WORLD

ഫിന്‍ലന്‍ഡ് ആദ്യം, മറ്റു രാജ്യങ്ങളും ഒരുങ്ങുന്നു; ഇനി പാസ്‌പോര്‍ട്ട് കൈയില്‍ കരുതേണ്ട, വരുന്നു ഡിജിറ്റല്‍ പാസ്‌പോര്‍ട്ട്

ഫിൻ എയർ, ഫിന്നിഷ് പോലീസ്, എയർപോർട്ട് ഓപ്പറേറ്റർ ഫിനാവിയ എന്നിവയുടെ സഹകരണത്തോടെ ഓഗസ്റ്റ് 28 നാണ് സംരംഭം ആരംഭിച്ചത്

വെബ് ഡെസ്ക്

അന്താരാഷ്‌ട്ര യാത്രകൾ കൂടുതല്‍ സുഗമമാക്കാന്‍ ഡിജിറ്റൽ പാസ്‌പോർട്ടുകൾ പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഫിൻലൻഡ്. ഹെൽസിങ്കിയിൽ നിന്ന് യുകെയിലേക്ക് പുറപ്പെടുന്ന ഫിൻലൻഡ് യാത്രക്കാർക്ക് ഇനി ഫിസിക്കൽ പാസ്‌പോർട്ടിന് പകരം മൊബൈലിൽ ഡിജിറ്റൽ ഐഡി കാണിച്ചാൽ മതിയാകും. ഫിൻ എയർ, ഫിന്നിഷ് പോലീസ്, എയർപോർട്ട് ഓപ്പറേറ്റർ ഫിനാവിയ എന്നിവയുടെ സഹകരണത്തോടെ ഓഗസ്റ്റ് 28 നാണ് ഈ സംരംഭം ആരംഭിച്ചത്. ഡിജിറ്റൽ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ 2024 ഫെബ്രുവരി വരെ ഫിന്നിഷ് ബോർഡർ ഗാർഡ് നടത്തും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഫിൻ ഡിടിസി പൈലറ്റ് ഡിജിറ്റൽ ട്രാവൽ ഡോക്യുമെന്റ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതാണ് ഇതിന്റെ ആദ്യ കടമ്പ. ആപ്പ് ഉപയോ​ഗിച്ച് തുടങ്ങുന്നതിന് മുൻപ് പിൻ നമ്പർ, ഫിങ്കർപ്രിന്റ് അല്ലെങ്കിൽ ഫെയ്‌സ് ഐഡി പോലുള്ള ഫോൺ സ്‌ക്രീൻ ലോക്കിങ് രീതി സജ്ജീകരിക്കണം.

തുടർന്ന് യാത്രക്കാർ വാന്റാ മെയിൻ പോലീസ് സ്റ്റേഷന്റെ ലൈസൻസ് സേവനങ്ങളിൽ രജിസ്റ്റർ ചെയ്യണം. ശേഷം ഡിജിറ്റൽ പാസ്പോർട്ട് തയ്യാറാക്കുന്നതിന് ഈ രജിസ്ട്രേഷനിൽ ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് സാധുവായ ഫിസിക്കൽ പാസ്പോർട്ട് ഹാജരാക്കണം. തിരിച്ചറിയൽ ആവശ്യങ്ങൾക്കായി ഫോട്ടോയും സമ്മതപത്രവും സമർപ്പിക്കണം.

രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ 2024 ഫെബ്രുവരിയിൽ ട്രയൽ അവസാനിക്കുന്നതുവരെ യാത്രക്കാർക്ക് യുകെയിലേക്ക് നേരിട്ട് യാത്ര ചെയ്യുമ്പോഴും ഹെൽസിങ്കി എയർപോർട്ടിലേക്ക് ഫിന്നെയർ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുമ്പോഴും പാസ്‌പോർട്ടിന് പകരമായി ഡിജിറ്റൽ ട്രാവൽ ക്രെഡൻഷ്യൽ (DTC) ഉപയോഗിക്കാം. ഓരോ യാത്ര പുറപ്പെടുന്നതിന് ഏറ്റവും കുറഞ്ഞത് നാല് മണിക്കൂർ മുമ്പായി യാത്രക്കാർ അവരുടെ പാസ്പോർട്ട് വിവരങ്ങൾ ആപ്പ് വഴി ഫിന്നിഷ് ബോർഡർ ഗാർഡിന് കൈമാറിയിരിക്കണം.

നിരവധി രാജ്യങ്ങൾ സമാനമായ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഫിൻലൻഡുമായി യോജിച്ച്, പോളണ്ട്, ദക്ഷിണ കൊറിയ, അമേരിക്ക, യുകെ എന്നിവരും ഡിജിറ്റൽ പാസ്‌പോർട്ട് പദ്ധതികൾ വികസിപ്പിക്കാൻ ഒരുങ്ങുകയാണ്. 2021-ൽ, യുക്രെയ്ൻ ഡിജിറ്റൽ പാസ്‌പോർട്ടുകൾക്ക് ഫിസിക്കൽ പാസ്പോർട്ടിന്റെ അതേ നിയമപരമായ പദവി നൽകിയിരുന്നു.

കോവിഡ്-19 പരിശോധനാ ഫലങ്ങളും യാത്രക്കാർക്കുള്ള വാക്‌സിനേഷൻ രേഖകളും അവതരിപ്പിക്കുന്ന ഡിജിറ്റൽ ഹെൽത്ത് പാസ്‌പോർട്ടായ ഹെൽത്ത്‌സെർട്‌സ് 2021 ഫെബ്രുവരിയിലാണ് സിംഗപ്പൂർ അവതരിപ്പിച്ചത്. കൂടാതെ, ചൈന, എസ്റ്റോണിയ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളും ഡിജിറ്റൽ വാക്സിൻ പാസ്പോർട്ടുകൾ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയിൽ 2023 ജൂൺ 24-ന് പാസ്‌പോർട്ട് സേവാ ദിനത്തിൽ, പുതിയതും മെച്ചപ്പെടുത്തിയതുമായ ഇ-പാസ്‌പോർട്ടുകൾ ഉൾപ്പെടുന്ന പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന്റെ (PSP- പതിപ്പ് 2.0) രണ്ടാം ഘട്ടം ആരംഭിക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രഖ്യാപിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ