കറാച്ചി ഭീകരാക്രമണത്തില്‍ അഞ്ച് ഭീകരരടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് പോലീസ് ഭീകരരെ കീഴ്‌പ്പെടുത്തിയത്. മൂന്ന് ഭീകരര്‍ ചാവേറാവുകയും രണ്ട് പേരെ പോലീസ് വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ആക്രമണത്തില്‍ രണ്ട് പോലീസുകാരടക്കം നാല് പേരും കൊല്ലപ്പെട്ടു. പാകിസ്താന്‍ താലിബാനാണ് ആക്രമണത്തിന് പിന്നില്‍. 18ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അഞ്ച് നില കെട്ടിടത്തില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. രാത്രി 11 മണിയോടെയാണ് പോലീസ് നടപടി അവസാനിച്ചത്.
വെള്ളിയാഴ്ച രാത്രി പാകിസ്താന്‍ സമയം 7.10 ഓടെയാണ് കറാച്ചി പോലീസ് ആസ്ഥാനത്ത് ആക്രമണം നടന്നത്. അതീവ സുരക്ഷാ മേഖലയിലേക്ക് പോലീസ് യൂണിഫോമിലാണ് ഭീകരരെത്തിയതെന്നാണ് നിഗമനം. പെഷവാറില്‍ 80 പോലീസുകാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് പാകിസ്താമെ നടുക്കിയ രണ്ടാമത്തെ ഭീകരാക്രമണം ഉണ്ടാവുന്നത്. തെഹരിക് -ഇ- താലിബാന്‍ പാകിസ്താന്‍ ആക്രമണത്തിന്‌റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. പെഷവാറിലും പോലീസ് വേഷത്തിലാണ് അക്രമികള്‍ എത്തിയത്. അഞ്ച് നില കെട്ടിടത്തില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. രാത്രി 11 മണിയോടെയാണ് പോലീസ് നടപടി അവസാനിച്ചത്.
സംഭവത്തെ അപലപിച്ച പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഭീകരവാദത്തിനെതിരെ രാജ്യം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കി. ആക്രമണത്തിന്‌റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി. കറാച്ചി വഴിയുള്ള പ്രധാന പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.