WORLD

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

സൗദിയിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ്‌ അഞ്ച് ഗൾഫ് രാജ്യങ്ങളിലും ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്

വെബ് ഡെസ്ക്

ഒമാൻ ഒഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ. മാസപ്പിറവി കാണാത്തതിനാൽ, ഒമാനിൽ നാളെയാകും പെരുന്നാൾ ആഘോഷം. സൗദിയിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ്‌ അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്. സൗദിയിലെ മൂൺ സൈറ്റിങ് കമ്മിറ്റിയാണ് മാസപ്പിറവി കണ്ടതായി ആദ്യം അറിയിച്ചത്. പിന്നാലെ യുഎഇയും ബഹ്‌റൈനും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും ഈദുൽ ഫിത്തർ പ്രഖ്യാപിക്കുകയായിരുന്നു. പെരുന്നാൾ നമസ്കാരത്തിൽ പ്രവാസി മലയാളികൾ അടക്കം പങ്കാളികളാകും. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ആദ്യ ചെറിയ പെരുന്നാളെന്ന പ്രത്യേകതയും ഇതവണയുണ്ട്.

പെരുന്നാൾ വെള്ളിയാഴ്ച ആയതിനാൽ, ഈദ് നമസ്കാരവും വെള്ളിയാഴ്ച പ്രാർഥനയും രണ്ടായി നടത്തണമെന്നാണ് യുഎഇയില്‍ നിർദേശം

മക്കയിലും മദീനയിലും വലിയ സൗകര്യങ്ങളാണ് ഇത്തവണ വിശ്വാസികൾക്കായി ഒരുക്കിയിരിക്കുന്നത്. മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും പെരുന്നാൾ നമസ്കാരത്തിന് ദശലക്ഷ കണക്കിന് വിശ്വാസികളാണ് എത്തുന്നത്. യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്‌ എന്നിവിടങ്ങളിൽ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരമുണ്ടാകും. രണ്ട് ഈദ് ഗാഹുകളാണ് യുഎഇയിൽ മലയാളികൾക്കായി ഒരുക്കിയിട്ടുള്ളത്. ഷാർജയിൽ ഹുസൈൻ സലഫിയും ദുബൈയിൽ അബ്ദുസലാം മൗലവി മോങ്ങവും നമസ്കാരത്തിന് നേതൃത്വം നൽകും. ഗൾഫിന്റെ വിവിധ ഭാഗങ്ങളിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിലും പെരുന്നാൾ നമസ്കാരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. പെരുന്നാൾ വെള്ളിയാഴ്ച ആയതിനാൽ, ഈദ് നമസ്കാരവും വെള്ളിയാഴ്ച പ്രാർഥനയും രണ്ടായി നടത്തണമെന്നാണ് യുഎഇയില്‍ നിർദേശം.

സൗദിയിൽ മാത്രം ഇരുപതിനായിരത്തിലേറെ പള്ളികളിലാണ് നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ ചെയ്തിരിക്കുന്നത്. യുഎഇയിൽ വിവിധയിടങ്ങളിലായി വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. അബുദാബി യാസ് ഐലൻഡ്, ഗ്ലോബൽ വില്ലേജ്, കോർണിഷ് റോഡ് എന്നിവിടങ്ങളിൽ വെടിക്കെട്ട് നടത്താനും തീരുമാനമുണ്ട്. ഈദുൽ ഫിത്തർ പ്രമാണിച്ച് ഒമാനിൽ 89 വിദേശികളടക്കം 198 തടവുകാരെ വിട്ടയക്കുന്നതായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാനിൽ കേരളത്തിനൊപ്പം നാളെയാണ് പെരുന്നാൾ. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ചയാകും കേരളത്തിൽ ചെറിയ പെരുന്നാളെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ചെറിയ പെരുന്നാൾ പ്രമാണിച്ച് ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇന്നും നാളെയും പൊതു അവധിയായിരിക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ