WORLD

ഗാസ മുതല്‍ യുക്രെയ്ന്‍ വരെ, ആഗോളതലത്തില്‍ നൂറിലധികം സംഘര്‍ഷ മേഖലകള്‍; ജനീവ കണ്‍വെന്‍ഷന്റെ 75-ാം വാര്‍ഷികവും ലോകവും

യുദ്ധ മേഖലകളില്‍ സാധാരണക്കാര്‍ നേരിടുന്നത് വലിയ ദുരിതങ്ങളെന്ന് ഇന്റര്‍നാഷണല്‍ കമ്മറ്റി ഓഫ് റെഡ് ക്രോസും ചൂണ്ടിക്കാട്ടുന്നു. യുദ്ധമുഖങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍ ആധുനിക സാഹചര്യത്തില്‍ പാടെ അവഗണിക്കപ്പെടുന്നു എന്നാണ് റെഡ് ക്രോസ് ചൂണ്ടിക്കാട്ടുന്നത്

വെബ് ഡെസ്ക്

അധിനിവേശങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും ആക്രമണങ്ങളും ലോക വാര്‍ത്തകളില്‍ നിറയുമ്പോള്‍ വീണ്ടുമൊരു ഓഗസ്റ്റ് 12 കുടി കടന്നു പോകുന്നു. 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1949 ഓഗസ്റ്റ് 12ന് ആയിരുന്നു ജനീവ കണ്‍വെന്‍ഷന്‍ നിലവില്‍ വന്നത്. ആഗോള തലത്തില്‍ ഒട്ടുമിക്ക രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള ഈ ഉടമ്പടി സജീവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട സമയത്തുകൂടിയാണ് വര്‍ത്തമാന കാലം കടന്നുപോകുന്നത്. ഗാസ മുതല്‍ യുക്രെയ്ന്‍ വരെ ലോകത്ത് ലോകമെമ്പാടും സജീവമായ 120-ലധികം സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുകയും മാനുഷ്യാവകാശങ്ങള്‍ പാടെ അവഗണിക്കപ്പെടുകയും ചെയ്യുന്ന കാലത്താണ് ജനീവ കണ്‍വെന്‍ഷന്റെ 75-ാം വാര്‍ഷികം ആചരിക്കപ്പെടുന്നത്.

യുദ്ധ മേഖലയിലെ സാധാരണക്കാര്‍, തടവുകാര്‍, പരുക്കേറ്റ സൈനികര്‍ എന്നിവരുടെ സംരക്ഷണമാണ് ജനീവ കണ്‍വെന്‍ഷന്‍ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ലോകമെമ്പാടുമുള്ള സംഘര്‍ഷ മേഖലകളില്‍ ഇവ നിസാരമായി അവഗണിക്കപ്പെടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നത്. യുദ്ധ മേഖലകളില്‍ സാധാരണക്കാര്‍ നേരിടുന്നത് വലിയ ദുരിതങ്ങളെന്ന് ഇന്റര്‍നാഷണല്‍ കമ്മറ്റി ഓഫ് റെഡ് ക്രോസും ചൂണ്ടിക്കാട്ടുന്നു. യുദ്ധ മുഖങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍ ആധുനിക സാഹചര്യത്തില്‍ പാടെ അവഗണിക്കപ്പെടുന്നു എന്നാണ് റെഡ് ക്രോസ് ചൂണ്ടിക്കാട്ടുന്നത്.

ഗാസ, യുക്രെയ്ന്‍, സിറിയ, മ്യാന്‍മര്‍ തുടങ്ങിയ മേഖലകളിലെ സംഘര്‍ഷങ്ങള്‍ ജനീവ കണ്‍വെന്‍ഷന്‍ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങളെ പാടെ അവഗണിക്കുന്നതാണെന്നാണ് റെഡ് ക്രോസ് ചൂണ്ടിക്കാട്ടുന്നത്. യുദ്ധ മേഖലകളിലെ മനുഷ്യാവകാശ ലംഘങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ പുതിയ നിയമങ്ങള്‍ ആവശ്യമാണെന്നും റെഡ് ക്രോസ് പറയുന്നു.

യുദ്ധ മേഖലയിലെ സാധാരണക്കാരുടെ സംരക്ഷണം, തടവിലാക്കപ്പെടുന്നതും, പരുക്കേല്‍ക്കുന്നതുമായ സൈനികരുടെ ക്ഷേമം എന്നിവയാണ് 1949 ലെ ജനീവ കണ്‍വെന്‍ഷന്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇവയെല്ലാം പാടെ അവഗണിക്കപ്പെടുന്ന കാഴ്ചകളാണ് പല യുദ്ധ മേഖലകളില്‍ നിന്നും പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ സായുധ പോരാട്ടങ്ങളില്‍ നിന്നും ഇരകളെ സംരക്ഷിക്കുന്ന നിലയില്‍ ശക്തമായ ചട്ടക്കൂടുകള്‍ നിര്‍മ്മിക്കപ്പെടണം. മരണങ്ങളെ ന്യായീകരിക്കുന്ന ആഗോള സാഹചര്യത്തില്‍ നിന്നും ജീവനുകള്‍ സംരക്ഷിക്കപ്പെടുക എന്ന നിലയിലേക്ക് ആശയങ്ങള്‍ മാറേണ്ടതുണ്ടെന്നും റെഡ് ക്രോസ് പ്രസിഡന്റ് മിര്‍ജാന സ്പോള്‍ജാറിക് ചൂണ്ടിക്കാട്ടുന്നു.

ജനീവ കണ്‍വെന്‍ഷന്റെ 75-ാം വാര്‍ഷിക ദിനത്തില്‍ പങ്കുവച്ച എക്‌സ് പോസ്റ്റിലും കരാറിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് റെഡ് ക്രോസ്. കറുത്ത കാലഘട്ടങ്ങളിലും മനുഷ്യന്റെ മഹത്വം കാത്തുസൂക്ഷിക്കപ്പെടണം. മനുഷ്യ ജീവനുകള്‍ സംരക്ഷിക്കപ്പെടണം. ഇതിനായി സൈനിക വിഭാഗങ്ങളും സായുധ സംഘടനകളും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണം. എല്ലാ യുദ്ധങ്ങള്‍ക്കും പരിധിയുണ്ടെന്ന വലിയ സന്ദേശമാണ് ആധുനിക യുദ്ധങ്ങള്‍ തെളിയിക്കുന്നത്. യുദ്ധങ്ങള്‍ക്ക് ഒരു നിയമാവലി എന്നത്തേക്കാളും ഇന്നത്തെ ലോകം ആവശ്യപ്പെടുന്നു. ജനീവ കണ്‍വെന്‍ഷന്‍ അന്‍പതാം വാര്‍ഷികം ആചരിച്ചപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആറിരട്ടി വര്‍ധനയാണ് ഇപ്പോള്‍ ലോകത്ത് സംഘഷമേഖകളില്‍ ഉണ്ടായിട്ടുള്ളത് എന്നും റെഡ് ക്രോസ് പറയുന്നു.

സാങ്കേതിക വിദ്യയുള്‍പ്പെടെ വലിയ വളര്‍ച്ച നേടിയ ഇക്കാലത്ത് സംഘര്‍ഷങ്ങള്‍ ഇരുപതാം നൂറ്റാണ്ടിനേക്കാള്‍ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യകളും നഗരവത്കരണവും വലിയ വളര്‍ച്ച നേടി. തീവ്രവാദികളെന്ന് മുദ്രകുത്തി ആസുത്രിതമായ കൂട്ടകൊലകള്‍ പോലും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. യുദ്ധ മുഖങ്ങളില്‍ ആശുപത്രികളും സ്‌കൂളുകളും ആംബുലന്‍സുകളും ആക്രമിക്കപ്പെടുന്നു. ദുരിതാശ്വാസ പ്രവര്‍ത്തകരും സാധാരണക്കാരും കൊല്ലപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോഴും സംവിധാനങ്ങള്‍ ഇടപെടാതിരിക്കുന്ന സാഹചര്യത്തില്‍ ആക്രമങ്ങള്‍ക്ക് അത് ഇന്ധനം പകരുന്നു. സംഘര്‍ഷങ്ങള്‍ പതിറ്റാണ്ടുകള്‍ നീളുന്ന നിലയിലേക്കും ഇത് വഴിതുറക്കുന്നു.

ഗാസ മുതല്‍ യുക്രെയ്ന്‍ വരെയുള്ള സംഘര്‍ഷങ്ങളില്‍ ജനീവ കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഇതിനോടകം തന്നെ ആക്ഷേപങ്ങള്‍ ശക്തമാണ്. യുഎന്‍ വംശഹത്യ കണ്‍വെന്‍ഷന്‍ പ്രകാരം പട്ടികപ്പെടുത്തിയ അഞ്ച് നിയമങ്ങളില്‍ മൂന്നെണ്ണം ഗാസയിലെ സൈനിക നീക്കത്തില്‍ ഇസ്രയേല്‍ ലംഘിച്ചതായി യുഎന്‍ തന്നെ ചൂണ്ടിക്കാട്ടിക്കഴിഞ്ഞിട്ടുണ്ട്. ഗാസയില്‍ നടക്കുന്നത് വംശഹത്യയാണ് എന്ന ആരോപണം ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ഇതിനോടകം ഇസ്രയേലിന് എതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിട്ടുണ്ട്. 12 രാജ്യങ്ങള്‍ ഈ കേസിനെ പിന്തുണയ്ച്ച് രംഗത്തെത്തുകയും ചെയ്തു. അതേസമയംതന്നെ യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശം യുദ്ധക്കുറ്റമായി അന്വേഷിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പോലുള്ള സംഘടനകളും ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി