അമേരിക്കന്‍ ജനപ്രതിനിധി സഭ മുന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ഒക്ടോബര്‍ 28-ന്, സാന്‍ഫ്രാന്‍സിസ്‌കോയിലെ വസതിയിലാണ് പോള്‍ പെലോസിയെ ചുറ്റിക കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചത്. 42-കാരനായ ഡേവിഡ് ഡി പാപ്പാണ് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയത്. ചുറ്റിക കാണിച്ച് ഡേവിഡ് പാപ്പ് പരിഭ്രാന്തി പരത്തിയ വീഡിയോയാണ് പുറത്തുവന്നത്. നാന്‍സി പെലോസിയെ ആക്രമിക്കാന്‍ ലക്ഷ്യമാക്കി എത്തിയതാണ് താനെന്നായിരുന്നു അക്രമി പറഞ്ഞിരുന്നത്.
82കാരനായ പോള്‍ പെലോസിയെ ചുറ്റിക ഉപയോഗിച്ച് അടിച്ച് പരുക്കേല്‍പ്പിക്കുകയും ചുറ്റിക കാണിച്ച് പരിഭ്രാന്തി പരത്തുകയുമായിരുന്നു. ചുറ്റിക പിടിച്ചുവലിക്കാന്‍ ശ്രമിച്ച പോള്‍ പെലോസിയെ ഡേവിഡ് ഡി പാപ്പെ മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പോള്‍ പെലോസിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് വച്ചു തന്നെ അദ്ദേഹം അബോധാവസ്ഥയിലായി. തുടര്‍ന്ന് നിര്‍ണായക ശസ്ത്രക്രിയകള്‍ക്കും അദ്ദേഹത്തെ വിധേയനാക്കി.
അതീവ സുരക്ഷയായിരുന്നു നാന്‍സി പെലോസിയുടെ വസതിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. അത് മറികടന്നാണ് അക്രമി വീട്ടില്‍ അതിക്രമിച്ച് കയറിയത്. അകത്ത് കടന്നയുടന്‍ പോള്‍ പെലോസിയെ ചുറ്റിക കൊണ്ട് അക്രമിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം അക്രമിയെ പോലീസ് പിടികൂടി.