നവംബർ 2022 മുതല്‍ ഒക്ടോബർ 2023 വരെയുള്ള കാലയളവില്‍ ആഗോള താപനിലയില്‍ 1.3 ഡിഗ്രി സെല്‍ഷ്യസിന്റെ വർധന. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ഈ കാലയളവ് അനുഭവപ്പെട്ടത് 175 രാജ്യങ്ങളിലും 920 നഗരങ്ങളിലുമാണ്. മനുഷ്യന്റെ ഇടപെടല്‍ മൂലമുണ്ടായ കാലാവസ്ഥ വ്യതിയാനങ്ങളാണ് ഇതിന് പിന്നിലെ കാരണമായി യുഎസ് ആസ്ഥാനമായുള്ള ക്ലൈമറ്റ് സെന്‍ട്രലിന്റെ ക്ലൈമറ്റ് ഷിഫ്റ്റ് ഇന്‍ഡെക്സില്‍ (സിഎസ്ഐ) ചൂണ്ടിക്കാണിക്കുന്നത്.
ക്ലൈമറ്റ് സെന്‍ട്രല്‍ യുഎസ് ആസ്ഥാനമായുള്ള ശാസ്ത്രജ്ഞരും ആശയവിനിമയ വിഭാഗവും ചേർന്ന ഒരു സ്വതന്ത്ര സംഘമാണ്. ദൈനംദിന താപനില വ്യത്യാസത്തില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ സംഭാവന എത്രത്തോളമാണെന്ന് അളക്കാനുള്ള ടൂളാണ് സിഎസ്ഐ.
ഇന്ത്യയിലെ ജനസംഖ്യയുടെ 86 ശതമാനവും കുറഞ്ഞത് 30 ദിവസമെങ്കിലും ശരാശരിയേക്കാള്‍ ഉയർന്ന താപനിലയ്ക്ക് വിധേയരായിട്ടുണ്ട്. 12 മാസങ്ങളില്‍ (2022 നവംബർ - ഒക്ടോബർ 2023) തുടർച്ചയായി ഉയർന്ന താപനില രേഖപ്പെടുത്തുന്നത് ഇത് ആദ്യമായാണ്.
ആഗോളതലത്തില്‍ നാലില്‍ ഒരാള്‍ (1.9 ബില്യണ്‍ മനുഷ്യർ) കാലവസ്ഥ വ്യതിയാനം മൂലം വളരെ അപകടകരമായ ഉഷ്ണതരംഗങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ടെന്നും ക്ലൈമറ്റ് സെന്‍ട്രലിന്റെ റിപ്പോർട്ടില്‍ പറയുന്നു.
170 രാജ്യങ്ങളില്‍ കഴിഞ്ഞ 30 വർഷത്തേക്കാള്‍ ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടത്. മനുഷ്യരാശിയുടെ 99 ശതമാനവും ശരാശരിക്ക് മുകളില്‍ ചൂട് അനുഭവപ്പെട്ടെന്ന് അർത്ഥം. സാധാരണ താപനിലയേക്കാള്‍ താഴെ ചൂട് അനുഭവപ്പെട്ടത് ഐസ്ലന്‍ഡിലും ലെസോത്തോയിലും മാത്രമാണ്. ഈ കാലയളവില്‍ 5.7 ബില്യണ്‍ ആളുകള്‍ 30 ദിവസമെങ്കിലും ശരാശരി താപനിലയ്ക്ക് മുകളിലുള്ള ചൂട് അനുഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജപ്പാന്‍, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം, ബംഗ്ലാദേശ്, ഇറാന്‍, ഈജിപ്ത്, എത്യോപ, നൈജീരിയ, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, യുകെ, ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ എല്ലാവരും തന്നെ ശരാശരിക്ക് മുകളിലുള്ള ചൂടിനെ അഭിമുഖീകരിച്ചിട്ടുണ്ട്.
മേല്‍പ്പറഞ്ഞ കാലയളവില്‍ ഇന്ത്യയുടെ ശരാശരി സിഎസ്ഐ ഒന്നാണ്, എന്നാല്‍ മെയിലും ഒക്ടോബറിലും ഇത് 1.6 ആയി ഉയർന്നിരുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 86 ശതമാനം ആളുകളാണ് ശരാശരിയേക്കാള്‍ ഉയർന്ന താപനിലയ്ക്ക് വിധേയരായിട്ടുള്ളത്, ചൈനയില്‍ ഇത് 35 ശതമാനമാണ്, അമേരിക്കയില്‍ ഇരുപത്തിയാറും.
ലോകത്തെ 200 നഗരങ്ങളിലുള്ള 500 മില്യണ്‍ ആളുകളാണ് കടുത്ത ചൂട് അനുഭവിച്ചത്. ടെക്സാസിലെ ഹൂസ്റ്റണില്‍ തുടർച്ചയായ 22 ദിവസമാണ് കടുത്ത ചൂട് രേഖപ്പെടുത്തിയത്. ആഗോളതലത്തില്‍ മറ്റൊരു നഗരത്തിലും ഇത്രയും ചൂട് അനുഭവപ്പെട്ടിട്ടില്ല.
കാർബണ്‍ മലിനീകരണമാണ് 12 മാസം തുടച്ചയായി താപനില ഉയരാനുള്ള കാരണമെന്നും ഇത് പ്രതീക്ഷിച്ചിരുന്നതായും ക്ലൈമറ്റ് സെന്‍ട്രലിലെ സയന്‍സ് വിഭാഗം വൈസ് പ്രസിഡന്റായ ഡോ. ആന്‍ഡ്രു പെർഷിങ് വ്യക്തമാക്കി. അടുത്ത വർഷവും റെക്കോഡുകള്‍ മറികടക്കുന്ന മാറ്റങ്ങള്‍ സംഭവിക്കുമെന്നും ആന്‍ഡ്രു പ്രവചിച്ചിട്ടുണ്ട്.