WORLD

ജൈവ വൈവിധ്യ - പരിസ്ഥിതി നിയമത്തെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ പാർലമെന്റ്; വേണ്ടത് ശക്തമായ നടപടികളെന്ന് പരിസ്ഥിതി സംഘടനകൾ

വെബ് ഡെസ്ക്

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം, ആവാസവ്യവസ്ഥയുടെ നിലനിൽപ്പ് തുടങ്ങി വിവിധ ലക്ഷ്യങ്ങളുമായി നിർണായക ജൈവവൈവിധ്യ പരിസ്ഥിതി നിയമത്തെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ പാർലമെന്റ് . അംഗരാജ്യങ്ങളും നിയമനിർമാതാക്കൾ തമ്മിലുമുള്ള ഭിന്നത തുറന്നുകാട്ടിയ മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കെടുവിലാണ് യൂറോപ്യൻ പാർലമെന്റ് നിയമത്തെ പിന്തുണച്ചത്. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 336 അംഗങ്ങൾ നിയമത്തെ അനുകൂലിച്ചും, 300 പേര്‍ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി.13 പേര്‍ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു.

യൂറോപ്പ് ലക്ഷ്യമിടുന്ന ഹരിത അജണ്ടയുടെ ഭാഗമായാണ് പുതിയ നിയമം. ഹരിത കരാർ നിറവേറ്റുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ചുവടുവയ്പ്പായാണ് പുതിയ ബില്ലിനെ കണക്കാക്കുന്നത്. യൂറോപ്യൻ കമ്മീഷന്റെ നിർദേശങ്ങളും നിയമത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. 2030ഓടെ ഭൂമിയിലെ കര, സമുദ്ര ഭാഗങ്ങളുടെ 20 ശതമാനം അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയെന്നതാണ് ഇതിൽ പ്രധാനം. 2025ഓടെ കാർബൺ ബഹിർഗമനം ഏറ്റവും കുറഞ്ഞതോതിലെത്തിക്കുകയും ലക്ഷ്യമാണ്.

യൂറോപ്യൻ പാർലമെന്റിലെ കരുത്തരായ യൂറോപ്യൻ പീപ്പിൾസ് പാർട്ടിയുടെ (ഇപിപി) കടുത്ത എതിർപ്പ് പോലും മറികടന്നാണ് നിയമത്തെ പിന്തുണയ്ക്കാനുള്ള തീരുമാനം ഭൂരിപക്ഷം സ്വന്തമാക്കിയത്. പാരിസ്ഥിതിക വിഷയങ്ങളിൽ ശ്രദ്ധയൂന്നുന്നതിന് പകരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സാമ്പത്തിക മത്സരക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഇപിപിയുടെ പക്ഷം. ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളി, ഇന്ധന വിലക്കയറ്റം, കർഷകദ്രോഹം എന്നിങ്ങനെയുള്ള ആശങ്കകളാണ് എതിർപ്പുന്നയിച്ച് ഇപിപി മുന്നോട്ടുവച്ചത്.

ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ സമ്മേളനം എത്തിച്ചേർന്ന സുപ്രധാന ഉടമ്പടി യൂറോപ്യൻ യൂണിയൻ പുതിയ നിയമത്തിലൂടെ പ്രാവർത്തികമാക്കാൻ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ നിയമം ദുർബലമാണെന്ന വിമർശനവുമായി നിരവധി പരിസ്ഥിതി സംഘടനകൾ രംഗത്തുണ്ട്. വനനശീകരണം തടയാനുള്ള കർശന നടപടികളില്ലെന്നാണ് പലരും നിയമത്തിനെതിരായി ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥ, പരിസ്ഥിതി നയങ്ങളിൽ ഇരട്ടത്താപ്പോടെ മുന്നോട്ടുപോകാൻ യൂറോപ്യൻ യൂണിയനാകില്ലെന്നും വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യൻ പീപ്പിൾസ് പാർട്ടിയ്ക്ക് കൂടി അംഗീകരിക്കാനാകുന്നവിധം ഭേദഗതികളും നിയമത്തിൽ കൊണ്ടുവന്നേക്കും.

യൂറോപ്യൻ പാർലമെന്റ് പിന്തുണച്ചതോടെ നിയമം ഇനി അംഗരാജ്യങ്ങളുടെ ചർച്ചകളിലേക്ക് കടക്കും. എതിർപ്പുകളും ഭേദഗതികളുമെല്ലാം ചർച്ച ചെയ്തതിന് ശേഷം മാത്രമെ അന്തിമതീരുമാനത്തിലേക്ക് എത്താനാകൂ. അതുകൊണ്ടുതന്നെ നിയമം പൂർണതോതിൽ പാസാകാൻ ഇനിയും സമയമെടുക്കും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?