ബോറിസ് ജോൺസൺ 
WORLD

'രാഷ്ട്രീയജീവിതം അവസാനിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു'; എംപി സ്ഥാനവും രാജിവച്ച് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ

കോവിഡ് വ്യാപനത്തെ തുടർന്ന് ബ്രിട്ടനിലാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയത്ത്, അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ബോറിസ് തന്റെ ഔദ്യോഗിക വസതിയിൽ പാർട്ടി നടത്തിയതായിരുന്നു പാർട്ടിഗേറ്റ് വിവാദം

വെബ് ഡെസ്ക്

ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ എംപി സ്ഥാനവും രാജിവച്ചു. പാർട്ടിഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് അധോസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്നതിനിടെ പ്രതിഷേധമെന്ന നിലയ്ക്കാണ് ബോറിസിന്റെ അപ്രതീക്ഷിത രാജി. അന്വേഷണം നടത്തുന്ന എംപിമാരുടെ സമിതി, തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് ബ്രിട്ടനിലാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയത്ത്, അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ബോറിസ് തന്റെ ഔദ്യോഗിക വസതിയിൽ പാർട്ടി നടത്തിനടത്തിയതായിരുന്നു പാർട്ടിഗേറ്റ് വിവാദം. ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങൾ അധോസഭയിൽ ഉയർന്നപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് ബോറിസ് നൽകിയതെന്ന പേരിലാണ് അദ്ദേഹമിപ്പോൾ പാർലമെന്ററി പ്രിവിലേജസ് സമിതിയുടെ അന്വേഷണം നേരിടുന്നത്. നിയമനിർമാതാക്കളുടെ പ്രധാന അച്ചടക്ക സമിതിയാണ് പാർലമെന്ററി പ്രിവിലേജസ് കമ്മിറ്റി.

അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ബോറിസിന്റെ രാജി കൺസർവേറ്റിവ് പാർട്ടിയിലെ ഭിന്നത കൂടിയാണ് വെളിപ്പെടുത്തുന്നത്.

അന്വേഷണ സമിതിയിൽ നിന്ന് രഹസ്യ സ്വഭാവമുള്ള കത്ത് ലഭിച്ച ശേഷമായിരുന്നു ബോറിസിന്റെ രാജി. കത്ത് കൈപ്പറ്റിയതിന് പിന്നാലെ 'കങ്കാരൂ കോടതി'കളായാണ് സമിതി പ്രവർത്തിക്കുന്നതെന്ന് ബോറിസ് ക്ഷുഭിതനായി പ്രതികരിച്ചു. രാഷ്ട്രീയ ഉന്നം വച്ചാണ് സമിതിയുടെ പ്രവർത്തനങ്ങൾ. 'അവരുടെ വാദങ്ങൾക്ക് ഒരടിസ്ഥാനവുമില്ലെങ്കിലും ഒരു ചെറിയ കൂട്ടം ആളുകൾ എന്നെ പുറത്താക്കുകയാണ്'ബോറിസ് സമിതിക്കെതിരെ തുറന്നടിച്ചു. പ്രധാനമന്ത്രി ഋഷി സുനകിനെയും ബോറിസ് പരോക്ഷമായി വിമർശിച്ചു. താൻ നടപ്പിലാക്കിയ ബ്രെക്സിറ്റിൽ നിന്ന് ഒരു മടക്കയാത്രയ്ക്കാണ് ചിലർ ശ്രമിക്കുന്നതെന്നും പഴയ നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുപോയേക്കുമെന്നും ബോറിസ് പറഞ്ഞു.

അതേസമയം, രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്ന സൂചന നൽകിക്കൊണ്ടാണ് ബോറിസ് രാജിപ്രഖ്യാപിച്ചത്. ഇപ്പോഴത്തേക്ക് പാർലമെന്റിൽ നിന്ന് പുറത്തുപോകുന്നുവെന്നായിരുന്നു ബോറിസിന്റെ പ്രസ്താവന. എന്നാൽ 22 വർഷം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യമാണ് രാജിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കാലാവധി തികയും മുൻപ് തന്നെ പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജിവയ്‌ക്കേണ്ടി വന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പാർട്ടിഗേറ്റ് വിവാദമായിരുന്നു. പാർട്ടിയിൽ നിന്നുണ്ടായ സമ്മർദത്തിനൊടുവിലായിരുന്നു അന്നത്തെ രാജി. നിലവിലെ പ്രധാനമന്ത്രി ഋഷി സുനക് അടക്കമുള്ളവർ അന്ന് ബോറിസിനെ പ്രതിരോധത്തിലാക്കിയവരുടെ മുൻപന്തിയിലുണ്ടായിരുന്നു. രാജിയുടെ അദ്ദേഹത്തിന്റെ മണ്ഡലമായ പടിഞ്ഞാറൻ ലണ്ടനിൽ ഇനി ഉപതിരഞ്ഞെടുപ്പ് നടക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ