WORLD

പെൻഷൻ പരിഷ്കരണ ബിൽ: അവിശ്വാസ വോട്ടെടുപ്പ് അതിജീവിച്ച് ഫ്രഞ്ച് സർക്കാർ

വെബ് ഡെസ്ക്

പെൻഷൻ പരിഷ്‌കരണത്തിലൂടെ തൊഴിലാളികളുടെയും രാഷ്ട്രീയക്കാരുടെയും കടുത്ത എതിർപ്പിനെ അഭിമുഖീകരിച്ച ഫ്രഞ്ച് സർക്കാർ പാർലമെന്റിൽ അവിശ്വാസ വോട്ടെടുപ്പിനെ അതിജീവിച്ചു. ഇമ്മാനുവൽ മാക്രോൺ സർക്കാരിനെതിരായ അവിശ്വാസ പ്രമേയങ്ങൾ ദേശീയ അസംബ്ലിയിൽ പരാജയപ്പെട്ടു. ഇതോടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 64 ആക്കി ഉയർത്തുന്ന വിവാദ ബിൽ നിയമമായി മാറും. വോട്ടെടുപ്പില്ലാതെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ഇമ്മാനുവൽ മക്രോൺ ഉത്തരവിട്ടതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഫ്രാൻസിൽ നടക്കുന്നത്. പ്രത്യേക ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് പാർലമെന്റിനെ മറികടന്ന് വിരമിക്കൽ പ്രായം 62 ൽ നിന്ന് 64 ആയി ഉയർത്താനുള്ള മാക്രോണിന്റെ തീരുമാനത്തിൽ പ്രകോപിതരായ നിയമനിർമാതാക്കൾ രണ്ട് പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.

വിവിധ ചെറുപാർട്ടികളെ പ്രതിനിധീകരിക്കുന്ന “LIOT” എന്ന ചെറു പാർലമെന്ററി ഗ്രൂപ്പാണ് ആദ്യ പ്രമേയം കൊണ്ടുവന്നത്. 278 വോട്ടുകൾ നേടിയാണ് ഇമ്മാനുവൽ മാക്രോൺ സർക്കാർ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിച്ചത്. അവിശ്വാസ പ്രമേയം പാസാകാൻ ആവശ്യമായ 287 വോട്ടിൽ ഒമ്പത് വോട്ടുകളുടെ കുറവാണുണ്ടായത്. മറൈൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ ദേശീയ റാലി പാർട്ടി അവതരിപ്പിച്ച രണ്ടാമത്തെ അവിശ്വാസ പ്രമേയവും പാസായില്ല. 94 നിയമസഭാംഗങ്ങൾ മാത്രമാണ് അനുകൂലമായി വോട്ട് ചെയ്തത്. രണ്ട് പ്രമേയവും പരാജയപ്പെട്ടതോടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 64 ആക്കി ഉയർത്താനുള്ള വിവാദ ബിൽ നിയമമാകും. അതേസമയം നിയമത്തിനെതിരെ ഫ്രാൻസിന്റെ ഭരണഘടനാ സമിതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.

പ്രധാനമന്ത്രി എലിസബത്ത് ബോൺ ആർട്ടിക്കിൾ 49:3 എന്ന പ്രത്യേക ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചതിനെ തുടർന്നാണ് വോട്ടെടുപ്പ് നടന്നത്. തൊഴിലാളികളുടെ വിരമിക്കൽ പ്രായം ഉയർത്തുന്ന വിവാദ ബിൽ അവതരിപ്പിച്ചതോടെ രാജ്യത്ത് സമാനതകളില്ലാത്ത പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. ആയിരക്കണക്കിന് പേർ പാരീസിലെയും മറ്റ് ഫ്രഞ്ച് നഗരങ്ങളിലെയും തെരുവുകളിലിറങ്ങി രോഷം പ്രകടിപ്പിച്ചു. പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ സർക്കാർ നീക്കത്തിനെതിരെ സമരം തുടരുമെന്ന് യൂണിയനുകളും യുവജന സംഘടനകളും വ്യക്തമാക്കി.

രാജ്യത്തെ ജനസംഖ്യ കൂടുന്നതിനനുസരിച്ച് സാമ്പത്തിക സ്ഥിതിയിൽ ഇടിവ് സംഭവിക്കാതിരിക്കാൻ പെൻഷൻ പരിഷ്കരണം ആവശ്യമാണെന്നാണ് മാക്രോൺ പറയുന്നത്. അതേസമയം, പ്രസിഡന്റിന്റെ പുതിയ പരിഷ്കരണത്തെ മൂന്നിൽ രണ്ട് ഫ്രഞ്ചുകാരും എതിർക്കുകയാണ്. രാജ്യത്ത് താഴ്ന്ന വരുമാനമുളളവർക്കും സ്ത്രീകൾക്കും ശാരീരികമായി ആവശ്യമുള്ള ജോലി ചെയ്യുന്നവർക്കും പെൻഷൻ പ്രായം ഉയർത്തിയത് തിരിച്ചടിയായിരിക്കുകയാണ്.

രാജ്യത്ത് വർധിച്ച് വരുന്ന സാമ്പത്തിക അസമത്വങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉടലെടുക്കുമെന്നാണ് വിലയിരുത്തൽ. പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ കഴിഞ്ഞ ദിവസം നൂറുകണക്കിന് പ്രതിഷേധക്കാരാണ് നെപ്പോളിയന്റെ അന്ത്യവിശ്രമ സ്ഥലമായ ലെസ് ഇൻവാലിഡിൽ ഒത്തുകൂടിയത്. പാരീസിൽ പണിമുടക്കുന്ന തൊഴിലാളികളെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന് ഇടതുപക്ഷ സിജിടി യൂണിയന്റെ കമൽ ബ്രഹ്മി നിലപാട് വ്യക്തമാക്കി. കൂടാതെ, പുതിയ പരിഷ്കരണം സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയനുകൾ വ്യാഴാഴ്ച രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

നിലവിൽ രാജ്യം കടുത്ത രാഷ്ട്രീയ സാമൂഹിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഫ്രഞ്ച് സ്ട്രാറ്റജിക് അനാലിസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള രാഷ്ട്രീയ വിദഗ്ധൻ ഫ്രാങ്കോയിസ് ഗെരെ പറഞ്ഞു. ഇപ്പോൾ ഫ്രാൻസിൽ രൂപപ്പെട്ടിരിക്കുന്നത് പുതിയ രൂപത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധിയുടെ തുടക്കമാണ്. പെൻഷൻ പ്രായം ഉയർത്തിയത് വരും ദിവസങ്ങളിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ദോഷകരമായി ബാധിക്കും. സർക്കാർ വിശ്വസനീയമല്ല എന്നതാണ് പ്രധാന പ്രശ്നമെന്നും ഗെരെ കൂട്ടിച്ചേർത്തു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും