ഇസ്രയേലിൽ ആറ് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ലെബനനിൽ നിന്ന് നൂറുകണക്കിന് റോക്കറ്റുകൾ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതായും ചിലത് വടക്കൻ നഗരമായ ഹൈഫയ്ക്ക് സമീപം ലാൻഡ് ചെയ്തതായും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഞായറാഴ്ച പുലർച്ചെ അറിയിച്ചു. അതേസമയം ഹിസ്‌ബുള്ളക്ക് കൃത്യമായ മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, ഹിസ്ബുള്ളയ്ക്ക് ഞങ്ങൾ വിചാരിക്കാത്ത പ്രഹരങ്ങളുടെ ഒരു പരമ്പര തന്നെ നൽകി. ഹിസ്ബുള്ളയ്ക്ക് സന്ദേശം മനസ്സിലായില്ലെങ്കിൽ, അവർ ഉടനെ സന്ദേശം മനസ്സിലാക്കുമെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു രാജ്യത്തിനും അതിൻ്റെ നിവാസികൾക്ക് നേരെ വെടിയുതിർക്കുന്നതും നഗരങ്ങൾക്ക് നേരെ വെടിയുതിർക്കുന്നതും സഹിക്കാൻ സാധിക്കില്ല. ഞങ്ങൾ, ഇസ്രയേൽ രാഷ്ട്രവും ഇത് സഹിക്കില്ല. സുരക്ഷ പുനഃസ്ഥാപിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും. ”അദ്ദേഹം പറഞ്ഞു.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി