WORLD

എത്യോപ്യ കഴിഞ്ഞാല്‍ ഗാസ; നടക്കുന്നത് നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ നരഹത്യ

ബ്രിട്ടന്‍ ആസ്ഥാനമായുള്ള പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ 'ദ ലാന്‍സെറ്റ്' നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്

വെബ് ഡെസ്ക്

ഗാസാ മുനമ്പിനും അവിടുത്തെ ഹതാശരായ ജനങ്ങള്‍ക്കും നേരെ ഇസ്രയേല്‍ നടത്തുന്ന സമാനതകളില്ലാത്ത ക്രൂരതകള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നരഹത്യയ്ക്കാണ് വഴിയൊരുക്കിയതെന്നു പഠനറിപ്പോര്‍ട്ട്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ 'ദ ലാന്‍സെറ്റ്' നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരം കവിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2011-നും 2021-നുമിടയില്‍ എത്യോപ്യയിലെ ആഭ്യന്തര യുദ്ധത്തില്‍ ആറു ലക്ഷംപേര്‍ കൊല്ലപ്പെട്ടതിനു ശേഷം ലോകം കണ്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നരഹത്യയാണ് ഗാസയില്‍ നടക്കുന്നതെന്നും 'ദ ലാന്‍സെറ്റ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാസയിലെ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളില്‍ 2023 ഒക്‌ടോബര്‍ ഏഴിന് സംഗഘര്‍ഷം ആരംഭിച്ച ശേഷം 38,000 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്നും യാതൊരു രേഖകള്‍ പോലുമില്ലാതെ കൂട്ടശ്മശാനങ്ങള്‍ ഒരുക്കി പലയിടത്തും ആളുകളെ കൂട്ടമായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും അധിനിവേശം നടത്തുന്ന ഇസ്രയേലിനെതിരേ ആയുധമെടുത്തു പൊരുതുന്ന പലസ്തീനികളുടെ മനോവീര്യം കെടുത്താതിരിക്കാനാണ് യഥാര്‍ത്ഥ കണക്കുകള്‍ അവര്‍ പുറത്തുവിടാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പശ്ചിമേഷ്യ ഇതുവരെ കാണാത്ത അത്ര വലിയ കെടുതിയിലേക്കാണ് നീങ്ങുന്നതെന്നും സമീപ വര്‍ഷങ്ങളിലൊന്നും തന്നെ ഈ മേഖല സാധാരണ നിലയിലേക്ക് തിരികെ വരില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷത്തില്‍ നേരിട്ടുകൊല്ലപ്പെടുന്നതിനേക്കാള്‍ വലിയ നരഹത്യയ്ക്കാണ് ഇനി മേഖല സാക്ഷ്യം വഹിക്കാനൊരുങ്ങുന്നതെന്നും ലക്ഷക്കണക്കിനു പേര്‍ക്ക് ജീവന്‍ നഷ്ടമായേക്കാവുന്ന പകര്‍ച്ചവ്യാധികളും മറ്റ് അസുഖങ്ങളും സംഘര്‍ഷത്തിന്റെ ഫലമായി മേഖലയെ സാരമായി ബാധിച്ചേക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാസയിലെ സംഘര്‍ഷം ഉടന്‍ അവസാനിച്ചാല്‍ പോലും ഈ യുദ്ധം തുടങ്ങിവച്ച നരഹത്യ അവസാനിക്കില്ലെന്നും വരുന്ന വര്‍ഷങ്ങളില്‍ കൊടിയ അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും മൂലം ലക്ഷക്കണക്കിനു പേര്‍ക്ക് ജീവന്‍ നഷ്ടമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹമാസിനെ ഇല്ലാതാക്കാനെന്ന പേരില്‍ ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം ഒന്‍പത് മാസം പിന്നിടുകയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ് ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ അഴിച്ചുവിടുന്നതെന്ന് ലോക രാഷ്ട്രങ്ങള്‍ വരെ ചൂണ്ടിക്കാട്ടുമ്പോഴും സൈനിക നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ആവര്‍ത്തിക്കുന്നത്.

എന്നാല്‍ ഗാസയിലെ സൈനിക നടപടിയുടെ പേരില്‍ ഇസ്രയേല്‍ സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നത ഉടലെടുത്തുകഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇസ്രയേല്‍ സൈനിക നേതൃത്വം ഗാസയില്‍ വെടിനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരു നേതൃത്വങ്ങളും തമ്മിലുള്ള ഭിന്നത ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം