അസിം മുനീര്‍ 
WORLD

അസിം മുനീര്‍ പാക് സൈനിക മേധാവി; ഇമ്രാന്‍ ഖാന്‍ പുറത്താക്കിയ ഐഎസ്‌ഐ തലവന്‍

ആറ് വര്‍ഷത്തെ സേവനത്തിന് ശേഷം നവംബര്‍ 29ന് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ വിരമിക്കുന്നതിനെ തുടര്‍ന്നാണ് അസിം മുനീറിന്റെ നിയമനം

വെബ് ഡെസ്ക്

ചാര സംഘടനയായ ഐഎസ്‌ഐ തലപ്പത്തുനിന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നീക്കിയ ജനറല്‍ അസിം മുനീര്‍ പാകിസ്താനിലെ പുതിയ സൈനിക മേധാവിയായി. ആറ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആസിമിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. നിയമനത്തിന് പ്രസിഡന്റ് ആരിഫ് ആല്‍വിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി മറിയം ഔറംഗസേബ് ട്വീറ്റ് ചെയ്തു. ആറ് വര്‍ഷത്തെ സേവനത്തിന് ശേഷം നവംബര്‍ 29ന് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ വിരമിക്കുന്നതിനെ തുടര്‍ന്നാണ് അസിം മുനീറിന്റെ നിയമനം. കരസേനാ മേധാവി സ്ഥാനത്ത് കാലാവധി നീട്ടിനൽകണമെന്ന ബജ്‌വയുടെ ആവശ്യം തള്ളിയിരുന്നു. അതേസമയം, ജോയിന്റ് ചീഫ് ഓഫ് സ്‌റ്റാഫ് കമ്മിറ്റി (സിജെസിഎസ്‌സി) ചെയർമാനായി ലെഫ്റ്റനന്റ് ജനറൽ സാഹിർ ഷംഷാദ് മിർസയെയും തിരഞ്ഞെടുത്തിട്ടുണ്ട്.

ഇമ്രാന്‍ ഖാനുമായി അത്ര സ്വരചേര്‍ച്ചയില്ലാത്തയാളെന്ന നിലയില്‍ ശ്രദ്ധേയനാണ് അസിം മുനീര്‍. ഐഎസ്‌ഐ മുന്‍ മേധാവിയായിരുന്ന മുനീറിനെ പദവിയേറ്റ് എട്ടാം മാസം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. അതു കൊണ്ടു തന്നെ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ വഷളാക്കുന്നതാണ് പുതിയ നിയമനമെന്നാണ് വിലയിരുത്തല്‍. നിലവില്‍ സേനാ ആസ്ഥാനമായ റാവല്‍പിണ്ടിയില്‍ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറലായി സേവനം അനുഷ്ഠിക്കുകയാണ് മുനീര്‍. ഐഎസ്‌ഐയ്ക്ക് പുറമേ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗത്തിലും മുനീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഇപ്പോഴത്തെ ജനറലായ ബജ്‌വയുടെ കീഴില്‍ സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്.

അസിം മുനീറിന്റെ നിയമനത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും നിയമനം ഭരണഘടനാനുസൃതമാണെന്നുമാണ് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണം. ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ പിൻഗാമിയാകാൻ ഏറ്റവും യോഗ്യതയുള്ള ആൾ മുനീറാണെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു. ആറ് വർഷം പാക് സൈനിക മേധാവിയുടെ കസേരയിലിരുന്ന 61കാരനായ ജനറല്‍ ബജ്‌വയുടെ സേവനകാലാവധി നീട്ടിനല്‍കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. നിലവിലെ സൈനിക മേധാവിയുമായി അസിം മുനീർ അടുത്ത അടുപ്പമാണ് പുലർത്തിയിരുന്നത്. ജനറല്‍ ബജ്‌വയുടെ താത്പര്യപ്രകാരമാണ് ഇമ്രാൻ, അസിം മുനീറിനെ ഐഎസ്ഐയുടെ മേധാവിയായി നിയമിച്ചതും.

2019 ഫെബ്രുവരി 14ന് കശ്‌മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയപ്പോൾ അസിം മുനീറായിരുന്നു ഐഎസ്ഐയുടെ മേധാവി. 40 ഇന്ത്യൻ ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. പുൽവാമ ആക്രമണത്തിനു പിന്നാലെ തന്ത്രപരമായ പല കാര്യങ്ങളിലും ഇമ്രാൻ ഖാനുമായി കൊമ്പുകോർത്തതോടെയാണ് അസിം മുനീറിനെ പുറത്താക്കിയത്.

കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് പാകിസ്താന്‍ സൈനിക മേധാവിയും കുടുംബവും കോടീശ്വരന്മാരായെന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തു വന്നിരുന്നു. സൈനിക മേധാവി ജനറൽ ബജ്‌വയുടെ അടുത്ത കുടുംബാംഗങ്ങളുടെ സ്വത്തിലും വൻ വർധനവുണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ജനറൽ ബജ്‌വയുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തായത്.  എന്നാല്‍, സൈനിക മേധാവിയുടെ കുടുംബത്തിന്‍റെ രഹസ്യ നികുതി രേഖകൾ "നിയമവിരുദ്ധവും" "അനാവശ്യമായ ചോർച്ചയും" ആണെന്ന് സർക്കാർ അവകാശപ്പെട്ടു. സംഭവം വിവാദമായതിന് പിന്നാലെ അടിയന്തര അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും  ഇത് നികുതി നിയമത്തിന്‍റെ ലംഘനവും ഔദ്യോഗിക രഹസ്യ വിവരങ്ങളുടെ ലംഘനവുമാണെന്നും പാക് ധനമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ പ്രതികരിച്ചു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം