WORLD

ഗാസയിലെ ആശുപത്രികളിൽ 24 മണിക്കൂർ പ്രവർത്തിക്കാനുള്ള ഇന്ധനം മാത്രം; ഉപരോധം ഉടൻ നീക്കണമെന്ന് ഐക്യരാഷ്ട്രസഭ

വെബ് ഡെസ്ക്

പലസ്തീനെതിരായ ഇസ്രയേലിന്റെ സൈനിക നടപടി രൂക്ഷമായി തുടരുമ്പോൾ ഗാസയിൽനിന്ന് പുറത്തുവരുന്നത് കൂടുതൽ ഭീതിജനകമായ വിവരങ്ങൾ. ഗാസയിലെ ആശുപത്രികളിൽ ബാക്കിയുള്ളത് 24 മണിക്കൂർ മാത്രം പ്രവർത്തിക്കാനുള്ള ഇന്ധനം. ഇസ്രയേൽ ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇന്ധനവും വെള്ളവും ഭക്ഷണവും വൈദ്യുതിയുമുൾപ്പെടെ എല്ലാം തടഞ്ഞതോടെയാണ് ഇത്ര രൂക്ഷമായ പ്രതിസന്ധിയിലേക്ക് ഗാസ എത്തിയത്.

ഹമാസും തുടർന്ന് ഇസ്രയേലും നടത്തിയ ആക്രമണങ്ങളിൽ 2750 ഓളം പലസ്തീനികളും 1400 ലധികം ഇസ്രയേലികളുമാണ് ഇതുവരെ മരിച്ചത്. പതിനായിരത്തോളം പേർക്ക് പരുക്കേറ്റു.

കവചിത വാഹനങ്ങളുമായി കർമാർഗമുള്ള ആക്രമണത്തിനായി ഇസ്രയേൽ സൈനികർ ഗാസ അതിർത്തിക്ക് സമീപം തമ്പടിച്ചിരിക്കുകയാണെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. രാഷ്ട്രീയ തീരുമാനം പുറത്തുവരുന്ന നിമിഷം തന്നെ ആക്രമണം നടത്തുന്നതിന് സജ്ജമായാണ് സൈന്യം നിലകൊള്ളുന്നത്.

അതേസമയം, ഗാസ പിടിച്ചെടുക്കുകയെന്ന ഉദ്ദേശ്യം തങ്ങൾക്കില്ലെന്നും പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇസ്രയേൽ ഇപ്പോൾ പറയുന്നത്. ഗാസയെ വീണ്ടും പിടിച്ചെടുക്കലാണ് ഇസ്രയേലിന്റെ ഉദ്ദേശമെങ്കിൽ അത് വലിയ അബദ്ധമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ പറഞ്ഞതിനോടുള്ള പ്രതികരണമായാണ് ഇസ്രയേലിന്റെ ഈ നിലപാട്. യു എന്നിലെ ഇസ്രായേ അംബാസഡറാണ് ഇക്കാര്യം പറഞ്ഞത്.

"ഞങ്ങൾക്ക് ഗാസ പിടിച്ചെടുക്കുകയെന്നൊരു ഉദ്ദേശ്യമേ ഇല്ല. പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്. ഹമാസിനെ ഇല്ലാതാക്കുക മാത്രമാണ് ഞങ്ങൾക്ക് മുമ്പിലുള്ള വഴി. അതിന് ഹമാസിന്റെ കഴിവുകൾ ഓരോന്നായി ഇല്ലാതാക്കണം," ഇസ്രായേലി അംബാസഡർ ഒരു പ്രദശിക മാധ്യമത്തോട് പറഞ്ഞു.

ഗാസ പിടിച്ചെടുക്കുകയാണ് ഇസ്രയേലിന്റെ ഉദ്ദേശമെങ്കിൽ അതൊരു മണ്ടത്തരമായിരിക്കുമെന്നും ഹമാസ് പ്രതിനിധീകരിക്കുന്നത് മുഴുവൻ പലസ്തീനിയൻ ജനതയെ അല്ലെന്നും യു എസ് പ്രസിഡന്റ ജോ ബൈഡൻ കഴിഞ്ഞ ദിവസം സി ബി സി ന്യൂസിലെ 'സിക്സ്റ്റി മിനുട്സ് ഇന്റർവ്യൂ' എന്ന പരിപാടിയിലാണ് പറഞ്ഞത്. മാനുഷികമായി ഗാസയ്ക്ക് ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങൾ തടഞ്ഞുവയ്ക്കുന്നത് ശരിയല്ലെന്നും ഗാസയിൽനിന്ന് ആളുകളെ ഒഴിപ്പിച്ച് ഇസ്രായേൽ അധിനിവേശം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

1967 മുതൽ 2005 വരെ ഗാസയെ കൈവശം വച്ചിരുന്നത് ഇസ്രയേൽ വീണ്ടും ആവർത്തിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് വലിയ തെറ്റായിരിക്കും. ഹമാസിനെ തുരത്തണമെന്ന് വിശ്വസിക്കുമ്പോൾ തന്നെ സ്വതന്ത്രമായ പലസ്‌തീൻ രാഷ്ട്രം ആവശ്യമാണെന്നും ബൈഡൻ പറയുന്നു.

ലെബനൺ അതിർത്തിയിൽനിന്ന് ഇരുപത്തിയഞ്ചോളം പേരെ ഇസ്രയേൽ സേന ഒഴിപ്പിച്ചിരുക്കുന്നതായ വിവരങ്ങൾ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാനുഷികമായി ഗാസയിലെ ജനങ്ങൾക്ക് അവകാശപ്പെട്ട അടിസ്ഥാന വസ്തുക്കളിലുള്ള ഉപരോധം നീക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഈജിപ്തിലും, ജോർദാനിലും, വെസ്റ്റ് ബാങ്കിലും ഭക്ഷണസാധനങ്ങളും, മരുന്നുകളും ഇന്ധനങ്ങളുടെയും സ്റ്റോക്കുണ്ടെന്നും അത് ഉടൻ തന്നെ ഗാസയിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അറിയിച്ചു.

അതിനിടെ, ഹമാസ്-ഇസ്രയേൽ സംഘർഷം ലോകത്തിന്റെ മറ്റിടങ്ങളിലേക്ക് വിദ്വേഷമായി മാറുന്നതിന്റെ വാർത്തകളും പുറത്തുവരുന്നു. യു എസിൽ പലസ്തീൻ വംശജനായ ആറ് വയസുകാരനെ എഴുപത്തിയൊന്നുകാരൻ കുത്തിക്കൊന്നു. കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചിക്കാഗോയ്ക്ക് സമീപമുള്ള പ്ലയിൻഫീൽഡ് ടൗൺഷിപ്പിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. യു എസ് പൗരനായ പ്രതി ജോസഫ് സൂബയെ പോലീസ് അറസ്റ്റ് ചെയ്തു.

26 കുത്തേറ്റ കുട്ടി ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ മരണത്തിന് കീഴടങ്ങി. പലസ്‌തീനിൽനിന്ന് അമേരിക്കയിലേക്ക് അഭയാർഥികളായി വന്ന കുടുംബത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മുപ്പത്തിരണ്ടുകാരിയായ അമ്മ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ശരീരത്തിൽ പന്ത്രണ്ടോളം മുറിവുകളുണ്ട്. ഇരുവർക്കും നെഞ്ചിലുൾപ്പടെ കുത്തേറ്റു.

ക്രൂരമായ ആക്രമണത്തിനിരയായ രണ്ടുപേരും മുസ്ലിമാണെന്നും ഹമാസിനോടുള്ള പ്രതികാരമെന്നോണമാണ് പ്രതി ആക്രമണം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. കൊലപാതകം, വിദ്വേഷ കുറ്റകൃത്യം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. പ്രതിയെക്കുറിച്ചുള്ള വിവരവും ആക്രമണത്തിനു പിന്നിലെ ലക്ഷ്യവും വിൽ കൗണ്ടി ഷെരിഫ് ഓഫീസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്വേഷത്തിന് അമേരിക്കയിൽ സ്ഥാനമുണ്ടാകില്ലെന്ന് സംഭവത്തിനുപിന്നാലെ പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്