അമേരിക്കൻ സർവകലാശാലകളിലെ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ ലോകശ്രദ്ധ നേടുന്നത് അതിനെതിരെ അധികൃതർ നടത്തിയ അടിച്ചമർത്തലുകളിലൂടെയാണ്. വിദ്യാർഥികൾ സ്ഥാപിച്ച ക്യാമ്പുകൾ നീക്കിയും അവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയുമാണ് അധികൃതർ പ്രതിഷേധങ്ങളോട് പ്രതികരിച്ചത്. എന്നാൽ പല സർവകലാശാലകളിലും ഈ നീക്കം മറ്റൊരു ചോദ്യം ഉയർത്തുകയാണ്. ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങളിൽ പ്രതിഷേധിക്കുന്നവർ അഭിപ്രായസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവരുടെ അവകാശങ്ങൾക്ക് വെല്ലുവിളികൾ നേരിടുന്നുണ്ടോ? ഇൻഡ്യാന യൂണിവേഴ്‌സിറ്റി ബ്ലൂമിങ്ടണിലാണ് ഈ വിഷയം ചൂടേറിയ സംവാദത്തിനു വഴിവെക്കുന്നത്.
യുഎസിലെ കോളേജ് കാമ്പസുകൾ വളരെക്കാലമായി അക്കാദമിക് സ്വാതന്ത്ര്യത്തിൻ്റെയും രാഷ്ട്രീയ പ്രതിഷേധങ്ങളുടെയും കോട്ടകളാണ്. ഇൻഡ്യാന യൂണിവേഴ്‌സിറ്റിയും ഇതിൽനിന്ന് വിഭിന്നമല്ല. സർവകലാശാലയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'എല്ലാ വിഷയങ്ങളിലുമുള്ള ആവിഷ്‌കാരത്തിനുള്ള പൊതുവേദി' ആയി 55 വർഷമായി ഇൻഡ്യയാനയിലെ ഡൺ പുൽമേടുകൾ പ്രവർത്തിച്ചുപോന്നിരുന്നു. എന്നാൽ കഴിഞ്ഞ ഏപ്രിൽ 24-ന് സർവകലാശാലയുടെ ഈ നയത്തിൽ വ്യത്യാസമുഉണ്ടായി. 1969 മുതൽ നിലവിലുണ്ടായിരുന്ന നയങ്ങൾ സർവകലാശാലാ അധികൃതർ പരിഷ്കരിക്കുകയായിരുന്നു.
പുൽമേട്ടിൽ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി അടയാളങ്ങളോ ചിഹ്നങ്ങളോ ഘടനകളോ ഉപയോഗിക്കാൻ സർവകലാശാല നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ മാറ്റം പ്രകാരം മുൻകൂർ അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് നിരോധിച്ചു. അടുത്ത ദിവസം തന്നെ പ്രതിഷേധ ക്യാമ്പുകൾ പൊളിക്കാൻ പോലീസ് എത്തി. പിന്നാലെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്ന സംവാദം സർവകലാശാലയിൽ ഉയർന്നു.
"വിദ്യാർഥികളും അധ്യാപകരും മറ്റുള്ളവരും പതിറ്റാണ്ടുകളായി ഈ പുൽമേട്ടിൽ ഒത്തുകൂടിയിട്ടുണ്ട്, ഇങ്ങനെ ഒരിക്കലും കണ്ടിട്ടില്ല," ഏപ്രിൽ 25 ന് പ്രതിഷേധക്കാരോടൊപ്പം ചേർന്ന യൂണിവേഴ്സിറ്റിയിലെ ജർമനിക് സ്റ്റഡീസ് പ്രൊഫസർ ബെഞ്ചമിൻ റോബിൻസൺ പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തവണ ഇത് വ്യത്യസ്തമാകുന്നതെന്ന് തങ്ങൾ ആശ്ചര്യപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു.
പോലീസ് നടപടികൾക്കൊടുവിൽ അൻപതോളം പ്രകടനക്കാരെ അറസ്റ്റ് ചെയ്യുകയും ഇവരെ ക്യാമ്പസിൽ പ്രവേശിക്കുന്നതിൽനിന്ന് ഒരു വർഷത്തേക്ക് ഉടനടി വിലക്കുകയും ചെയ്തു.
പലസ്തീനിലെ മനുഷ്യത്വ വിരുദ്ധമായ അതിക്രമങ്ങൾക്കു പുറമെ സർവകലാശാലകളും ഇസ്രയേലും തമ്മിലുള്ള ബന്ധവും ഇസ്രയേലിന് അമേരിക്ക നൽകുന്ന അചഞ്ചലമായ പിന്തുണയുമാണ് പ്രക്ഷോഭകാരികൾ ചോദ്യം ചെയ്യുന്നത്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ വലിയ പ്രാധാന്യത്തോടെ കാണുന്ന അമേരിക്ക പക്ഷേ ഈ വിഷയത്തിൽ അങ്ങനെ അല്ല. ഇസ്രയേലി, ജൂത പശ്ചാത്തലത്തിലുള്ള വിദ്യാർഥികളെ പ്രതിഷേധക്കാർ ലക്ഷ്യം വെക്കുമോയെന്ന ആശങ്കയുണ്ടെന്നും സുരക്ഷിതമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനു ക്യാമ്പുകൾ പൊളിച്ചുമാറ്റുന്നത് അനിവാര്യമാണെന്നുമാണ് സർവകലാശാല വാദം. എന്നാൽ തികഞ്ഞ പക്ഷപാതിത്വമാണ് ഈ വിഷയത്തിൽ അധികൃതർ കാണിക്കുന്നതെന്ന് അധ്യാപകരും വിദ്യാർഥികളും ചൂണ്ടിക്കാട്ടുന്നു.
സർവകലാശാലയുടെ പെട്ടെന്നുള്ള നയമാറ്റം ഇത് വ്യക്തമാക്കുന്നുമുണ്ട്. ആർക്ക് ശബ്‌ദിക്കാം, ആരുടെ ശബ്‍ദം തടയപ്പെടുമെന്നാണ് ഈ നീക്കങ്ങൾ വ്യക്തമാക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. പതിറ്റാണ്ടുകൾ പഴക്കമുള്ള നയം മാറ്റിയത് അപകടകരമാണെന്നും പലരും പറയുന്നു.
സർവകലാശാലയുടെ നിയമമോ നയമോ മനഃപൂർവം ലംഘിക്കാത്ത അഹിംസാത്മക പ്രവൃത്തികളായി നിർവചിച്ചിരിക്കുന്ന പ്രതിഷേധരീതികളെ അധികൃതർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് നിലവിൽ വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നത്. അക്രമാസക്തമായ അറസ്റ്റുകളാണ് എന്നും നടന്നുകൊണ്ടിരിക്കുന്നത്. 25 കാമ്പസുകളിലായി ആയിരത്തിലധികം അറസ്റ്റുകൾ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിനകം സംഘർഷഭരിതമായ സാഹചര്യം അറസ്റ്റ് നടപടികൾ തുടരുമ്പോൾ കൂടുതൽ മോശമാകുമെന്നാണ് വിമർശകർ വിലയിരുത്തുന്നത്.
ജോർജിയ അറ്റ്‌ലാൻ്റയിലെ എമോറി യൂണിവേഴ്‌സിറ്റിയിലും ഓസ്റ്റിനിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലും ഫാക്കൽറ്റി അംഗങ്ങൾക്കും വിദ്യാർഥികൾക്കുമെതിരെയുള്ള പോലീസ് അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ രോഷം ആളിക്കത്തിക്കുകയാണ് ചെയ്തത്. സർവകലാശാലകൾ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെ കൂടുതൽ വിശാലമായ രീതിയിൽ കൈകാര്യം ചെയ്യണമെന്ന ആവശ്യം ആഗോളതലത്തിൽ ഉയർന്നുകഴിഞ്ഞു.