ഫ്രാന്‍സില്‍ അള്‍ജീരിയന്‍ -മൊറോക്കന്‍ വംശജനായ നയീല്‍ എന്ന പതിനേഴുകാരനെ പോലീസ് വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭം കടുക്കുന്നു. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച രാത്രി മുതല്‍ ഫ്രാന്‍സിൽ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു.
രാജ്യത്തുടനീളമുള്ള എല്ലാ ബസ്, ട്രാം ഗതാഗതവും രാത്രി ഒൻപത് മണിക്ക് ശേഷം സർവീസ് നടത്തില്ലെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ വ്യക്തമാക്കി. കലാപം ഉടലെടുത്തതിന് പിന്നാലെ പ്രതികരണവുമായി മരിച്ച കൗമാരക്കാരന്റെ അമ്മയും രംഗത്തെത്തി. എല്ലാ പോലീസുകാരോടും വിരോധമില്ലെന്നും തന്റെ മകനെ കൊന്ന ഒരാളോട് മാത്രമാണ് പ്രശ്‌നമെന്നുമായിരുന്നു അമ്മ മൗനിയയുടെ പ്രതികരണം. ഫ്രാന്‍സ് 5 ടെലിവിഷനോട് അവര്‍ സംസാരിച്ചത്.
അതേ സമയം കലാപം രൂക്ഷമാകുന്നതിന് സമൂഹ മാധ്യമങ്ങള്‍ കാരണമാണെന്ന് ഫ്രാഞ്ച് പ്രസിഡന്റെ ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കുന്നത്. കൗമാരക്കാരന്റെ മരണം ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇമ്മാനുവല്‍ മാക്രോണ്‍ ആരോപിച്ചു. പ്രതിഷേധം ശമനമുണ്ടെങ്കിലും മാതാപിതാക്കള്‍ കുട്ടികളെ വീട്ടില്‍ തന്നെ നിര്‍ത്തണമെന്നും ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. വീഡിയോ ഗെയിമുകളുടെ സ്വാധീനമാണ് യുവാക്കളെ കലാപത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രക്ഷോഭത്തില്‍ ഏതാണ്ട് ഇരുനൂറിലധികം പോലീസുകാര്‍ക്ക് പരുക്കേറ്റു. ഒറ്റ രാത്രികൊണ്ട് 875 ആളുകളെ അറസ്റ്റ് ചെയ്ത് നീക്കി. ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. പലയിടങ്ങളിലും കെട്ടിടങ്ങളും ബസുകളടക്കമുള്ള വാഹനങ്ങളും പ്രക്ഷോഭകർ തീയിട്ടു. കടകള്‍ കൊള്ളയടിക്കപ്പെന്നതായും റിപ്പോർട്ടുകളുണ്ട്.
സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ നീക്കങ്ങളും സര്‍ക്കാര്‍ നടത്തുന്നതായി പ്രധാനമന്ത്രി എലിസബത്ത് ബോര്‍ണ്‍ വ്യക്തമാക്കി. ''അസഹനീയവും പൊറുക്കാനാവാത്തതു'' മെന്നാണ് പ്രതിഷേധത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഫ്രാന്‍സിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. അത്തരം ഫൂട്ടേജുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചവരുടെ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനും ഇമ്മാനുവല്‍ മാക്രോണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യത്തോട് ഇമ്മാനുവല്‍ മാക്രോണ്‍ ഇതുവരെ പ്രിതികരിച്ചിട്ടില്ല. രണ്ട് ദിവസത്തിനിടയ്ക്ക് നടക്കാനിരിക്കുന്ന രണ്ടാമത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. പ്രതിഷേധം കടുത്ത പ്രദേശങ്ങളിലെ പൊതു പരിപാടികള്‍ റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പ്രശ്നബാധിത പ്രദേശങ്ങളില്‍ പോലീസ് വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. 240 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായി സർക്കാർ വ്യക്തമാക്കി. വൈദ്യുതി വിതരണ സ്ഥാപനമായ എനെഡിസിലെ നിരവധി ജീവനക്കാര്‍ക്കും സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരുക്കേറ്റതായി ഊര്‍ജ മന്ത്രി ആഗ്‌നസ് പന്നിയര്‍-റുണാച്ചര്‍ പറഞ്ഞു. ഒറ്റരാത്രികൊണ്ട് 79 പോലീസ് പോസ്റ്റുകളും 34 ടൗണ്‍ ഹാളുകളും 28 സ്‌കൂളുകളും ഉള്‍പ്പെടെ 119 സർക്കാർ കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വാഹന പരിശോധനയിക്കിടെയാണ് നയീല്‍ എന്ന പതിനേഴുകാരനെതിരെ പോലീസ് വെടിയുതിര്‍ത്തത്. പരിശോധനയ്ക്കിടെ ഒരു പ്രകോപനവുമില്ലാതെ വെടിവയ്ക്കുകയായിരുന്നു. തങ്ങൾക്ക് നേരെ വാഹനമോടിച്ചുകയറ്റാന്‍ ശ്രമിച്ചു എന്നായിരുന്നു പോലീസിന്റെ വാദം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. പിന്നാലെയാണ് ഫ്രാന്‍സില്‍ പ്രതിഷേധം കടുക്കുന്നത്. കൗമാരക്കാരനെതിരെ വെടിയുതിര്‍ത്തതായി സമ്മതിച്ച പോലീസുദ്യോഗസ്ഥനെതിരെ നരഹത്യാകുറ്റം ചുമത്തിയിട്ടുണ്ട്.
2005 ലും ഫ്രാന്‍സില്‍ സമാനരീതിയിൽ സംഘര്‍ഷം ഉടലെടുത്തിരുന്നു. അന്ന് പ്രസിഡന്റായിരുന്ന ജാക്ക് ഷിറാക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പോലീസില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഒളിച്ചിരുന്ന രണ്ട് യുവാക്കള്‍ ഒരു പവര്‍സബ്‌സ്റ്റേഷന് സമീപം വൈദ്യുതാഘാതമേറ്റ് മരിച്ചതിനേ തുടര്‍ന്നായിരുന്നു അന്ന് പ്രക്ഷോഭം ഉടലെടുത്തത്