WORLD

'രാത്രികളില്ലായിരുന്നെങ്കില്‍' സമാനതകളില്ലാത്ത യുദ്ധത്തിന്റെ അനുഭവങ്ങളുമായി ഗാസയിലെ മാനസികാരോഗ്യ വിദഗ്ധര്‍

യുണൈറ്റഡ് പലസ്തീന്‍ അപ്പീലില്‍ (യുപിഎ) പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ വിദഗ്ധരാണ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്.

വെബ് ഡെസ്ക്

ഗാസയില്‍ നിന്ന് ഓരോ നിമിഷവും വരുന്ന വാര്‍ത്തകളും ദൃശ്യങ്ങളും മനുഷ്യരാശിയെ ഞെട്ടിപ്പിക്കുന്നതാണ്. നവജാതശിശുക്കളടക്കം മരിച്ചുവീഴുന്ന, ആശുപത്രികളും അഭയാര്‍ഥി ക്യാമ്പുകളുമടക്കം അക്രമത്തിനിരയാകുന്ന മനുഷ്യത്വരഹിതമായ കാഴ്ചയാണ് ഒക്ടോബര്‍ ഏഴിന് ശേഷം കണ്ടുവരുന്നത്. പലസ്തീനികള്‍ മാത്രമല്ല, അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ പോലും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. പലസ്തീനിലെ ഇത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് പലസ്തീനികള്‍ക്കായി ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക-സാമൂഹിക വികസനം എന്നിവയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ യുണൈറ്റഡ് പലസ്തീന്‍ അപ്പീലില്‍ (യുപിഎ) പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ വിദഗ്ധര്‍.

ഗാസ മുനമ്പില്‍ നിന്നും ആക്രമണത്തിന്റെ 17ാം ദിവസം തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് തെക്കന്‍ ഗാസയിലേക്ക് മാറിയതാണ് യുപിഎയിലെ അംഗമായ ഗാസയില്‍ മാനസികാരോഗ്യ വിദഗ്ധയായ യാസ്മിന്‍ അയ്യൂബ്. തെക്കന്‍ ഗാസ സുരക്ഷിതമാണെന്ന് കരുതിയ യാസ്മിന്‍, അനുഭവങ്ങളിലൂടെ ഗാസയില്‍ എവിടെയും ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കുകയായിരുന്നു. എവിടെയിരുന്നാലും മരിക്കുമെന്ന് തിരിച്ചറിഞ്ഞ യാസ്മിനും പങ്കാളിയായ മുഹമ്മദും വീട്ടില്‍തന്നെ മരിക്കാമെന്നും അവിടെയാണെങ്കില്‍ തങ്ങള്‍ രക്തസാക്ഷിയായി മരിക്കുകയാണെന്ന് ആളുകള്‍ക്ക് മനസിലാകുമെന്നും ചര്‍ച്ച ചെയ്തിരുന്നു.

ആക്രമണം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പാണ് മുഹമ്മദിന്റെയും യാസ്മിന്റെയും മകള്‍ മരിക്കുന്നത്. ഗാസയിലെ ആശുപത്രികളില്‍ മാസം തികയും മുമ്പ് ജനിക്കുന്ന കുട്ടികളെ പരിപാലിക്കാന്‍ ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാലാണ് ഇവരുടെ മകള്‍ക്ക് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ലോകം വെടിയേണ്ടി വന്നത്. തുടര്‍ന്ന് പരസ്പരം സ്‌നേഹവും കരുതലും പങ്കുവച്ച് ജീവിക്കുകയായിരുന്നു ഇരുവരും. തന്റെ പങ്കാളിക്ക് സുരക്ഷിത തണലൊരുക്കാന്‍ മുഹമ്മദ് കണ്ടുപിടിച്ച വഴി വീടിന്റെ പടിക്കെട്ടുകള്‍ക്കിടയില്‍ സ്ഥലമൊരുക്കുകയായിരുന്നു. പ്രധാനപ്പെട്ട പേപ്പറുകളും പണവും അടങ്ങുന്ന ബാഗും വസ്ത്രങ്ങള്‍ അടങ്ങുന്ന മറ്റൊരു ബാഗും അടുത്ത് വച്ചാണ് താന്‍ കിടക്കാറെന്ന് യാസ്മിന്‍ പറയുന്നുണ്ടെങ്കിലും ഒരു അടിയന്തര ഘട്ടത്തില്‍ ഇതൊന്നും ഉപയോഗിക്കില്ലെന്ന് ബോധ്യമുണ്ടെന്ന് യാസ്മിന്‍ കൂട്ടിച്ചേര്‍ക്കുന്നു. പക്ഷേ ഒരു സുരക്ഷിതത്വ ബോധം തോന്നാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

ഓരോ നിമിഷവും മരിക്കുമെന്ന ഭീതിയിലാണ് തങ്ങള്‍ ജീവിക്കുന്നതെന്നാണ് ഭയം കാരണം പേര് വെളിപ്പെടുത്താന്‍ സാധിക്കാത്ത മാനസികാരോഗ്യ വിദഗ്ധന്റെ അഭിപ്രായം. പറ്റുന്ന രീതിയിലെല്ലാം ഭക്ഷണവും കുടിവെള്ളവും പങ്കുവച്ചാണ് ജീവിക്കുന്നതെന്നും രാത്രിയിലെ ആക്രമണങ്ങളെ പേടിച്ച് മൂന്ന്- നാല് മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളുവെന്നും അദ്ദേഹം പറയുന്നു. തന്റെ ഒന്നര വയസുകാരനായ മകന് അമ്മയുടെയോ തന്റെയോ ലാളന ലഭിക്കുന്നില്ല. നഴ്‌സിന്റെ പരിചരണത്തിലാണ് കുഞ്ഞ്. ഈ സാഹചര്യത്തിലും ഒരു നിമിഷം കൊണ്ട് ഇവയെല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഈ മാനസികാരോഗ്യ വിദഗ്ധന്‍.

രാത്രികളില്ലാതിരുന്നെങ്കിലെന്നാണ് മറ്റൊരു വിദഗ്ധന്റെ ആഗ്രഹം. രാത്രിയെ ആയുധമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും ഭീതിയുടെ രാത്രികളാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറയുന്നു. പേടി കാരണമാണെങ്കിലും കുട്ടികള്‍ ഉറങ്ങുന്ന സമയത്ത് തങ്ങള്‍ ദൈവത്തോട് നന്ദി പറയുന്നു. മുതിര്‍ന്നവര്‍ പ്രാര്‍ഥിച്ച് ജീവിക്കുന്നു. പങ്കാളികള്‍ അവര്‍ക്ക് സാധിക്കുന്ന തരത്തില്‍ ഭക്ഷണമുണ്ടാക്കി നല്‍കി കുട്ടികളെ സംരക്ഷിക്കുന്നു. ജീവിക്കാനാവശ്യമായ വകകള്‍ തേടി ഭര്‍ത്താക്കന്മാര്‍ ആത്മാവും കയ്യില്‍ പിടിച്ചാണ് പുറത്തേക്ക് പോകുന്നത്. തങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നതും നാളേക്കുള്ള പ്രതീക്ഷ അതാണെന്നുംപറഞ്ഞ് പരസ്പരം സമാധാനിപ്പിക്കുകയാണ് ഇവര്‍.

തന്നെ സംബന്ധിച്ച് ഈ യുദ്ധം മുമ്പത്തെ ഒരു യുദ്ധത്തിനും സമാനമല്ലെന്നാണ് ഹയാത്ത് എന്ന് പേര് നല്‍കിയിരിക്കുന്ന അജ്ഞാതന്റെ അഭിപ്രായം. മുപ്പത് വര്‍ഷത്തെ തന്റെ ജീവിതത്തില്‍ ബുദ്ധിമുട്ടേറിയ പല നിമിഷങ്ങളിലും തന്റെ ശക്തി മനസിലാക്കിയിട്ടുണ്ട്. കുടുംബത്തില്‍ എല്ലാവര്‍ക്കും ആശ്രയിക്കാന്‍ പറ്റിയാളായിരുന്നു താനെന്നും എന്നാല്‍ ഇപ്പോളങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു. സുരക്ഷിതമെന്നു കരുതിയ വീട്ടില്‍ അമ്മയും താനും സംസാരിച്ചിരിക്കുമ്പോഴാണ് ഒക്ടോബര്‍ 13ന് ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ ആളുകള്‍ നിലവിളിച്ച് കൊണ്ട് വീടുകളില്‍ നിന്നു പലായനം ചെയ്യുന്ന കാഴ്ച കാണുന്നത്. നേരത്തെ തയ്യാറാക്കി വച്ച പ്രധാന രേഖകളടങ്ങുന്ന ബാഗുമെടുത്ത് എങ്ങനെയാണ് ഓടി രക്ഷപ്പെട്ടതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അവിടെ നിന്നു പലായനം ചെയ്യുന്നതിനിടയില്‍ തന്റെ സഹോദരനെ കാണാതായതും മാതാവ് അവരെ ഫോണ്‍ വിളിക്കുന്നതിനിടയില്‍ കൈ വിറയ്ക്കുന്നതും അവന്‍ ഓര്‍മിക്കുന്നുണ്ട്. അയല്‍വാസികളെ രക്ഷിക്കുകയാണെന്നായിരുന്നു സഹോദരന്റെ മറുപടി. തന്റെ ജീവന് പ്രാധാന്യം നല്‍കാതെ മറ്റുള്ളവരെ രക്ഷിക്കാന്‍ വേണ്ടി സഹോദരന്‍ ചെയ്ത് പ്രവൃത്തിയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആറ് വയസുകാരിയായ ബന്ധുവിന്റെ മുഖത്തു കണ്ട ഭയപ്പാട് ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറയുന്നു.

തെക്കന്‍ ഗാസയിലേക്ക് വീട് മാറണമെന്ന് പറഞ്ഞുള്ള ഇസ്രയേലിന്റെ അറിയിപ്പ് വന്ന ദിവസത്തെ ഓര്‍ക്കുകയാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മാനസികാരോഗ്യ വിദഗ്ധന്‍. അറിയിപ്പ് ലഭിച്ചയുടനെ ആരെ രക്ഷിക്കുമെന്ന അങ്കലാപ്പിലായിരുന്നു അദ്ദേഹം. അയല്‍വാസികള്‍ക്ക് കാറുള്ളതിനാല്‍ അതില്‍ രക്ഷപ്പെട്ടെന്നും തനിക്ക് വാഹനമില്ലാത്തതിനാല്‍ ആശങ്കയിലായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

വാഹനമുണ്ടെങ്കിലും നിരവധിപ്പേര്‍ അടങ്ങുന്ന കുടുംബത്തില്‍ ആരെ രക്ഷിക്കുമെന്ന ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു. കഷ്ടപ്പെട്ട് നിര്‍മിച്ച വീട് വിട്ടിറങ്ങുകയാണോയെന്ന ഭാര്യയുടെ ചോദ്യത്തിനു മകനാണ് മറുപടി നല്‍കിയത്. 'ഇപ്പോള്‍ വീട് വിട്ടിറങ്ങാമെന്നും ജീവനോടെയുണ്ടെങ്കില്‍ തിരിച്ച് വരാമെന്നും അല്ലെങ്കില്‍ സ്വര്‍ഗത്തിലേക്ക് പോകാമെന്നുമുള്ള മകന്റെ മറുപടി'യെ അഭിമാനത്തോടെയാണ് പിതാവ് ഓര്‍മിക്കുന്നത്. ഈ കുട്ടി അച്ഛനെപ്പോലെയായതില്‍ സന്തോഷമാണോ അതോ 11ാം വയസില്‍ മരണമെങ്കില്‍ അത് സ്വീകരിക്കാമെന്ന അവന്റെ മറുപടിയില്‍ ദു:ഖമാണോ ഉണ്ടായതെന്ന് ഇപ്പോഴും അറിയില്ലെന്ന് ഈ പിതാവ് പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ