EUROPE

ഹിജാബ് മുതൽ ഇസ്രയേൽ നിരോധനം വരെ: അവസാനവട്ട ഒളിമ്പിക്സ് തയ്യാറെടുപ്പിൽ ലോകം, ആശങ്കകളും വിവാദങ്ങളും ഒഴിയാതെ പാരീസ്

വെബ് ഡെസ്ക്

ലോകത്തിലെ ഏറ്റവും വലിയ കായിക മേളകളിൽ ഒന്നിന് തുടക്കം കുറിക്കാൻ ഇനി 10 ദിവസങ്ങൾ മാത്രമാണ് ബാക്കി. ആവേശപ്പോരാട്ടങ്ങളുടെ ട്രാക്കിലേക്ക് ലോകം ചുരുങ്ങുന്ന ദിനങ്ങള്‍ വരുന്നു. ജൂലൈ 26 നാണ് ഒളിംപിക്‌സ് 2024 ആരംഭിക്കുക. ഫ്രാൻസിലെ പാരീസ് ആണ് ഇത്തവണ വേദി. ലോകരാജ്യങ്ങളും കായികതാരങ്ങളും ഒളിമ്പിക്സിന്റെ അവസാനവട്ട ഒരുക്കങ്ങളിൽ ആയിരിക്കുമ്പോഴും ആശങ്കകളും വിവാദങ്ങളും ഒടുങ്ങിയിട്ടില്ല. പാരീസ് ഒളിമ്പിക്സിന്റെ ആതിഥേയത്വം തന്നെയാണ് മിക്ക ആശങ്കകളുടെയും അടിസ്ഥാനം. ഹിജാബ് നിരോധനം മുതൽ ഇസ്രയേലിനെ വിലക്കണം എന്നുള്‍പ്പെടെയുള്ള മുറവിളി വരെ ഇതിൽ ഉൾപ്പെടുന്നു.

ഫ്രഞ്ച് കായികതാരങ്ങൾക്ക് ഹിജാബ് നിരോധനം

ഗെയിംസിൽ പങ്കെടുക്കുമ്പോൾ ഹിജാബ് ( മുസ്ലിം സ്ത്രീകൾ ധരിക്കുന്ന ശിരോവസ്ത്രം) ധരിക്കുന്നതിൽ നിന്ന് ഫ്രാൻസ് അതിന്റെ കായികതാരങ്ങളെ വിലക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ അന്നത്തെ ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയാ-കാസ്റ്ററ മതേതരത്വത്തിന്റെ തത്വങ്ങളെ മാനിക്കുന്നതിനും പൊതു സേവനങ്ങളിൽ തികഞ്ഞ നിഷ്പക്ഷത ഉറപ്പാക്കുന്നതിനുമായി ഒളിമ്പിക്‌സിൽ രാജ്യത്തെ അത്‌ലറ്റുകളെ ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. വ്യാപകമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമാണ് ഈ നീക്കം കാരണമായത്.

എന്നാൽ നേരത്തെയും രാജ്യത്തെ കായികമേഖലകളിൽ ഇതേ നയം തന്നെയാണ് ഫ്രാൻസ് സ്വീകരിച്ചിട്ടുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം ന്യൂനപക്ഷങ്ങളിൽ ഒന്നാണ് ഫ്രാൻസിലുള്ളത്. എന്നിട്ടുപോലും യൂറോപ്പിൽ നടക്കുന്ന മിക്ക ആഭ്യന്തര കായിക മത്സരങ്ങളിൽ നിന്നും ഹിജാബ് ധരിച്ച കായികതാരങ്ങളെ ഫ്രാൻസ് വിലക്കിയിട്ടുണ്ട്. എന്നിരുന്നാലും അത്‌ലറ്റ്സ് വില്ലേജിൽ അത്‌ലറ്റുകൾക്ക് ഹിജാബ് ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം. ഹിജാബ് ധരിക്കുന്നതിനോ അല്ലെങ്കിൽ മറ്റേതെങ്കിലും മതപരമോ സാംസ്കാരികമോ ആയ വസ്ത്രങ്ങൾ ധരിക്കുന്നതിനോ യാതൊരു നിയന്ത്രണവുമില്ലെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

വലിയ ഇവൻ്റുകൾ സംഘടിപ്പിക്കാൻ രാജ്യങ്ങൾ തയ്യാറെടുക്കുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ, വേതനം, തൊഴിൽ സാഹചര്യങ്ങൾ എന്നിവ സൂക്ഷ്മതയോടെ പരിശോധിക്കപ്പെടാറുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളിൽ യൂറോപ്പിലെ ഏറ്റവും മോശമായ നാലാമത്തെ രാജ്യമാണ് ഫ്രാൻസ്

ഇസ്രയേല്‍ വിലക്ക്

ഗാസക്കെതിരെ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേലിനെ ഒളിമ്പിക്സിൽ നിന്ന് വിലക്കണമെന്ന ആവശ്യം വളരെ ശക്തമാണ്. പലസ്തീൻ അനുകൂല പ്രക്ഷോഭകർ ഇസ്രയേലിനെ ഒളിമ്പിക്‌സിൽ നിന്ന് വിലക്കണമെന്ന് ഐഒസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്‌ടോബർ ഏഴ് മുതൽ 15,000 കുട്ടികൾ ഉൾപ്പെടെ 38,000 പലസ്തീനികൾ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ ആരോപണം നേരിടുന്ന ഇസ്രയേലിന് അനന്തര ഫലങ്ങൾ നേരിടേണ്ടി വരണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധന ആവശ്യം. എന്നാൽ ഇസ്രയേലിന് നേരെ യാതൊരു നടപടിയും കൈക്കൊളളാൻ സംഘടന ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ യാതൊരു ചോദ്യവും ഉയർന്നു വരേണ്ടതില്ല എന്നാണ് ഐഒസി പ്രസിഡൻ്റ് തോമസ് ബാച്ച് പറഞ്ഞത്. എങ്കിലും ഈ ആവശ്യങ്ങളും ആഹ്വാനങ്ങളും ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.

തൊഴിലാളികളുടെ അവകാശങ്ങൾ

വലിയ ഇവൻ്റുകൾ സംഘടിപ്പിക്കാൻ രാജ്യങ്ങൾ തയ്യാറെടുക്കുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ, വേതനം, തൊഴിൽ സാഹചര്യങ്ങൾ എന്നിവ സൂക്ഷ്മതയോടെ പരിശോധിക്കപ്പെടാറുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളിൽ യൂറോപ്പിലെ ഏറ്റവും മോശമായ നാലാമത്തെ രാജ്യമാണ് ഫ്രാൻസ്. യൂറോപ്യൻ യൂണിയനിലെ മറ്റേതൊരു അംഗത്തേക്കാളും ജോലിസ്ഥലത്തെ അപകടങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഫ്രാൻസിലാണ്. 2022-ൽ 560,000 സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പാരീസിൽ, ഗെയിംസിനായുള്ള നഗരത്തിലെ ചില പ്രോജക്ടുകളുടെ ഭാഗമായും ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട നിർമാണ പദ്ധതികളിൽ, ഗുരുതരമായ 31 അപകടങ്ങൾ ഉൾപ്പെടെ 181 അപകടങ്ങളെങ്കിലും വിവിധ ജോലിസ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ടെന്ന് എന്നാണ് റിപ്പോർട്ട്. തൊഴിലാളികളും അവരുടെ യൂണിയനുകളും മെച്ചപ്പെട്ട സാഹചര്യങ്ങളും വേതനവും ആവശ്യപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഒളിമ്പിക്സ് ബോണസും സ്റ്റാഫ് റിക്രൂട്ട്മെന്റും ആവശ്യപ്പെട്ട് വിവിധ വിമാനത്താവളങ്ങളിൽ വ്യോമയാന തൊഴിലാളികളും മാനേജ്‌മെൻ്റും തമ്മിൽ തർക്കം നിലനിൽക്കുന്നുമുണ്ട്.

ഇതിന്റെ ഭാഗമായി യൂണിയനുകൾ ജൂലൈ 17 ന് ഒരു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പാരീസിലുടനീളം ഒളിമ്പിക്‌സ് തടസ്സപ്പെടുത്തുമെന്ന ഭീഷണിയും ഇവർ ഉയർത്തിയിട്ടുണ്ട്. ജൂലായ് 18-ന് അത്‌ലറ്റുകൾ കൂട്ടത്തോടെ എത്തിത്തുടങ്ങും എന്നിരിക്കെ തർക്കം തുടർന്നാൽ അത് ഗെയ്‌മ്സിനെ ബാധിക്കും. ജൂലൈ 26ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ലക്ഷക്കണക്കിന് പേരാണ് പാരിസിൽ എത്തുക.

സീൻ നദിയുടെ ജലത്തിന്റെ ഗുണനിലവാരം

ഫ്രാൻസ് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തിലൂടെ ഒഴുകുന്ന സീൻ നദി നിരവധി ജല ഗുണനിലവാര പരിശോധനകളിൽ പരാജയപ്പെട്ട വിവരം അടുത്തിടെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഗെയിംസിന് രണ്ടാഴ്ച മാത്രം അവശേഷിക്കെ പാരീസ് സിറ്റി ഹാൾ നദിയിൽ നീന്തലിന് അനുമതി നൽകിയിട്ടുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടുവെന്നാണ് സിറ്റി ഹാൾ ഉദ്യോഗസ്ഥൻ പിയറി റബാദാൻ വിശദീകരണം നൽകിയത്.

എന്നാൽ നേരത്തെ നടത്തിയ പരിശോധനകളിൽ ജലത്തിൽ ഇ-കോളി ബാക്ടീരിയയുടെ അളവ് കായിക ഫെഡറേഷനുകൾ ഏർപ്പെടുത്തിയ ഉയർന്ന പരിധിയേക്കാൾ വളരെ കൂടുതലാണ് എന്ന് വ്യക്തമായിട്ടുണ്ട്. വേൾഡ് ട്രയാത്ത്‌ലൺ ഫെഡറേഷൻ ഉപയോഗിക്കുന്ന സ്വീകാര്യമായ അളവിലേക്ക് ഒരു ഘട്ടത്തിൽ പോലും ഇത് താഴ്ന്നിട്ടില്ല. കാലാവസ്ഥ അനുകൂലമാണെങ്കിൽ നദി ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമാകുന്നതാണ്. തുടർന്ന് ട്രയാത്ത്‌ലോണിനും നീന്തൽ മാരത്തണിനും നദി ആതിഥേയത്വം വഹിക്കും.

ഈ സാഹചര്യത്തിൽ നദിയിലെ മലിനീകരണം ആശങ്കയുള്ള വിഷയമാണ്. ഗെയിംസ് ആരംഭിച്ചുകഴിഞ്ഞാൽ സീൻ നദി മലിനവും പ്രക്ഷുബ്ധവുമായി തുടരുകയാണെങ്കിൽ മറ്റ് പദ്ധതികൾ എന്താണെന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ അങ്ങനെ ബദൽ മാർഗങ്ങൾ ഇല്ലെന്നാണ് സംഘടനകൾ വ്യക്തമാക്കിയത്. മലിനീകരണം വർധിക്കുന്ന തരത്തിലേക്ക് നീങ്ങുന്ന മഴയോ മറ്റോ ഉണ്ടായാൽ ഓപ്പൺ-വാട്ടർ നീന്തൽ അടക്കമുള്ള മത്സരം ദിവസങ്ങളോളം വൈകിയേക്കാം. ഏറ്റവും മോശം സാഹചര്യം ഉണ്ടായാൽ മത്സരം റദ്ദാക്കപ്പെട്ടേക്കാം.

റഷ്യൻ, ബെലാറഷ്യൻ അത്ലറ്റുകളുടെ പങ്കാളിത്തം

2022 ഫെബ്രുവരിയിൽ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽ നിന്നും ബെലാറസിൽ നിന്നുമുള്ള അത്‌ലറ്റുകൾക്ക് ലോക കായിക വിനോദങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ കർശനമായ നിബന്ധനകൾക്ക് വിധേയമായി നിഷ്പക്ഷമെന്ന ബാനറിൽ ഒളിമ്പിക്സ് സംഘടന അവരുടെ വിലക്ക് മാറ്റി. ഗെയിംസിലേക്ക് ക്ഷണിക്കപ്പെടുന്നതിന്, മതിയായ നല്ല ഫലങ്ങൾ നേടിയ ഈ 'നിഷ്പക്ഷ വ്യക്തിഗത അത്ലറ്റുകൾ' രണ്ട് തവണ പരിശോധിക്കേണ്ടതുണ്ട്. ആദ്യം അന്താരാഷ്‌ട്ര സ്‌പോർട്‌സ് ഫെഡറേഷനുകളും പിന്നീട് ഐഒസിയും ഇവരെ പരിശോധിക്കും. യുക്രെയ്‌നിലെ യുദ്ധത്തെ സജീവമായി പിന്തുണച്ചിട്ടില്ലെന്നോ അവരുടെ രാജ്യങ്ങളുടെ സൈന്യവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നോ ഉറപ്പാക്കാൻ വേണ്ടിയാണിത്.

2020 ലെ ടോക്കിയോ ഒളിമ്പിക്‌സിൽ 330 റഷ്യക്കാരും 104 ബെലാറഷ്യന്മാരും ആണ് പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ ഏറ്റവും കൂടുതലായി 36 റഷ്യക്കാരും 22 ബെലാറസ്‌ക്കാരും പങ്കെടുക്കാനാണ് സാധ്യതയെന്ന് മാർച്ചിൽ ഐഒസി പറഞ്ഞിരുന്നു.എന്നിരുന്നാലും, ചൊവ്വാഴ്ചത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച്, 16 റഷ്യക്കാരും 17 ബെലാറഷ്യക്കാരും മാത്രമാണ് നിഷ്പക്ഷ ബാനറിൽ മത്സരിക്കാനുള്ള ക്ഷണം സ്വീകരിച്ചത്.

ഇരു രാജ്യങ്ങളെയും ടീം ഇവൻ്റുകളിൽ നിന്ന് ഐഒസി വിലക്കിയിട്ടുണ്ട്. അത്‌ലറ്റുകളെ ദേശീയ നിറങ്ങൾ ധരിക്കാൻ അനുവദിക്കില്ല. "AIN" എന്ന അക്ഷരങ്ങൾ പതിച്ച പച്ചക്കൊടിക്ക് കീഴിലാണ് ഇവർ മത്സരിക്കുക. ഉദ്ഘാടനച്ചടങ്ങിൽ അവർക്ക് സീൻ നദിയിൽ പരേഡ് നടത്താൻ കഴിയില്ല, കൂടാതെ മെഡൽ പട്ടികയിലും ഉൾപ്പെടുത്തില്ല. റഷ്യൻ ജിംനാസ്റ്റുകൾ ഒളിമ്പിക്സിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരാർഥികളെയെല്ലാം ലോക അത്ലറ്റിക്സ് നിരോധിച്ചിരിക്കുകയാണ്. ലോകറാങ്കിങ്ങിൽ മൂന്നാമതും പതിനാറാമതുമുള്ള വനിതാ ടെന്നീസ് കളിക്കാരായ അരിന സബലെങ്കയും വിക്ടോറിയ അസരെങ്കയും ഉൾപ്പെടെയുള്ളവർ ഒളിമ്പിക്സിന് എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?