WORLD

ഇറാനിൽ വനിതാ രാഷ്ട്രീയ തടവുകാർ വധശിക്ഷ ഭീഷണിയിൽ; ജൂലൈയിൽ തൂക്കിക്കൊന്നത് 87 ആളുകളെ

വെബ് ഡെസ്ക്

ഇറാനിൽ തടവിലാക്കപ്പെട്ട വനിതാ ആക്ടിവിസ്റ്റുകൾ കഴിയുന്നത് വധശിക്ഷ ഭീഷണിയിൽ. ഇറാന്റെ പുതിയ പ്രസിഡന്റായി മസൂദ് പെസഷ്‌കിയാൻ അധികാരത്തിലേറിയതിന് പിന്നാലെ വർധിച്ച കൂട്ടവധശിക്ഷകളുടെ എണ്ണമാണ് സ്ത്രീ അവകാശങ്ങൾക്കായി പോരാടിയവരുടെ ഭാവി ആശങ്കയിലാക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ 87 പേരുടെ വധശിക്ഷയാണ് ഇറാനിൽ നടപ്പിലാക്കിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പേർ ഉൾപ്പെടെ ഇറാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ എഴുപതോളം സ്ത്രീകളാണ് രാഷ്ട്രീയ തടവുകാരായി കഴിയുന്നത്.

മതകാര്യ പോലീസിന്റെ കസ്റ്റഡിയിൽ മർദ്ദനമേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ രണ്ടാം ചരമവാർഷികം നടക്കാനിരിക്കെ കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയേക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകൾ ഭയക്കുന്നത്. കള്ളക്കേസുകളുടെ പേരിൽ ഇറാനി ജയിലിൽ കഴിയുന്ന നിരവധി വനിതാ രാഷ്ട്രീയ തടവുകാർ വധശിക്ഷ ഭീഷണിയിൽ കഴിയുകയാണെന്നാണ് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാൻ (സിഎച്ച്ആർഐ) അഭിപ്രായപ്പെടുന്നത്.

മഹ്‌സ അമിനിയുടെ മരണത്തിന് ശേഷം നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയുണ്ടായ വധശിക്ഷകളുടെ വർദ്ധനവ്, ഇറാനിലെ ന്യൂനപക്ഷങ്ങളെയാണ് ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്

ഇസ്ലാമിക റിപ്പബ്ലിക്കിലെ മതയാഥാസ്ഥിതിക ഭരണകൂടത്തെ വെല്ലുവിളിച്ച വനിതാ ആക്ടിവിസ്റ്റുകളെ തൂക്കുമരം കാട്ടി ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് സിഎച്ച്ആർഐ പറയുന്നത്. ജൂലൈയിൽ ഒരൊറ്റ ദിവസം 29 പേരുടെ വധശിക്ഷയാണ് ഇറാനി ഭരണകൂടം നടപ്പാക്കിയത്. 'വുമൺ, ലൈഫ്, ഫ്രീഡം' പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു റെസ റസായി എന്ന യുവാവിനെ വധിച്ചത്. അതിനെതിരെ ജയിലിൽ പ്രതിഷേധിച്ചതിന് നർഗീസ് മൊഹമ്മദി ഉൾപ്പെടെയുള്ളവരെ പോലീസ് മർദിച്ചതായും റിപ്പോർട്ടുണ്ട്.

വനിതാ വാർഡിൽ ജയിൽ ഗാർഡുകളും സെക്യൂരിറ്റി ഏജൻ്റുമാരും കയറിച്ചെന്ന്, റെസ റസായിയുടെ വധശിക്ഷയിൽ പ്രതിഷേധിച്ചവരെയെല്ലാം മർദിക്കുകയായിരുന്നുവെന്ന് നൊബേൽ സമ്മാന ജേതാവ് നർഗീസിയുടെ കുടുംബം ആരോപിച്ചിരുന്നു. ഗാർഡുകൾ തുടർച്ചയായി മർദിച്ചതിനെ തുടർന്ന് നർഗസ് കുഴഞ്ഞുവീഴുകയും ബോധരഹിതയാവുകയും ചെയ്തതായും കുടുംബം പറഞ്ഞു. ഇറാനി ജയിലുകളിൽ സ്ത്രീകൾക്ക് സമയബന്ധിതവും ഉചിതവുമായ ആരോഗ്യ സംരക്ഷണം നിഷേധിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകളെ യുഎൻ മനുഷ്യാവകാശ വിദഗ്ധർ അപലപിക്കുകയും ചെയ്തിരുന്നു.

റെസ റസായിയുടെ പോസ്റ്റർ

ഇറാനി ഭരണകൂടത്തിനെതിരെ നിലപാടെടുത്തുവെന്ന പേരിലാണ് മിക്കവരെയും തൂക്കികൊല്ലുന്നത്. കുർദിഷ് വനിതകളുടെ അവകാശത്തിനായി പോരാടിയ നാല്പതുകാരനായ അസീസിയെ ചോദ്യം ചെയ്യൽ വേളയിൽ കൊടിയ പീഡനങ്ങൾക്ക് വിധേയനാക്കിയിരുന്നു. 'മോക് എക്സിക്യൂഷൻ' ഉൾപ്പെടെയുള്ള മാനസിക പീഡനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. ഭരണകൂടത്തിനെതിരെയുള്ള ഒറ്റക്കെട്ടായ പോരാട്ടങ്ങളെ തകർക്കാനാണ് സ്ത്രീകൾക്കും വംശീയ ന്യൂനപക്ഷങ്ങൾക്കും എതിരായ വധശിക്ഷകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.

2022 സെപ്റ്റംബറിലെ മഹ്‌സ അമിനിയുടെ മരണത്തിന് ശേഷം നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയുണ്ടായ വധശിക്ഷകളുടെ വർദ്ധന, ഇറാനിലെ ന്യൂനപക്ഷങ്ങളെയാണ് ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. വംശീയ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകൾക്കെതിരെ അടുത്തിടെ നിരവധി വധശിക്ഷകൾ വിധിച്ചത് അതിനെ ഭാഗമാണെന്ന് യു എൻ ദൗത്യസംഘവും പറയുന്നു. കെട്ടിച്ചമച്ച കുറ്റങ്ങളും നിർബന്ധിത കുറ്റസമ്മതങ്ങളും അടിസ്ഥാനമാക്കിയാണ് ഇവയെല്ലാം നടക്കുന്നത്. ഇറാനി സമൂഹത്തിനിടയിലേക്ക് ഭയം വ്യാപിപ്പിച്ച് വിമത ശബ്ദങ്ങളെയെല്ലാം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മനുഷ്യവകാശ സംഘടനകൾ പറയുന്നു.

മഹ്സയുടെ മരണത്തെത്തുടർന്ന് വലിയ പ്രതിഷേധമാണ് ഇറാനിലുടനീളം അരങ്ങേറിയത്. രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമടക്കം നിരവധിപേർ സർക്കാരിനെതിരെ രംഗത്തെത്തിയത്. പ്രക്ഷോഭത്തിൽ, പ്രായപൂർത്തിയാകാത്ത 71 പേർ ഉൾപ്പെടെ അഞ്ഞൂറിലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് ആളുകൾ അറസ്റ്റിലാവുകയും ചെയ്തു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും