WORLD

മണിക്കൂറുകളോളം നീളുന്ന ഏറ്റുമുട്ടൽ, കണ്ണീർവാതക പ്രയോഗം; പാരിസിൽ കലാപവും അറസ്റ്റും തുടരുന്നു

പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട പതിനേഴുകാരൻ നഹേലിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

വെബ് ഡെസ്ക്

കൗമാരക്കാരനെ വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് പാരിസിൽ പൊട്ടിപുറപ്പെട്ട കലാപം അഞ്ചാംദിവസവും ശക്തമായി തുടരുന്നു. മാർസെ മേഖലയിലാണ് ശനിയാഴ്ച രാത്രിയിൽ രൂക്ഷമായ ഏറ്റുമുട്ടലുകളുണ്ടായത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഞായറാഴ്ച പുലർച്ചെമാത്രം 500ലധികം അറസ്റ്റുണ്ടായതായി പോലീസ് അറിയിച്ചു. മേഖലയിലാകെ കനത്തസുരക്ഷ തുടരുകയാണ്.

പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട പതിനേഴുകാരൻ നഹേലിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ ജനകീയ പ്രതിഷേധം ശക്തമാകാതിരിക്കാനായി പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. 50,000ത്തിനടുത്ത് പോലീസുകാരെ പാരിസിലാകെ വിന്യസിച്ചിട്ടുണ്ട്. പലമേഖലകളിലും അറസ്റ്റ് ഇപ്പോഴും തുടരുകയാണ്. കലാപകാരികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മണിക്കൂറുകളോളമാണ് നീണ്ടുനിൽക്കുന്നത്. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത് കൂടുതൽപേരെ സ്വാധീനിക്കാൻ ഇടയാക്കുന്നുണ്ട്. പ്രക്ഷോഭകാരികള്‍ പോലീസ് വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ച നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു. ബാങ്കുകള്‍ കൊള്ളയടിക്കപ്പെടുന്നുണ്ടെന്നും ന്യൂസ് ഏജൻസികൾ അറിയിക്കുന്നു.

പാരിസിലാകെ വിവിധ മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. ബസ്, ട്രാം തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളൊന്നും ഇതുവരെ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. കലാപം രൂക്ഷമാകുന്നത് സമൂഹമാധ്യമങ്ങള്‍ കാരണമാണെന്ന് കഴിഞ്ഞദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കുറ്റപ്പെടുത്തിയിരുന്നു. നാഹേലിന്റെ മരണം ചിലര്‍ ഉപയോഗപ്പെടുത്തുകയാണെന്നും ഇമ്മാനുവല്‍ മാക്രോണ്‍ ആരോപിച്ചു. വീഡിയോ ഗെയിമുകളുടെ സ്വാധീനമാണ് യുവാക്കളെ കലാപത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ആഫ്രിക്കന്‍ വംശജനായ നഹേല്‍ എന്ന 17 കാരനെയാണ് പാരീസിലെ നാന്‍ടെറിയില്‍ പോലീസ് ജൂണ്‍ 27ന് വെടിവച്ച് കൊന്നത്. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനെ തുടര്‍ന്നായിരുന്നു വെടിവയ്പ്. തോക്ക് ചൂണ്ടിക്കൊണ്ട് 17കാരനോട് പോലീസുകാരന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും വെടിയുതിര്‍ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഫ്രാന്‍സില്‍ പ്രതിഷേധം ശക്തിപ്പെട്ടത്. പോലീസുകാര്‍ക്കുനേരെ വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതിനാണ് വെടിവച്ചതെന്ന പോലീസിന്റെ വിശദീകരണം തെറ്റാണെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. കൗമാരക്കാരനെതിരെ വെടിയുതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തെങ്കിലും കലാപം തുടരുകയാണ്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്