അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിൽ റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് ശേഷം യൂറോപ്യൻ യൂണിയൻ ചുമത്തുന്ന ഉപരോധങ്ങളുടെ പത്താമത്തെ പാക്കേജാണ്. റഷ്യയ്ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾക്ക് തടയിടാനും യുക്രെയ്നിൽ ഉപയോഗിക്കുന്ന ആയുധങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളുടെയും സ്പെയർ പാർട്‌സിന്റെയും ലഭ്യത ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഉപരോധങ്ങൾ. കഴിഞ്ഞ ദിവസം ഏറെ വൈകിയാണ് പുതിയ പാക്കേജിന് അനുമതി ലഭിച്ചത്. പോളണ്ട് ഉയർത്തിയ തടസമായിരുന്നു അംഗീകാരം വൈകിപ്പിച്ചത്. യുക്രെയ്നിന് സഹായകരമാകുന്ന ശക്തമായ ഉപരോധങ്ങളാണ് ഏർപ്പെടുത്തിയതെന്ന് യൂറോപ്യൻ യൂണിയൻ ട്വിറ്ററിലൂടെ അറിയിച്ചു.
പുതിയ പാക്കേജിന്റെ അടിസ്ഥാനത്തിൽ, റഷ്യൻ പ്രചാരകരെന്ന് പാശ്ചാത്യ രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നവർ, യുക്രെയ്ൻ കുട്ടികളെ റഷ്യയിലേക്ക് നാടുകടത്തുന്നവർ, ഇറാനിയൻ ഡ്രോണുകളുടെ നിർമാണത്തിൽ ഉൾപെടുന്നവർ എന്നിവരെ കരിമ്പട്ടികയിൽ പെടുത്തും. കൂടാതെ റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിങ് ശൃംഖലയായ ആൽഫാ ബാങ്ക്, ടിൻകോഫ് എന്നീ ധനകാര്യ സ്ഥാപനങ്ങളെ സ്വിഫ്റ്റിൽ (സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻ) നിന്ന് ഒഴിവാക്കുകയും യൂറോപ്യൻ യുണിയനും റഷ്യയുമായുള്ള പത്ത് ബില്യൺ യൂറോയുടെ വ്യാപാരബന്ധം അവസാനിപ്പിക്കുകയും ചെയ്യും.
പത്താമത്തെ പാക്കേജിലെ ഉപരോധങ്ങളുടെ കാര്യത്തിൽ പോളണ്ട് ഉന്നയിച്ച എതിർപ്പാണ് അംഗീകാരം വൈകിപ്പിച്ചത്. റഷ്യൻ റബ്ബറിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉപരോധത്തിന് ശക്തി പോരെന്നും പ്രായോഗികമായി ഫലം ചെയ്യുന്നതല്ലെന്നും പോളണ്ട് വാദിച്ചു. എന്നാൽ ദീർഘ നേരത്തെ ചർച്ചയ്‌ക്കൊടുവിൽ പോളണ്ടുമായി സമന്വയത്തിൽ എത്തിയതോടെയാണ് ഉപരോധങ്ങൾ അംഗീകരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ചട്ടമനുസരിച്ച് ഒരു കാര്യം നടപ്പാക്കണമെങ്കിൽ അംങ്ങളായ 27 രാജ്യങ്ങളുടെയും അനുമതി ആവശ്യമാണ്. അതേസമയം ഒരൊറ്റ വിഷയത്തിലൂന്നി പോളണ്ട് എതിർപ്പ് പ്രകടിപ്പിക്കുന്നതിൽ മറ്റ് രാജ്യങ്ങൾ നീരസം അറിയിച്ചു. പോളണ്ടിന്റേത് വളരെ മോശം നിലപാട് ആണെന്നും പ്രത്യേക ദിനത്തിൽ യുക്രെയ്നോടുള്ള ഐക്യദാർഢ്യത്തിന്റെ സന്ദേശത്തിനാണ് പ്രാധാന്യമുള്ളതെന്നും അഭിപ്രായമുയർന്നിരുന്നു.
"യുക്രെയ്നിന് യുദ്ധത്തിൽ വിജയിക്കാൻ സഹായകരമാകുന്ന ഏറ്റവും ശക്തവും ദൂരവ്യാപകവുമായ ഉപരോധങ്ങൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഏർപ്പെടുത്തി. എത്ര കാലം വേണമെങ്കിലും യുക്രെയ്നിനെ പിന്തുണയ്ക്കും. യുക്രെയ്നിനോടും അവിടുത്തെ ജനതയോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു" യൂറോപ്യൻ യൂണിയൻ നേതൃത്വം ട്വിറ്ററിൽ കുറിച്ചു.