WORLD

ഗാസയിൽ ഭക്ഷ്യ പ്രതിസന്ധി രൂക്ഷം; വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയില്‍ ഇന്ന് വോട്ടിങ്

വെബ് ഡെസ്ക്

ഗാസയിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവുമൂലമുള്ള പ്രതിസന്ധി രൂക്ഷം. രണ്ടുമാസം പിന്നിടുന്ന ഹമാസ് ഇസ്രയേൽ സംഘർഷത്തിൽ വീണ്ടുമൊരു വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ഇന്ന് വോട്ടിങ് നടക്കും. കഴിഞ്ഞ വെള്ളിയാഴ്ച സുരക്ഷാ സമിതിയിൽ മുന്നോട്ടുവച്ച വെടിനിർത്തൽ ആവശ്യം അമേരിക്ക വീറ്റോ ചെയ്തതിനു ശേഷം മാത്രം ഏകദേശം നൂറിലേറെപ്പേർ ഗാസയിൽ മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഗാസയിൽ സ്വന്തം വീടുവിട്ടിറങ്ങേണ്ടി വന്ന 23 ലക്ഷം ജനങ്ങളും ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്നതായാണ് വിവരങ്ങൾ. ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം പ്രകാരം ഗാസയിലെ മുഴുവൻ ജനസംഖ്യയുടെ പകുതിയും ഇപ്പോൾ വിശന്നിരിക്കുന്നു എന്നാണ് കണക്കാക്കുന്നത്.

സ്വന്തം വീടുകളിൽ നിന്ന് ഇറങ്ങേണ്ടിവന്ന നിരവധിപേർ മരിച്ചത് ഭക്ഷണം കിട്ടാതെയോ തണുപ്പ് സഹിക്കാനാകാതെയോ ആണെന്നാണ് ഗാസയിലെ ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ബോംബ് ആക്രമണവും ആവശ്യസാധനങ്ങളെത്തിക്കുന്ന ട്രക്കുകൾ അക്രമിക്കുന്നതുമാണ് മറ്റൊരു കാരണമെന്നും പറയുന്നു.

എന്നാൽ ആളുകളോട് മാറിപ്പോകാൻ ആവശ്യപ്പെടുന്നത് തങ്ങൾ ജനങ്ങൾക്ക് അത്രയും പ്രാധാന്യം നൽകുന്നതുകൊണ്ടാണെന്നാണ് ഇസ്രയേലിന്റെ വാദം. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ അതിർത്തി കടന്നുള്ള ആക്രമണവും അതിന്റെ ഭാഗമായി 1200ഓളം പേരുടെ ജീവനെടുക്കുകയും 240 പേരെ തടവിലാക്കുകയും ചെയ്ത ഹമാസിന്റെ നടപടിക്കെതിരെയാണ് ഈ നീക്കമെന്നും ഇസ്രയേൽ പറയുന്നു. നിലവിൽ 100 തടവുകാർ സ്വതന്ത്രരാക്കപ്പെട്ടു.

ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ ഏകദേശം 18205 പേർ മരിക്കുകയും, 50000 പേർക്ക് പരുക്ക് പറ്റിയതായുമാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. നേരത്തെ സുരക്ഷാ സമിതിയിൽ അമേരിക്ക എതിർത്ത വെടിനിർത്തൽ, 193 അംഗങ്ങളുള്ള ജനറൽ അസംബ്ലിയിൽ പാസാക്കിയെടുക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ മുന്നിലുള്ള ലക്ഷ്യം. ജനറൽ അസംബ്ലിയിൽ പാസാക്കുന്ന പ്രമേയങ്ങൾക്കൊന്നും രാഷ്ട്രീയമായി ഒരു രാജ്യത്തെ നിയന്ത്രിക്കാനാകില്ല. എന്നാൽ വെടിനിർത്തലിനു തയാറാകാൻ ഇസ്രയേലിനു മുകളിൽ ഇത് സമ്മർദമാകുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.

വോട്ടെടുപ്പിന് തൊട്ടു മുമ്പത്തെ ദിവസം സുരക്ഷാ സമിതിയിലെ 12 അംഗങ്ങൾ കാര്യങ്ങൾ വിലയിരുത്താൻ റാഫ അതിർത്തിയിലേക്ക് നടത്തിയ സന്ദർശനത്തിൽ അമേരിക്ക അവരുടെ നയതന്ത്ര പ്രതിനിധികളെ അയച്ചിരുന്നില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

അതേസമയം ഇസ്രയേലിന് വേണ്ട ആയുധങ്ങൾ അമേരിക്ക എത്തിച്ച് നൽകുന്നുമുണ്ട്. തങ്ങളിൽ നിന്ന് ആയുധം വാങ്ങുന്ന മറ്റേത് രാജ്യത്തെയും പോലെ ഇസ്രയേലും യുദ്ധനിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് അമേരിക്ക അറിയിച്ചിരുന്നു. കൃത്യമായി റിവ്യൂ നടത്താതെ 14000 ടാങ്ക് ഷെല്ലുകളാണ് അമേരിക്ക അടിയന്തര സാഹചര്യമെന്നു കാണിച്ച് ഇസ്രയേലിനു നൽകിയത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ, ഇസ്രയേലുമായി നിരന്തരം സംസാരിക്കാറുണ്ടെന്നും അമേരിക്ക പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തു വന്ന പലസ്തീനിയൻ തടവുകാരനെ അടിവസ്ത്രത്തിൽ നിർത്തിയ സംഭവം വലിയ ബുദ്ധിമുട്ടുണ്ടാക്കി എന്നു പറഞ്ഞ അമേരിക്ക എന്തെങ്കിലും സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാനാകും ഇത് ചെയ്തിട്ടുണ്ടാവുക എന്നും അഭിപ്രായപ്പെട്ടിരുന്നു.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് തെക്കൻ ഗാസയിലെ 85 ശതമാനം ജനങ്ങളും കുടിയൊഴിക്കപ്പെട്ടു. കൂടുതൽ അവശ്യസാധനങ്ങൾ ഗാസയിലേക്ക് എത്തിക്കാൻ കെരേം ഷാലോം അതിർത്തിയിൽ സാധനങ്ങളുടെ സ്ക്രീനിങ് നടത്താമെന്ന് ഇപ്പോൾ ഇസ്രയേൽ സമ്മതിച്ചിട്ടുണ്ട്. സംഘർഷം ആരംഭിക്കുന്നതിനു മുമ്പുവരെ ഭൂരിഭാഗം ട്രക്കുകളും ഗാസയിലേക്ക് പ്രവേശിച്ചത് ഈ വഴിയായിരുന്നു.

തിങ്കളാഴ്ച രാത്രി വൈകിയും ആക്രമണം തുടർന്ന് കൊണ്ടിരിക്കുന്ന ഗാസയിൽ ചൊവ്വാഴ്ചത്തെ ഐക്യരഷ്ട്രസഭ ജനറൽ അസംബ്ലിക്ക് ശേഷം സമാധാനമുണ്ടാകുമോ എന്നതാണ് ബാക്കിയാകുന്ന ചോദ്യം.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ