WORLD

തീവെയ്പ് അടക്കം ആസൂത്രിത നീക്കം; ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങിന് മണിക്കൂറുകൾ ശേഷിക്കെ ഫ്രാൻ‌സിൽ ട്രെയിൻ ഗതാഗതം താറുമാറായി

വെബ് ഡെസ്ക്

ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ആതിഥേയത്വം വഹിക്കുന്ന ഫ്രാൻസിലെ അതിവേഗ ട്രെയിൻ ഗതാഗതം തകരാറിൽ. തീവെയ്പ് ഉൾപ്പെടെ ബോധപൂർവമായ പ്രവൃത്തികളാണ് ഗതാഗത സംവിധാനം താറുമാറാക്കിയതെന്നാണ് റിപ്പോർട്ട്. രാജ്യത്തെ അതിവേഗ റെയിൽ ശൃംഖലയെ സ്തംഭിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്നാണ് അധികൃതരുടെ വിശദീകരണം.

ആസൂത്രിത ആക്രമണമാണുണ്ടായതെന്നാണ് അതിവേഗ റെയിൽവേ അധികൃതർ ആരോപിക്കുന്നത്. ചിലയിടങ്ങളിലെ റെയിൽവേ ലൈനുകളിൽ തീപിടുത്തം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഗതാഗതം തടസപ്പെടുകയും ട്രെയിനുകൾ വഴിതിരിച്ചുവിടുകയുമായിരുന്നു. ജനങ്ങളോട് യാത്രകൾ മാറ്റിവെയ്ക്കാനും ട്രെയിൻ യാത്രകൾ ഒഴിവാക്കാനും ഫ്രഞ്ച് റെയിൽവേ അഭ്യർത്ഥിച്ചു. ആക്രമണം ഏകദേശം എട്ട് ലക്ഷം യാത്രക്കാരെ ബാധിച്ചതായാണ് വിവരം.

അതിവേഗ റെയിൽ ശൃംഖലയ്‌ക്കെതിരായ വലിയ ആക്രമണം ക്രിമിനൽ പ്രവൃത്തിയാണെന്ന് ഗതാഗത മന്ത്രി പാട്രിച്ച് വെർഗ്രീറ്റ് പറഞ്ഞു. ഫ്രാൻസിന്റെ വടക്ക്, കിഴക്ക്, വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കുള്ള ട്രെയിൻ സേവനം പകുതിയായി കുറയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കനത്ത സുരക്ഷയിൽ പാരീസ് തുടരുമ്പോഴാണ് പുതിയ സംഭവം. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി ഏകദേശം മൂന്നു ലക്ഷം കാണികളും വിഐപികളും ഫ്രാൻ‌സിൽ എത്തിയിട്ടുണ്ട്. ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന്റെ പുറത്ത് ഉദ്ഘാടനം നടക്കും. സെയിൻ നദിയിലായിരിക്കും അത്‌ലീറ്റുകളുടെ പരേഡുകൾ ഉൾപ്പെടെയുള്ളവ. ഒരോ രാജ്യത്തെയും അത്‌ലീറ്റുകൾ ബോട്ടുകളിലായിരിക്കും പരേഡിന്റെ ഭാഗമാകുക.

ബോട്ടുകളിൽ ക്യാമറകളുണ്ടാകും. ഇതായിരിക്കും ഓൺലൈൻ സ്ട്രീമിങ്ങിനും മറ്റുമായി ഉപയോഗിക്കുക. 10,500 അത്ലീറ്റുകളായിരിക്കും കടന്നുപോകുക. നദിയുടെ കിഴക്കുനിന്ന് പടിഞ്ഞാറേക്ക് ആറ് കിലോമീറ്റർ നീളുന്ന പരേഡ് ട്രൊക്കാഡെറോയിലാണ് അവസാനിക്കുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?