ഇസ്രയേൽ ആക്രമണങ്ങളിൽ പൂർണമായും തകർന്ന് ഗാസയിലെ വിദ്യാഭ്യാസ മേഖല. ഗാസ മുനമ്പിലെ 12 സർവകലാശാലകളും പൂർണമായോ ഭാഗികമായോ തകർന്നിരിക്കുകയാണ്. സ്കൂളുകളടക്കം ഗാസയിലെ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തുന്നുവെന്ന വിമർശനങ്ങളും ആഗോള തലത്തിൽ വ്യാപകമാണ്.
കൊടും ക്രൂരതയാണ് കഴിഞ്ഞ വർഷം ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ അഴിച്ച് വിട്ടിരിക്കുന്നത്. ഗാസയിലെ അടിസ്ഥാന സൗകര്യങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണങ്ങൾ മുഴുവനും. ആക്രമങ്ങളുടെ തോത് വർധിക്കുന്നതനുസരിച്ച് ആഭ്യന്തരമായി വൻ തോതിലുള്ള പലായനമാണ് രാജ്യത്തുണ്ടായിട്ടുള്ളത്. ഇതോടൊപ്പം ഗാസയിലെ വിദ്യാഭ്യാസ മേഖലയും തകർച്ചയുടെ വക്കിലാണ്.
യൂറോ-മെഡ് ഹ്യൂമൻ റൈറ്റ്‌സ് മോണിറ്റർ റിപ്പോർട്ട് അനുസരിച്ച് ഇസ്രയേൽ ആക്രമണത്തിൽ മൂന്ന് യൂണിവേഴ്സിറ്റി പ്രസിഡൻ്റുമാരും 95-ലധികം യൂണിവേഴ്സിറ്റി ഡീൻമാരും പ്രൊഫസർമാരും കൊല്ലപ്പെട്ടിട്ടുണ്ട്. 88,000 കുട്ടികൾക്കാണ് കോളേജ് വിദ്യാഭ്യാസം നഷ്ടമായത്. പലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, തുടർച്ചയായ ആക്രമണങ്ങളിൽ 4,327 സർവകലാശാല വിദ്യാർഥികൾ കൊല്ലപ്പെടുകയും 7,819 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 231 അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണകർത്താക്കളും ആക്രമങ്ങളിൽ കൊല്ലപ്പെടുകയും 756 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗാസയിലെ ഏറ്റവും പഴയതും ചരിത്ര പ്രസിദ്ധവുമായ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി 2023 ഒക്‌ടോബർ 11-ന് ഇസ്രയേൽ വ്യോമാക്രമണം നടത്തി തകർത്തു. 2024 ജനുവരി 17 നാണ് ഇസ്രയേൽ സൈന്യം അൽ-ഇസ്ര സർവകലാശാല തകർക്കാൻ സ്ഫോടനം നടത്തിയത്.
ഇസ്രയേലിന്റെ സൈന്യങ്ങൾ സർവകലാശാലകളെയും സ്കൂളുകളെയും സൈനിക ബാരക്കുകളായും താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളായും ഉപയോഗിക്കുന്നു. സമാനമായി അധിനിവേശത്തിൽ ഗാസയിലെ കുട്ടികളുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശവും പൂർണമായും തകർക്കുകയാണ് ഇസ്രയേൽ. ഒക്ടോബർ 7 മുതൽ ഇതുവരെ ഏകദേശം 6,000 സ്കൂൾ പ്രായത്തിലുള്ള കുട്ടികൾ കൊല്ലപ്പെടുകയും 10,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 964 അധ്യാപകരും സ്കൂൾ അഡ്മിനിസ്ട്രേറ്റർമാരും കൊല്ലപ്പെടുകയും 960 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
2024 ജനുവരിയിലെ കണക്കനുസരിച്ച് മുനമ്പിലെ 378 സ്കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗാസയിലെ ആകെ സ്കൂൾ കെട്ടിടങ്ങളുടെ 76 ശതമാനം ആണിത്. ഇതിൽ 117 എണ്ണത്തിന് വലിയ നാശനഷ്ടം സംഭവിക്കുകയോ പൂർണമായി നശിപ്പിക്കപ്പെടുകയോ ചെയ്ത അവസ്ഥയിലാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസികൾ നടത്തുന്ന എല്ലാ സ്കൂളുകളും അടച്ചു. 625,000-ത്തിലധികം വിദ്യാർഥികളെയും 23,000 അധ്യാപകരെയും സ്കൂൾ അടച്ചുപൂട്ടൽ ബാധിച്ചിട്ടുണ്ട്. ഗാസയ്‌ക്കെതിരായ ആക്രമണങ്ങൾ വിദ്യാഭ്യാസ മേഖലയ്ക്ക് 720 മില്യൺ ഡോളറിൻ്റെ നഷ്ടം വരുത്തിയതായി അന്താരാഷ്ട്ര നാണയ നിധി കണക്കാക്കുന്നു
ഗാസയിലെ വിദ്യാഭ്യാസ ജീവിതത്തിന് നേരെ ഇസ്രയേൽ നടത്തുന്ന ആസൂത്രിത ആക്രമണങ്ങളെ അപലപിച്ച് വടക്കേ അമേരിക്കൻ സ്ഥാപനങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം അക്കാദമിക് വിദഗ്ധർ ഒരു തുറന്ന കത്തെഴുതിയിരുന്നു. ഗാസയിലെ സർവകലാശാലകളെയും സ്കൂളുകളെയും ഇസ്രയേൽ ആസൂത്രിതമായി ആക്രമിക്കുന്നത് അക്കാദമിക് വിദഗ്ധർ എന്ന നിലയിൽ ഭയപ്പോടെയാണ് കാണുന്നതെന്ന് ഇവർ കത്തിൽ സൂചിപ്പിക്കുന്നു. വെടിനിർത്തൽ, അന്താരാഷ്ട്ര ഉത്തരവുകൾ പാലിക്കൽ, ഉപരോധം അവസാനിപ്പിക്കുക, പുനർനിർമാണ പ്രവർത്തനങ്ങൾക്ക് പിന്തുണ എന്നിവ ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ ഇവര്‍ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഗാസയിലെ വിദ്യാഭ്യാസത്തിൻ്റെ തുടർച്ച ഉറപ്പാക്കാൻ അക്കാദമിക് സ്ഥാപനങ്ങൾക്കും മറ്റും മേൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതിൻ്റെ അടിയന്തരത ഊന്നിപ്പറയുന്ന കത്തിൽ ലോകമെമ്പാടും നിന്നുള്ള ഐക്യദാർഢ്യം ആവശ്യപ്പെടുന്നുണ്ട്.
2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്ന് ഇസ്രയേലിൻ്റെ വിവേചനരഹിതമായ ബോംബാക്രമണവും ഗാസയിലെ കര അധിനിവേശവും 2.3 ദശലക്ഷം പലസ്തീനികളുടെ കൂട്ട മരണത്തിനും പരുക്കിനും വ്യാപകമായ നാശത്തിനും കാരണമായി. ഒരു ജനതയ്‌ക്കും അവരുടെ സംസ്‌കാരത്തിനുമെതിരായ ആക്രമണമാണ് നാം കാണുന്നത്. മുഴുവൻ കുടുംബങ്ങളെയും സമൂഹങ്ങളെയും ഉന്മൂലനം ചെയ്യുന്നതും പരിസ്ഥിതിയുടെ വ്യാപകമായ നാശവും കൂട്ട കുടിയൊഴിപ്പിക്കലും നിർബന്ധിത പട്ടിണിയും നാം കണ്ടു. ഇതുവരെ 32,500-ലധികം ആളുകൾ കൊല്ലപ്പെട്ടു, 75,000-ത്തിലധികം പേർക്ക് പരുക്കേറ്റു. 1.7 ദശലക്ഷത്തിലധികം പേർ പലായനം ചെയ്യപ്പെട്ടു. സാറ്റലൈറ്റ് ഇമേജറി അനുസരിച്ച്, പകുതിയിലധികം കെട്ടിടങ്ങളും നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. കൂടാതെ യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ സ്ട്രിപ്പിലെ എല്ലാ വിളനിലങ്ങളുടെയും ഏകദേശം 43ശതമാനം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പലസ്തീനിലെ വിദ്യാഭ്യാസമേഖല ലക്ഷ്യമിടുന്നത് അധിനിവേശത്തിൻ്റെ ഒരു കേന്ദ്ര തന്ത്രമാണ്. ഗാസയ്‌ക്കെതിരായ നിലവിലെ യുദ്ധത്തെ ' വിദ്യാഭ്യാസത്തിനെതിരായ യുദ്ധം' എന്നാണ് പലസ്തീൻ സർവകലാശാലയുടെ മുൻ പ്രസിഡൻ്റ് വിശേഷിപ്പിച്ചത്. ഒരു തലമുറയിലെ മുഴുവൻ കുട്ടികളും ആഘാതത്തിലാണ്, അവർ സുഖം പ്രാപിക്കാൻ വർഷങ്ങളെടുക്കുമെന്നാണ് യുഎൻആർഡബ്ല്യുഎ(യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സ്) യുടെ തലവൻ്റെ പ്രസ്താവന. ലക്ഷക്കണക്കിന് ആളുകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ദൂരവ്യാപകവും ദീർഘകാലവുമായ അനന്തരഫലങ്ങളോടെ അവരുടെ ഭാവി അപകടത്തിലാണ്. പലസ്തീൻ വിദ്യാഭ്യാസം സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്, കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അധിനിവേശം അവസാനിച്ചാലും പഴയ ജീവിതത്തിലേക്ക് മടങ്ങുക എന്നത് ഗാസയിലെ അവശേഷിക്കുന്ന മനുഷ്യരെ സംബന്ധിച്ച് സ്വപ്നം മാത്രമാവുകയാണ്. അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസം അടക്കമുള്ളവയും ഇനി ഗാസയിൽ അവർക്ക് ലഭ്യമാക്കുമോ എന്ന് പറയാൻ ഇപ്പോൾ കഴിയില്ല. ഗാസ തന്നെയും പൂർണമായും ഇല്ലാതാവുന്നതാണ് നമ്മൾ കാണുന്നത്.