-
WORLD

അട്ടിമറി അംഗീകരിക്കില്ലെന്ന് യുറോപ്യന്‍ യൂണിയന്‍, നൈജറിനുള്ള സാമ്പത്തിക സഹായവും സുരക്ഷാ സഹകരണവും നിര്‍ത്തിവച്ചു

മുഹമ്മദ് ബാസൂമിനെ ഉടൻ മോചിപ്പിക്കണമെന്നും യുറോപ്യന്‍ യൂണിയന്‍

വെബ് ഡെസ്ക്

നൈജറിലെ സൈനിക അട്ടിമറിക്ക് പിന്നാലെ രാജ്യത്തിനുള്ള സാമ്പത്തിക സഹായവും സുരക്ഷാ സഹകരണവും താല്‍ക്കാലികമായി നിര്‍ത്തിവച്ച് യൂറോപ്യന്‍ യൂണിയന്‍. സൈനിക ജനറല്‍ അബ്ദൗറഹ്‌മാന്‍ ചിയാന്‍ നൈജറിന്റെ തലവനായി സ്വയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്റെ നടപടി.

' നൈജറിനുള്ള സാമ്പത്തിക പിന്തുണ നിര്‍ത്തലാക്കിയതിന് പിന്നാലെ രാജ്യത്തിനുള്ള മുഴുവന്‍ സാമ്പത്തിക സഹായവും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുന്നു' - യൂറോപ്യന്‍ യൂണിയന്‍ വിദേശനയ തലവന്‍ ജോസഫ് ബോറെല്‍ പറഞ്ഞു. ' നൈജറിന്റെ ഇപ്പോഴത്തെ അധികാരികളെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിട്ടില്ല. അംഗീകരിക്കുകയുമില്ല. മുഹമ്മദ് ബാസൂമാണ് രാജ്യത്ത് നിയമാനുസൃതമായി നിയമിതനായ ഏക പ്രസിഡന്റ്. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണം'-ജോസഫ് ബോറെല്‍ കൂട്ടിച്ചേര്‍ത്തു.

പുറത്താക്കപ്പെട്ടപ്രസിഡന്റ് മുഹമ്മദ് ബാസൂമിന് പിന്തുണയുമായി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ബാസൂമിനെയല്ലാതെ മറ്റാരെയും നൈജറിന്റെ പ്രസിഡന്റായി അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഫ്രാന്‍സിന്റെ പ്രതികരണം. പെട്ടന്ന് തന്നെ രാജ്യത്ത് ജനാധിപത്യഭരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭ, ആഫ്രിക്കന്‍ യൂണിയന്‍, വെസ്റ്റ് ആഫ്രിക്കന്‍ റീജ്യണല്‍ ബ്ലോക്ക്, എന്നിവരും നൈജറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

നൈജര്‍ പ്രസിഡന്റ് മുഹമ്മദ് ബാസൂമിന്റെ സുരക്ഷാസേന തലവനായിരുന്ന അബ്ദൗറഹ്‌മാന്‍ ചിയാന്‍ രാജ്യത്തെ തലവനായി സ്വയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്റെ നടപടി. പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ തടവിലാക്കിയ സൈന്യം അട്ടിമറിയിലൂടെയാണ് ഭരണം പിടിച്ചെടുത്തത്. ദേശീയ ടെലിവിഷന്‍ ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് നേതൃത്വം ഏറ്റെടുത്തതായി ചിയാനി പ്രഖ്യാപിച്ചത്. 2011 മുതല്‍ പ്രസിഡന്റിന്റെ സേനയുടെ മേധാവിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ചിയാനി. രാജ്യം തകര്‍ച്ചയുടെ ഘട്ടത്തിലേക്ക് കടന്നതിനാലാണ് സൈനിക അട്ടിമറി വേണ്ടിവന്നതെന്നും ഇനിയും ഇതുപോലെ മുന്നോട്ട് പോകാനാകില്ലെന്നുമായിരുന്നു ചിയാനിയുടെ പ്രതികരണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ