WORLD

തീരാതെ ചോരക്കൊതി; ഗാസയില്‍ മരണസംഖ്യ മുപ്പതിനായിരം കടന്നു, കൂടുതലും സ്ത്രീകളും കുട്ടികളും

ഏകദേശം 23 ലക്ഷം ജനസംഖ്യയുള്ള ഗാസയിലെ ജനസംഖ്യയുടെ 1.3 ശതമാനമാണിത്.

വെബ് ഡെസ്ക്

ഹമാസില്‍ ഇസ്രയേല്‍ നടത്തുന്ന നരഹത്യകള്‍ അവസാനമില്ലാതെ തുടരുന്നു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ ഗാസയില്‍ മുപ്പത്തിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. 30,035 പേരാണ് ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത്. 70,457 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 81 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.

ഏകദേശം 23 ലക്ഷം ജനസംഖ്യയുള്ള ഗാസയിലെ ജനസംഖ്യയുടെ 1.3 ശതമാനമാണിത്. കൊല്ലപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, കൊല്ലപ്പെട്ടവരിലെ സാധാരണക്കാരുടെയും സൈനികരുടെയും കണക്ക് വ്യക്തമല്ല.

കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും അധികമായിരിക്കുമെന്നാണ് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‌. ആശുപത്രികളിൽ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ടവരുടെയും കണക്കുകള്‍ മരണസംഖ്യയിൽ ഉള്‍പ്പെട്ടിട്ടില്ല. ഗാസയില്‍ മുന്‍കാലങ്ങളില്‍ നടന്ന യുദ്ധങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന കണക്കുകളാണ് ഇതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. കൂടാതെ സ്ത്രീകളുടെയും കുട്ടികളുടെയും കണക്കുകളിലും വര്‍ധനവാണുള്ളത്.

മൃതദേഹങ്ങള്‍ ആശുപത്രി ജീവനക്കാരോ ആരോഗ്യ പ്രവര്‍ത്തകരോ കണ്ടെങ്കില്‍ മാത്രമേ ഗാസയില്‍ മരണം രജിസ്റ്റര്‍ ചെയ്യുകയുള്ളു. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ ആശുപത്രികള്‍ പേര്, തിരിച്ചറിയല്‍ നമ്പര്‍, പരുക്കേറ്റതോ മരിച്ചതോ ആയ തീയതി, പരുക്കുകളുടെ വിവരം തുടങ്ങിയ അറിയാവുന്ന വിവരങ്ങള്‍ അടങ്ങിയ കണക്കുകള്‍ ആരോഗ്യ മന്ത്രാലയത്തിന് അയക്കും. പലസ്തീന്‍ റെഡ് ക്രസന്റും വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

എന്നാല്‍ മോര്‍ച്ചറികള്‍ നിറഞ്ഞുകവിയുന്നത്, ആശുപത്രികള്‍ക്കും ക്ലിനിക്കലുകള്‍ക്കും മേലുള്ള ആക്രമണം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ കുറവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളാല്‍ കഴിഞ്ഞ സംഘര്‍ഷങ്ങളേക്കാള്‍ മരണസംഖ്യ ഉറപ്പ് വരുത്താന്‍ ബുദ്ധിമുട്ടാണ്. ദീര്‍ഘകാലത്തേക്കുള്ള ഉടമ്പടികള്‍ അംഗീകരിക്കപ്പെടുകയോ യുദ്ധം അവസാനിക്കുകയോ ചെയ്താല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനും കാണാതായവരെ കണ്ടെത്താനും പൂര്‍ണമായ കണക്കുകള്‍ മനസിലാക്കാനും സാധിക്കൂ.

വ്യോമാക്രമണങ്ങളിലൂടെയും നേരിട്ടുള്ള യുദ്ധത്തിലൂടയും മാത്രമല്ല, യുദ്ധം മൂലമുള്ള പോഷാകാഹാരക്കുറവും മോശമായ ആരോഗ്യ സ്ഥിതികളും കാരണം നിരവധിപ്പേര്‍ കൊല്ലപ്പെടുന്നുണ്ട്. നേരത്തെ തന്നെ ഗാസന്‍ ജനത പട്ടിണിയുടെ ഭീഷണിയിലാണെന്ന് ഐക്യ രാഷ്ട്ര സഭയും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ 10000 ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യം അന്താരാഷ്ട്ര മാധ്യമമായ ബിബിസിയോട് പറഞ്ഞു.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം