തീവ്ര വലതു പക്ഷ നേതാവും ബ്രസീൽ മുൻ പ്രസിഡന്‍റുമായ ജയിര്‍ ബോള്‍സനാരോയെ രാഷ്ട്രീയത്തിൽ നിന്ന് എട്ട് വര്‍ഷത്തേക്ക് വിലക്കി കോടതി. അധികാര ദുര്‍വിനിയോഗം നടത്തുകയും രാജ്യത്തെ ഇലക്ട്രിക് വോട്ടിങ് സമ്പ്രദായത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തുവെന്ന നിഗമനത്തിലാണ് അദ്ദേഹത്തെ അയോഗ്യനാക്കിക്കൊണ്ടുള്ള കോടതിയുടെ ഇടപെടല്‍. ഇതോടെ 2030 വരെ ബോൾസനാരോയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ പദവിയേറ്റെടുക്കാനോ സാധിക്കില്ല.
രാജ്യത്തെ പരമോന്നത ഇലക്ട്രല്‍ കോടതിയിലെ ഏഴ് ജഡ്ജിമാരിൽ അഞ്ച് പേരും ബോൾസനാരോ കുറ്റക്കാരനെന്ന് വിധിച്ചു. 68 കാരനായ ബോൾസനാരോയ്ക്ക് അടുത്ത എട്ടുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുക അസാധ്യമാണ്. ഇതോടെ ബോൾസനാരോയുടെ സംഭവബഹുലമായ പൊതുജീവിതത്തിന് ഏറെക്കുറെ അവസാനമായി. 2026ൽ വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബ്രസീലിൽ വിധ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും.
കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കവെയാണ് ബോള്‍സനാരോ രാജ്യത്തെ ഇലക്ട്രോണിക് വോട്ടിങ് സംവിധാനം കാര്യക്ഷമമല്ലെന്ന ആരോപണവുമായി രംഗത്തെത്തുന്നത്. തിരഞ്ഞെടുപ്പില്‍ ബോള്‍സനാരോയുടെ മുഖ്യ എതിരാളിയും ഇടതുപക്ഷക്കാരനുമായ ലുല ഡ സില്‍വയുടെ വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായും അദ്ദേഹം രംഗത്തെത്തി. പദവി കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കാതെ അമേരിക്കയിലേക്ക് പോയ ബോൾസനാരോയുടെ സ്വാധീനത്താലാണ് ജനുവരി എട്ടിന് രാജ്യത്ത് അട്ടിമറി നീക്കമുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും സാമ്പത്തിക പ്രതിസന്ധിയുമെല്ലാമാണ് ബോൾസനാരോയ്ക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്.