WORLD

ഗാസ വെടിനിര്‍ത്തല്‍ കരാര്‍: നിര്‍ണായക ചര്‍ച്ചകള്‍ക്കായി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലില്‍

ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ബ്ലിങ്കന്റെ ഒന്‍പതാമത്തെ യാത്രയാണിത്

വെബ് ഡെസ്ക്

ഗാസ ഇസ്രയേല്‍ ആക്രമണത്തില്‍ ശാശ്വതമായ വെടിനിനിര്‍ത്തല്‍ കരാര്‍ ഉറപ്പിക്കുന്നതിനുള്ള 11 മണിക്കൂര്‍ ചര്‍ച്ചകള്‍ക്കായി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിലെത്തി. പത്ത് മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാനുള്ള വാഷിങ്ടണിന്റെ പുതിയ ശ്രമങ്ങളുടെ ഭാഗമായാണ് ബ്ലിങ്കന്‍ ഇന്നലെ ടെല്‍ അവീവിലെത്തിയത്.

ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ബ്ലിങ്കന്റെ ഒത്തുതീര്‍പ്പ് ശ്രമം. കഴിഞ്ഞ മാസം ഹിസ്ബുല്ല ഉന്നത കമാന്‍ഡറും ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയെയും കൊലപ്പെടുത്തിയതിനെത്തുടർന്നാണ് അടിയന്തര ചര്‍ച്ചകള്‍ക്കായുള്ള ശ്രമം.

വെടിനിര്‍ത്തലെന്നത് പശ്ചിമേഷ്യയിലെ അക്രമസാഹചര്യങ്ങള്‍ കുറയ്ക്കുമെന്നും ഗാസയിലെ യുദ്ധം മേഖലയിലുടനീളം സംഘർഷത്തിലേക്കു വേഗത്തില്‍ നീങ്ങാന്‍ കാരണമായേക്കാവുന്ന പ്രതികാര നടപടികളില്‍നിന്ന് ഇറാനെയും ഹിസ്ബുള്ളയെയും പിന്തിരിപ്പിക്കാനാവുമെന്നാണ് യു എസിന്റെ പ്രതീക്ഷ. ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ബ്ലിങ്കന്‌റെ ഒന്‍പതാമത്തെ യാത്രയാണിത്.

വെടിനിര്‍ത്തല്‍ കരാറില്‍ തീരുമാനമെടുക്കുമെന്നും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനും ശ്രമിക്കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഈജിപ്തിലേക്ക് പോകുന്നതിനു മുൻപ് ബ്ലിങ്കന്‍ ഇന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും.

കഴിഞ്ഞയാഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷം അന്താരാഷ്ട്ര മധ്യസ്ഥരായ യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. തീരുമാനമാകാത്ത കാര്യങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ കെയ്‌റോയില്‍ പുനരാരംഭിച്ചേക്കും.

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതിനാല്‍ കെയ്‌റോ ഉച്ചകോടിയില്‍ കരാര്‍ അംഗീകരിച്ചതായി പ്രഖ്യാപിക്കാന്‍ യുഎസ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഈ ചര്‍ച്ചകളില്‍ ഹമാസ് നേരിട്ട് പങ്കെടുക്കാത്തതിനാല്‍ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന സംശയവുമുണ്ട്. ദോഹയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഹമാസ് പ്രതിനിധിയെ അയച്ചിരുന്നില്ല. അതിനാല്‍ സമ്മര്‍ദം നല്‍കേണ്ടത് ഹമാസിനും സിന്‍വാറിനുമാണെന്നും ഇസ്രയേല്‍ സര്‍ക്കാരിനല്ലെന്നും ഹമാസ് മേധാവിയെ പരാമര്‍ശിച്ച് ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍ നെതന്യാഹു പറഞ്ഞു.

വെടിനിര്‍ത്തലിനും അവശേഷിക്കുന്ന തടവുകാരെ കൈമാറാനുള്ള കരാറിനും നെതന്യാഹു പ്രധാന തടസമാണെന്ന് ഹമാസ് പ്രതിനിധി ഒസാമ ഹംദാന്‍ പ്രതികരിച്ചു. ഓരോ തവണ കരാറിനോട് അടുക്കുമ്പോഴും അക്രമം നടത്തിയോ നേതാക്കളെ വധിച്ചോ അട്ടിമറിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെയില്‍ ജോ ബൈഡന്‍ പരസ്യമായി നിര്‍ദേശിച്ചതും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചതുമായ മൂന്ന് ഘട്ട ചട്ടക്കൂട് നടപ്പിലാക്കാന്‍ ഇസ്രയേലും ഹമാസും കഴിഞ്ഞ മാസം തത്വത്തില്‍ അംഗീകരിച്ചിരുന്നു. പദ്ധതിയില്‍ ആറാഴ്ചത്തെ പ്രാരംഭ വെടിനിര്‍ത്തല്‍ ഉള്‍പ്പെടുന്നു. ഈ സമയത്ത് ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന പലസ്തീനികള്‍ക്കുള്ള കൈമാറ്റത്തിനു പകരം ഇസ്രയേലി ബന്ദികളെ മോചിപ്പിക്കും. ഗാസ മുനമ്പിലേക്കു പ്രവേശിക്കുന്ന മാനുഷിക സഹായത്തിന്‌റെ അളവ് വര്‍ധിക്കും.

അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഗാസ പട്ടണമായ സവേദയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 17 പേര്‍ കൊല്ലപ്പെട്ടത്. മാനുഷിക മേഖലകള്‍ ഉള്‍പ്പെടുത്തി പലായന ഉത്തരവുകളും ഇസ്രയേല്‍ വിപുലീകരിച്ചിട്ടുണ്ട്.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി