WORLD

അഭയം തേടി അലഞ്ഞത് മൂന്നു രാജ്യങ്ങളില്‍; ഇരുട്ടിന്റെ മറവില്‍ തിരിച്ചുവരവ്‌

വെബ് ഡെസ്ക്

ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നു നാടും വീടും ഉപേക്ഷിച്ചു പലായനം ചെയ്ത ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ അഭയം തേടിയലഞ്ഞത് മൂന്നു രാജ്യങ്ങളില്‍. മൂന്ന് ഏഷ്യൻ രാജ്യങ്ങളിലേക്കാണ് ​ഗോതബായ രജപക്സെ അഭയം തേടി യാത്ര ചെയ്തത്. എന്തുകൊണ്ടാണ് രജപക്സെ സ്ഥിരമായി ഒരിടത്ത് നിൽക്കാതെ യാത്ര ചെയ്തതെന്നോ എന്തിനാണ് ഇപ്പോൾ തിരികെ വന്നതെന്നോ എന്ന കാര്യത്തിൽ ഇതുവരെ വിശദീകരണം വന്നിട്ടില്ല. സ്ഥിരമായ അഭയകേന്ദ്രം കണ്ടെത്തുന്നത് അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കൊളംബോയിൽ നിന്ന് 90 മിനിറ്റ് മാത്രം ദൂരമുള്ള മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലാണ് രജപക്‌സെ ആദ്യം പോയത്. മാലിദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇടപെടുന്നതുവരെ രജപക്സെയുടെ വിമാനത്തിന് അവിടെ ലാൻഡ് ചെയ്യാൻ പോലും അനുമതി ലഭിച്ചിരുന്നില്ല. മാലെയിലും രജപക്സെയ്ക്കെതിരെ വലിയ പ്രതിഷേധമുയർന്നു. രജപക്സെയുടെ വരവിൽ പ്രതിഷേധിച്ച് മാലെയിലെ ശ്രീലങ്കക്കാർ തെരുവിലിറങ്ങി. 48 മണിക്കൂറിനുള്ളിൽ രാജപക്‌സെ സിംഗപ്പൂരിലേക്കുള്ള സൗദി വിമാനത്തിൽ ഇവിടം വിട്ടു.

ജൂലൈ 14ന് സ്വകാര്യ സന്ദർശനത്തിനായി രജപക്സെയ്ക്ക് രാജ്യത്ത് പ്രവേശനം അനുവദിച്ചതായി സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ രജപക്സെ അഭയം ചോദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് അഭയം നൽകിയിട്ടില്ലെന്നും സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജപക്‌സെ പിന്നീട് സൗദി അറേബ്യയിലേക്ക് പോകുമെന്ന് നിരവധി വാർത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തെങ്കിലും അതും യാഥാർത്ഥ്യമായില്ല. സിംഗപ്പൂരിൽ നിന്ന് രജപക്‌സെ ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഔദ്യോഗികമായി രാജിവെച്ചു. പിന്നീട് അദ്ദേഹം പോയത് തായ്‌ലന്‍ഡിലേക്കായിരുന്നു. സിംഗപ്പൂരിലെത്തിയ ഗോതബായ രജപക്‌സെയ്ക്ക് സിംഗപ്പൂര്‍ സര്‍ക്കാര്‍ വിസാ കാലാവധി നീട്ടി നല്‍കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ഓഗസ്റ്റില്‍ തായ്‌ലന്‍ഡിലേക്ക് പോയത്.

ഓഗസ്റ്റ് 11ന് രാജപക്‌സെ സിംഗപ്പൂരിൽ നിന്ന് തായ്‌ലൻഡിലേക്ക് സ്വകാര്യ വിമാനത്തിൽ പുറപ്പെട്ടു. ജീവന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ബാങ്കോക്കിലെ ഹോട്ടലില്‍ താമസിച്ചിരുന്ന ഗോതബായയോട് പുറത്തിറങ്ങരുതെന്ന് തായ്‌ലന്‍ഡ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ബാങ്കോക്കില്‍ തടവുകാരനെ പോലെയായിരുന്നു ഗോതബായ താമസിച്ചിരുന്നത്. 90 ദിവസത്തേക്ക് വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാൻ രജപക്സെയ്ക്ക് അവകാശമുണ്ടെന്ന് തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. മാനുഷിക കാരണങ്ങളാലാണ് ഗോതബായ രജപക്സെയ്ക്ക് രാജ്യത്ത് താല്‍ക്കാലികമായി തങ്ങാന്‍ അനുമതി നല്‍കിയതെന്ന് കഴിഞ്ഞദിവസം തായ്‌ലന്‍ഡ്‌ പ്രധാനമന്ത്രി അറിയിച്ചിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലൊന്നും പങ്കാളിയാകില്ലെന്ന ഗോതബായയുടെ ഉറപ്പിന്മേലായിരുന്നു ഇത്.

അതിനിടെ രജപക്‌സെയെ രാജ്യത്തേക്ക് സുരക്ഷിതമായി മടങ്ങിയെത്താൻ അനുവദിക്കണമെന്ന ആവശ്യവും ശക്തമായി. രജപക്‌സെയുടെ ഇളയ സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ കഴിഞ്ഞ മാസം വിക്രമസിംഗെയെ കാണുകയും തിരിച്ചെത്തുന്ന രജപക്സെയ്ക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം പ്രതിസന്ധിയിലായ രാജ്യത്ത് രജപക്സെയുടെ മടങ്ങിവരവ് വീണ്ടും സംഘർഷം ആളിക്കത്തിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. രാജപക്‌സെക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. എന്നാൽ സഖ്യകക്ഷികൾ അധികാരത്തിൽ തുടരുന്നതിനാൽ, രജപക്സെയ്ക്കെതിരെ എന്തെങ്കിലും നടപടിക്ക് സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും