WORLD

കുടിക്കാന്‍ മലിനജലം മാത്രം; ഗാസയിലെ 23 ലക്ഷം ജനങ്ങള്‍ അപകടത്തിന്റെ വക്കിലെന്ന് യുഎന്‍

ഇന്ധനം ലഭിക്കാത്തതിനാല്‍ ശുദ്ധജല പ്ലാന്റും പൊതുജല വിതരണ ശൃംഖലയും പ്രവർത്തന രഹിതമാണ്. ഒരാഴ്ചയായി ഗാസയിലേക്ക് യാതൊരുവിധ മാനുഷിക സഹായങ്ങളും എത്തിക്കാൻ സാധിച്ചിട്ടില്ല

വെബ് ഡെസ്ക്

ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളിലും ഉപരോധത്തിലും വലഞ്ഞ് ഗാസാ നിവാസികള്‍. ഇസ്രയേല്‍ ഉപരോധങ്ങളെ തുടര്‍ന്ന് കുടിവെള്ളവ ഭക്ഷണവും മുടങ്ങിയ നിലയിലാണ് ജനങ്ങള്‍. അടിയന്തര ഇടപെടുണ്ടായില്ലെങ്കില്‍ വലിയ ദുരന്തത്തിലേക്ക് ഗാസ നീങ്ങുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം മേഖലയിലേക്കുള്ള വൈദ്യുതി- ജലം- ഭക്ഷണം- ഇന്ധനം എന്നിവയുടെ വിതരണത്തെ തടസപ്പെടുത്തിയിരുന്നു. ഉപരോധം ദിവസങ്ങൾ പിന്നിട്ടതോടെ ലഭ്യമായ ഇന്ധനത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശുദ്ധജല പ്ലാന്റുകളുടെ പ്രവർത്തനം അവസാനിച്ചു. ഇതോടെയാണ് 23 ലക്ഷം മനുഷ്യർക്ക് കുടിക്കാൻ ഒരുതുള്ളി വെള്ളമില്ലാത്ത അവസ്ഥയുണ്ടായിരിക്കുന്നത്. മാനുഷിക സഹായമെത്തിക്കാനും ഉപരോധം മൂലം സാധിക്കാത്ത അവസ്ഥയാണ്.

കുടിവെള്ളത്തിന്റെ ദൗർലഭ്യതയെ തുടർന്ന് ഗാസയിലെ മനുഷ്യരുടെ ജീവൻ അപകടത്തിലായിരിക്കുകയാണെന്ന് യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പലസ്തീൻ റെഫ്യൂജീസ് (യുഎൻആർഡബ്ല്യുഎ) ശനിയാഴ്ച അറിയിച്ചു. “ഇതൊരു ജീവൽ പ്രശ്നമായി മാറിയിരിക്കുന്നു. രണ്ട് ദശലക്ഷം ആളുകൾക്ക് വെള്ളം ലഭ്യമാക്കുന്നതിന് ഗാസയിലേക്ക് ഉടൻ ഇന്ധനം എത്തിക്കേണ്ടതുണ്ട്. ജനങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭിക്കാനുള്ള ഏക മാർഗം ഇന്ധനമാണ്. ഇല്ലെങ്കിൽ, ആളുകൾ കടുത്ത നിർജ്ജലീകരണം മൂലം മരിക്കാൻ തുടങ്ങും, അവരിൽ കൊച്ചുകുട്ടികളും പ്രായമായവരും സ്ത്രീകളുമുണ്ട്. വെള്ളമാണ് ഇപ്പോൾ അവശേഷിക്കുന്ന അവസാനത്തെ ജീവനാഡി. മാനുഷിക സഹായത്തിനായുള്ള ഉപരോധം ഉടൻ പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ”യുഎൻആർഡബ്ല്യുഎ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി പറഞ്ഞു.

ഇന്ധനം ലഭിക്കാത്തതിനാല്‍ ശുദ്ധജല പ്ലാന്റും പൊതുജല വിതരണ ശൃംഖലയും പ്രവർത്തന രഹിതമാണ്. ഒരാഴ്ചയായി ഗാസയിലേക്ക് യാതൊരുവിധ മാനുഷിക സഹായങ്ങളും എത്തിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ കിണറുകളിൽ നിന്നുള്ള അഴുക്കുവെള്ളം ഉപയോഗിക്കാൻ ഗാസയിലെ ആളുകൾ നിർബന്ധിതരായിരിക്കുകയാണെന്നും യുഎൻആർഡബ്യുഎ പറയുന്നു.

അതേസമയം, കരമാർഗമുള്ള ആക്രമണം ആരംഭിക്കുന്നതിന് മുന്നോടിയായി വടക്കൻ ഗാസയിലുള്ളവരോട് മാറിത്താമസിക്കണമെന്ന് ഇസ്രയേൽ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ഏകദേശം പത്തുലക്ഷം ആളുകൾ സ്വന്തം വീടുപേക്ഷിച്ച് തെക്കൻ ഗാസയിലേക്ക് കൂട്ടപലായനം നടത്തിയിരിക്കുകയാണ്. ശനിയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ തെക്കൻ ഗാസയിലേക്ക് സഞ്ചരിക്കുകയായിരുന്ന എഴുപതോളം പേർ കൊല്ലപ്പെട്ടിരുന്നു. ഈജിപ്തുമായി അതിർത്തി പങ്കിടുന്ന റഫാ പ്രദേശത്തേക്ക് പോകുന്ന ഗാസൻ ജനങ്ങൾക്ക് കഴിക്കാൻ ഭക്ഷണമോ കയറിക്കിടക്കാൻ സ്ഥലമോ ഇല്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇനി തിരികെ വരാൻ സാധിക്കുമോയെന്ന് ഉറപ്പില്ലാതെയാണ് ആളുകൾ വീടുപേക്ഷിച്ച് പോകുന്നത്. ഗാസയുടെ തെക്കേ മേഖലയിൽ എത്തുന്നവര്‍ സുഹൃത്തുക്കളുടെ വീടുകളിലും വഴിയോരങ്ങളിലുമാണ് താമസിക്കുന്നത്. എന്നാൽ ചിലർ സ്വന്തം വീടുവിട്ട് പോകാൻ ഇനിയും തയാറായിട്ടില്ല. മരിക്കുന്നെങ്കിൽ സ്വന്തം വീട്ടിൽക്കിടന്ന് മരിക്കാമെന്ന നിലപാടിലാണ് ഇവരെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ 2215 പലസ്തീനികളാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എണ്ണായിരത്തിലധികം ആളുകൾക്ക് പരുക്കേറ്റിട്ടുമുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ