സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട് രാജ്യം വിട്ട് 15 വർഷത്തിന് ശേഷം തിരിച്ചെത്തിയ തായ്‍ലൻഡ് മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്ര അറസ്റ്റില്‍. തായ്‌ലൻഡിൽ എത്തിയ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അഴിമതി കുറ്റത്തിന് കോടതി എട്ട് വർഷത്തെ തടവിന് ശിക്ഷിച്ചു.
ബാങ്കോക്കിലെ ഡോൺ മുവാങ് വിമാനത്താവളത്തിൽ രാവിലെ 9 മണിയോടെയാണ് അദ്ദേഹം വിമാനമിറങ്ങിയത്. എയർപോർട്ട് ടെർമിനലിൽ നിന്ന് പുറത്തുവന്ന് രാജാവിന്റെയും രാജ്ഞിയുടെയും ഛായാചിത്രത്തിന് ആദരമർപ്പിച്ചു.
പിന്നാലെയെത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം കോടതിയിൽ ഹാജരാക്കുകയും ബാങ്കോക്ക് ജയിലിലേക്ക് മാറ്റുകയും ചെയ്തു. അധികാര ദുർവിനിയോഗവും ക്രിമിനൽ കുറ്റങ്ങളുമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയതെന്ന് തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഷിനവത്ര ആരോപിച്ചു.
സൈനിക അട്ടിമറിയിലൂടെയാണ് തക്‌സിൻ ഷിനവത്രക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുന്നത്. അഴിമതി ആരോപണങ്ങൾ നേരിട്ട അദ്ദേഹം 2008ൽ സുരക്ഷാ കാരണങ്ങളാൽ രാജ്യം വിട്ടു. അഴിമതി ആരോപണങ്ങൾക്കൊപ്പം രാജ്യത്തെ മുസ്ലീങ്ങൾ കൂടുതലുള്ള തെക്കൻ പ്രവിശ്യകളില്‍ അക്രമാസക്തമായ സംഘർഷത്തിനും ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഡ്രഗ്സ് വാറിലും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളും ഷിനവത്രയ്ക്കെതിരെ ആരോപിക്കപ്പെട്ടിരുന്നു.
വിദേശവാസക്കാലത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ചിലവഴിച്ചത് ദുബായിലാണ്. കഴിഞ്ഞ ദിവസം സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പ് അദ്ദേഹം പുറത്തിറക്കിയിരുന്നു. "എനിക്ക് ഭാഗ്യമുണ്ടെങ്കിൽ, ഞാൻ തായി മണ്ണിലേക്ക് തിരിച്ചെത്തുകയും അവിടെ മരിക്കുകയും ചെയ്യും" എന്നായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്. അട്ടിമറിക്ക് ശേഷം പ്രക്ഷുബ്ധമായ തായി രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി വലിയ സ്വാധീനമുള്ളയാളായിരുന്നു തക്‌സിൻ ഷിനവത്ര. ദശലക്ഷക്കണക്കിന് ദരിദ്രർക്ക് ആദ്യമായി അടിസ്ഥാന രോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന ഒരു സാർവത്രിക ആരോഗ്യ സംരക്ഷണ പദ്ധതിയും ഗ്രാമങ്ങളിൽ ക്ലിനിക്കുകളും സ്റ്റാർട്ടപ്പ് ഫണ്ടുകളും തക്‌സിന്റെ പ്രധാന പദ്ധതികളിൽ ചിലതായിരുന്നു.
രാജ്യത്തെ ഭരണകർത്താക്കളാൽ ദീർഘകാലം അവഗണിക്കപ്പെട്ടിരുന്ന ഗ്രാമീണരായ തായ്‌കളുടെ പിന്തുണയോടെയാണ് 2001ൽ അദ്ദേഹം അധികാരത്തിലെത്തിയത്. അഞ്ച് വർഷത്തിന് ശേഷം വൻ ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലെത്തി. എന്നാൽ 2006 സെപ്റ്റംബറിൽ തക്‌സിൻ ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യാൻ തയ്യാറെടുക്കവേ സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു.