WORLD

'കുട്ടികളുടെ കരച്ചില്‍ കണ്ടുനിൽക്കാനാവില്ല, ചുറ്റും ഭീതിയുളവാക്കുന്ന കാഴ്ചകള്‍'; ഗാസ അല്‍-ഷിഫ ആശുപത്രി സര്‍ജന്‍ പറയുന്നു

വെബ് ഡെസ്ക്

''ഓരോ ദിവസം അവസാനിക്കുമ്പോഴും കരുതും ഇന്നാണ് ഞാന്‍ കണ്ട ഏറ്റവും മോശം ദിവസമെന്ന്. എന്നാല്‍ അടുത്ത ദിവസമാകട്ടെ, അതിനെക്കാളും മോശമായിരിക്കും. എന്നാകും ഈ പറച്ചിലിനൊരു അവസാനമുണ്ടാകുക,''-ഗാസയില്‍ ആധുനിക സൗകര്യങ്ങളെല്ലാമുള്ള അല്‍-ഷിഫ ആശുപത്രിയിലെ സര്‍ജന്‍ സാറ അല്‍ സക്ക ചോദിക്കുന്നു.

ജീവനുള്ളവരെയും മരിച്ചവരെയും കൊണ്ട് അല്‍ ഷിഫ ആശുപത്രി നിറഞ്ഞുകഴിഞ്ഞു. ഒരു രോഗിയില്‍നിന്ന് മറ്റൊരു രോഗിയിലേക്ക് ഓടിനടക്കുകയാണ് ഡോക്ടര്‍മാര്‍. ഓരോരുത്തര്‍ക്കു വേണ്ടിയും ചെലവഴിക്കാന്‍ സാധിക്കുന്നത് വളരെ കുറച്ച് മിനിട്ടുകള്‍ മാത്രം. നിലത്തും സ്‌ട്രെച്ചസിലും മുറികളിലുമെല്ലാം തിങ്ങിനിറഞ്ഞ് രോഗികളാണ്. എത്തുന്നവരില്‍ പലരും മതിയായ ചികിത്സ കിട്ടാതെ മരണത്തിനു കീഴടങ്ങുന്നുണ്ട്. അവരെ കിടത്തിച്ചികിത്സ നല്‍കാനുള്ള സ്ഥലം പോലുമില്ലെന്നും സാറ പറയുന്നു.

കുട്ടികളും പുരുഷന്‍മാരും സ്ത്രീകളുമെല്ലാം ആക്രമണത്തില്‍ പരുക്കേറ്റ് ദിവസവും എത്തുന്നുണ്ട്. ചിലര്‍ നിലവിളിക്കുന്നു, ചിലര്‍ മയക്കത്തിലാണ്, മറ്റു ചിലരാകട്ടെ നിലത്ത് നിശബ്ദരായി കിടക്കുന്നു. ചുറ്റും കണ്ണു നിറയ്ക്കുന്ന, ഭീതി ജനിപ്പിക്കുന്ന കാഴ്ചകള്‍ മാത്രം. ജോലിയിലെ ഏറ്റവും ഹൃദയഭേദമകമായ കാഴ്ച പരുക്കേറ്റെത്തുന്ന കുട്ടികളാണ്. കുട്ടികളുടെ വേദന എനിക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. അവരുടെ കരച്ചില്‍ കണ്ടുനില്‍ക്കാനാകില്ല. അവരുടെ മുന്നിൽ നിസഹായയായി നില്‍ക്കേണ്ടി വരുമെന്നതിനാല്‍ കുട്ടികളുടെ വാര്‍ഡിലേക്ക് പോകാറില്ലെന്നും സാറ പറയുന്നു.

പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയത്തിന്‌റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ 4880 കുട്ടികളുള്‍പ്പടെ പതിനായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 'ഉള്‍ക്കൊള്ളാവുന്നതിലധികം മൃതദേഹങ്ങളാല്‍ മോര്‍ച്ചറി നിറഞ്ഞിരിക്കുന്നു. ആശുപത്രിക്കു പുറത്ത് താല്‍ക്കാലിക കെട്ടിടം നിര്‍മിച്ചാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്'- പലസ്തീനിയന്‍ കണ്ടന്‌റ് ക്രിയേറ്ററായ അഹമ്മദ് ഹിജാസി പറഞ്ഞു. അവിടുത്തെ ഭീകരാവസ്ഥ ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും അദ്ദേഹം പറയുന്നു.

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിനു മുന്‍പ് ഗാസയുടെ സൗന്ദര്യം ലോകത്തിനു മുന്‍പില്‍ കാണിക്കാന്‍ അഹമ്മദ് തന്‌റെ സമൂഹമാധ്യമ പേജ് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇസ്രയേലിന്‌റെ ബോംബാക്രമണത്തിന്‌റെ അനന്തര ഫലങ്ങളാണ് രേഖപ്പെടുത്തുന്നത്.

വേദനിക്കുന്ന അമ്മമാര്‍, എന്തു ചെയ്യണമെന്ന് അറിയാത്ത കുട്ടികള്‍, തളര്‍ന്ന ഡോക്ടര്‍മാര്‍ ഇങ്ങനെ മുഖങ്ങള്‍ പലതാണ്. അല്‍ ഷിഫ ആശുപത്രിയുടെ ഗേറ്റിനു പുറത്ത് ഒരു ആംബുലന്‍സിനു നേരെയുണ്ടായ വ്യോമാക്രമണത്തിനും അഹമ്മദ് സാക്ഷിയായിരുന്നു. ''ഞാന്‍ ആംബുലന്‍സിനുള്ളിലെ രംഗങ്ങള്‍ പകര്‍ത്തുകയായിരുന്നു, അതിനാല്‍ സാധാരണ പൗരന്‍മാര്‍ക്കെതിരെ ആക്രമണം നടത്തുന്നില്ലെന്ന് അവകാശപ്പെടാന്‍ ഇസ്രയേലിനു സാധിക്കില്ല.''

മനുഷ്യരാശിക്കെതിരെ നടക്കുന്ന കൂട്ടക്കൊലകളുടെ വ്യാപ്തി ലോകം കാണണമെന്ന് ആഗ്രഹിക്കുന്നതായി അഹമ്മദ് പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും