സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ പോരാട്ടം നടത്തി ജയിലിലടയ്ക്കപ്പെട്ട സൗദി അറേബ്യൻ ഫിറ്റ്നസ് ട്രെയിനർ മനാഹെല്‍ അല്‍ ഒതൈബിക്കെതിരെ ആക്രമണം. ജയിലില്‍വെച്ച് മനഹെലിന്റെ മുഖത്ത് കുത്തേറ്റതായി അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഭീകരവാദ കുറ്റങ്ങള്‍ ചുമത്തി 11 വർഷത്തെ ജയില്‍ശിക്ഷയാണ് മനഹെലിന് വിധിച്ചത്. രഹസ്യവിചാരണയിലൂടെയായിരുന്നു വിധി. ഇതിനെതിരെ വ്യാപകമായ വിമർശനങ്ങളും ഉയർന്നിരുന്നു. മനുഷ്യാവകാശ നിലപാടുകളിലെ സൗദിയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടപ്പെട്ടുവെന്നായിരുന്നു ആക്ടിവിസ്റ്റുകളുടെ വിമർശനം.
തന്റെ മുഖത്ത് കുത്തേറ്റതായി മനഹെല്‍ തന്നെയാണ് കുടുംബത്തെ അറിയിച്ചത്. പേന ഉപയോഗിച്ചായിരുന്നു ആക്രമണം. അപായപ്പെടുത്താൻ ശ്രമിച്ചതാരാണെന്നതില്‍ വ്യക്തതയില്ല. സൗദി സർക്കാരിന്റെ മനുഷ്യാവകാശ കമ്മിഷനെ ആക്രമണത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്ന് കുടുംബം വ്യക്തമാക്കി.
സ്ത്രീകളുടെ ഉന്നമനവുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പങ്കുവെച്ചതിന് മനഹെലിനും സഹോദരിമാരായ മറിയത്തിനും ഫൗസിയക്കുമെതിരെ അറസ്റ്റുണ്ടായിരുന്നു.
#IAmMyOwnGuardian (ഞാനാണ് എന്റെ രക്ഷിതാവ്) എന്ന ഹാഷ്‌ടാഗ് ആദ്യമായി ഉപയോഗിച്ചവരില്‍ മനഹെലും സഹോദരിമാരും ഉള്‍പ്പെട്ടിരുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷ രക്ഷകർതൃ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ക്യാമ്പയിൻ.
ഇതിനുപിന്നാലെയായിരുന്നു സൗദിയുടെ സംസ്കാരങ്ങള്‍ക്കെതിരായ ജീവിതം നയിക്കാൻ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് മനഹെലിനെതിരെ നടപടിയുണ്ടാകുന്നത്. പരമ്പരാഗത വസ്ത്രം ധരിച്ചില്ലെന്നും വനിതകളുടെ അവകാശങ്ങള്‍ക്കുവേണ്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടെന്നും ചൂണ്ടിക്കാണിച്ച് 2022 നവംബറിലാണ് മനഹെല്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.
റിയാദിലെ അല്‍-മലാസ് ജയിലില്‍ കഴിയവെ സഹതടവുകാരില്‍ നിന്ന് ക്രൂരപീഡനങ്ങള്‍ക്ക് മനഹെല്‍ ഇരായായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2023 നവംബർ മുതല്‍ ഈ വർഷം ഏപ്രില്‍ വരെ കുടുംബത്തെ കാണാൻ പോലും മനഹെലിന് അനുവാദമുണ്ടായിരുന്നില്ല.
മനഹെല്‍ ഭയന്നിരുന്നതായും പക്ഷേ, സംഭവിച്ചകാര്യങ്ങള്‍ പങ്കുവെക്കാനുള്ള ശക്തിയുണ്ടായിരുന്നെന്നും ഫൗസിയ പറഞ്ഞു. ബഹറിനിലേക്ക് കടന്നതിനാലാണ് ഫൗസിയക്ക് അറസ്റ്റില്‍ നിന്ന് ഒഴിവാകാനായത്.
സൗദി അധികൃതർ മനഹെലിനെതിരായ ആക്രമണത്തിനോട് കണ്ണടയ്ക്കുകയാണെന്ന് സൗദിയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ രേഖപ്പെടുത്തുന്ന എഎല്‍ക്യുഎസ്‌ടിയുടെ ഉന്നത സ്ഥാനത്തുള്ള ലിന അല്‍ ഹത്‌ലോല്‍ വ്യക്തമാക്കി.