ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങൾ കീഴടക്കുന്നതിലൂടെ ശ്രദ്ധേയനായ 'ഡെയർ ഡെവിളി'ന് സാഹസികതയ്ക്കിടെ ദാരുണാന്ത്യം. മുപ്പതുകാരനായ റെമി ലൂസിഡി ഹോങ്കോങ്ങിലെ 721 അടി ഉയരമുള്ള ട്രെഗുണ്ടർ ടവർ കീഴടക്കാനുള്ള ശ്രമത്തിനിടെ 68-ാം നിലയിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു.
ലൂസിഡി 49-ാം നിലയില്‍ എത്തിയശേഷം ലിഫ്റ്റില്‍ നിന്ന് ഇറങ്ങുകയും കെട്ടിടത്തിന് മുകളിലേക്ക് കയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്
ഫ്രഞ്ച് സാഹസികനായ റെമി ലൂസിഡി ഒരു സുഹൃത്തിനെ കാണാൻ എത്തിയതാണെന്നാണ് അപകടം നടന്ന ഫ്ളാറ്റിലെ സുരക്ഷാ ഗാര്‍ഡിനോട് പറഞ്ഞത്. എന്നാല്‍ ലൂസിഡിയെ അറിയില്ലെന്ന് അദ്ദേഹം പറഞ്ഞ റൂമിലെ താമസക്കാരന്‍ പിന്നീട് വ്യക്തമാക്കി. കെട്ടിടത്തിനകത്തേക്ക് കടക്കാനായി ലൂസിഡി കള്ളം പറയുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ലിഫ്റ്റില്‍ കയറി മുകളിലേക്ക് പോയതായും സുരക്ഷാഗാര്‍ഡ് പറഞ്ഞു.
49-ാം നിലയില്‍ എത്തിയശേഷം ലിഫ്റ്റില്‍നിന്ന് ഇറങ്ങിയ ലൂസിഡി തുടർന്ന് കെട്ടിടത്തിന് മുകളിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കെട്ടിടത്തിന്റെ മുകളിലേക്കുള്ള ചെറിയൊരു വാതില്‍ തുറന്നതായി കണ്ടെത്തിയെങ്കിലും ലൂസിഡി അവിടെ ഉണ്ടായിരുന്നില്ലെന്ന് താമസക്കാര്‍ പറഞ്ഞു.
രാത്രിയിൽ ഒരു റൂമിന്റെ പുറംഭാഗത്ത് കുടുങ്ങിയ ലൂസിഡി രക്ഷപ്പെടാനായി ജനാലയില്‍ തട്ടുകയായിരുന്നു. എന്നാല്‍ സഹായം എത്തിക്കുന്നതിന് മുന്‍പ് അദ്ദേഹം താഴേക്ക് വീണു. സംഭവസ്ഥലത്തുനിന്ന് ലൂസിഡിയുടെ ക്യാമറ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
സുരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെ ലൂസിഡി സാഹസികമായി കെട്ടിടങ്ങളിൽ കയറുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ഫോട്ടോകളിലും വീഡിയോകളിലും കാണാം. ലൂസിഡിയുടെ 'റെമി എനിഗ്മ' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് നിവരധി ഫോളോവേഴ്‌സുണ്ട്.