ഇറാനില്‍ രാഷ്ട്രീയ തടവുകാരെയും മാധ്യമപ്രവര്‍ത്തകരെയും വിദേശപൗരന്മാരെയും പാര്‍പ്പിച്ചിരിക്കുന്ന എവിന്‍ ജയിലില്‍ തീപിടിത്തവും വെടിവെപ്പും സംഘര്‍ഷവും. ശനിയാഴ്ച രാത്രിയോടെയാണ് വടക്കൻ ടെഹ്റാനിലെ ജയിലില്‍ സംഘര്‍ഷ സാഹചര്യം രൂപപ്പെട്ടത്. ഇറാനില്‍ ഏതാനും ആഴ്ചകളായി നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിലും സര്‍ക്കാര്‍ വിരുദ്ധ മുന്നേറ്റങ്ങളിലും പിടിയിലാക്കപ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്നതും എവിന്‍ ജയിലിലാണ്. എട്ടിലേറെ പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റതായാണ് പ്രാഥമിക വിവരം.
ജയിലിലെ ചില തടവുകാരാണ് തീപിടിത്തത്തിനും സംഘര്‍ഷത്തിനും പിന്നിലെന്ന് ഇറാൻ സുരക്ഷാ വിഭാഗം അറിയിച്ചു. ജയിലിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചവരെ മറ്റ് തടവുകാരിൽ നിന്ന് മാറ്റിപാർപ്പിച്ചതായും സുരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. നിലവില്‍ സ്ഥിതികള്‍ ശാന്തമാണ്. തടവുകാരോട് ക്രൂരമായി പെരുമാറുന്നതിനും പീഡിപ്പിക്കുന്നതിനും കുപ്രസിദ്ധി നേടിയ ജയില്‍ കൂടിയാണ് എവിൻ.
ഓസ്‌ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ മനുഷ്യാവകാശ സംഘടന ട്വിറ്ററിൽ പങ്കുവെച്ച തീപിടുത്തത്തിന്റെ ദൃശ്യങ്ങളിൽ ജയിലിന്റെ ഭാഗത്ത് നിന്നും കറുത്ത പുക ആകാശത്തേക്ക് ഉയരുന്നതായി കാണുന്നുണ്ട്. പുകയ്ക്ക് ശേഷം പൊട്ടിത്തെറികളുടെയും വെടിവെപ്പുകളുടെയും ശബ്ദവും ജയിലിലെ തടവുകാർ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിലെ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും കേൾക്കാം.
ആശയവിനിമയ സംവിധാനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടതോടെ ജയിലിലെ തടവുകാരുടെ സാഹചര്യത്തെ കുറിച്ച് യാതൊരു വിവരവും ലഭ്യമാകുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ തടവില്‍ പാര്‍പ്പിച്ചവര്‍ക്കെതിരായ പോലീസിന്റെ നീക്കമാണോ ജയിലിലെ തീപിടിത്തമെന്ന സംശയവും അവര്‍ ഉന്നയിക്കുന്നു. വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണെന്ന ആവശ്യവുമായി വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. ഇറാൻ സർക്കാരിന് തടവുകാരുടെ ജീവന്‍ സംരക്ഷിക്കാനുമുള്ള ബാധ്യതയുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു.
ഇറാനിൽ അഞ്ചാം ആഴ്ചയും സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ തുടരുകയാണ്. സെപ്റ്റംബര്‍ അവസാനം മാത്രം 23 വിദ്യാര്‍ത്ഥികള്‍ സുരക്ഷാസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. രാജ്യത്തെ സദാചാര പോലീസിന്റെ കസ്റ്റഡിയിലായിരുന്ന മഹ്‌സ അമിനി എന്ന 22 കാരി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.