WORLD

'അധിനിവേശം അവസാനിപ്പിക്കും'; യുദ്ധം പ്രഖ്യാപിച്ച് ഹമാസ്, തയാറെന്ന് ഇസ്രയേല്‍

തെക്കൻ ഇസ്രയേലിൽ ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു

വെബ് ഡെസ്ക്

ഇസ്രയേൽ- പലസ്തീൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നു. പലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന സായുധ സംഘം ഹമാസ് ഇസ്രയേലിനെ ലക്ഷ്യം വച്ച് ഗാസയിൽനിന്ന് ശനിയാഴ്ച രാവിലെ മിസൈൽ ആക്രമണം നടത്തിയതോടെയാണ് വീണ്ടുമൊരു തുറന്ന പോരിന് ജൂത രാഷ്ട്രവും തയാറെടുക്കുന്നത്. ഇസ്രയേലിനെതിരെ ഓപ്പറേഷൻ അൽ-അഖ്സ ഫ്ളഡ് ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിച്ചു. തെക്കൻ ഇസ്രയേലിൽ ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സൈന്യം 'യുദ്ധസന്നദ്ധത' പ്രഖ്യാപിച്ചിട്ടുണ്ട്.

ഗാസ മുനമ്പിൽ നിന്ന് 80 കിലോമീറ്റർ പരിധിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ ഓഫീസ് അറിയിച്ചു. ഇസ്രയേലി സൈനികരെ ഹമാസ് പിടികൂടി ഗാസ മുനമ്പിലേക്ക് കൊണ്ടുപോയതായി സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങളുണ്ട്. ഇസ്രയേലിലെ സ്‌ഡെറോട്ടിലെ പോലീസ് സ്‌റ്റേഷൻ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തതായി ഇസ്രയേൽ ബ്രോഡ്‌കാസ്റ്റിംഗ് അതോറിറ്റിയും റിപ്പോർട്ട് ചെയ്തു. ഗാസയിൽനിന്നുള്ള റോക്കറ്റ് ആക്രമണം തുടരുകയാണ്.

ഗാസ- പലസ്തീൻ അതിർത്തികളിൽ ആഴ്ചകളായി വർധിച്ചുവരുന്ന സംഘർഷങ്ങൾക്കൊടുവിലാണ് വീണ്ടുമൊരു യുദ്ധസമാനമായ സാഹചര്യം ഉണ്ടാകുന്നത്. വെസ്റ്റ് ബാങ്കിൽ അടുത്തിടെ നിരവധി ഏറ്റുമുട്ടലുകൾ നടത്തിയിരുന്നു. അതിൽ ഏകദേശം ഇരുനൂറോളം പലസ്തീനികളെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ പലസ്തീൻ പൗരന്മാരോട് ആയുധമെടുക്കണമെന്ന് മേഖലയിലെ ഹമാസിന്റെ ഉപമേധാവി സലേഹ് അൽ-അറൂരി ആഹ്വാനം ചെയ്തു. ഓപ്പറേഷന്റെ ആദ്യ 20 മിനിറ്റിനുള്ളിൽ ഗാസ മുനമ്പിൽ നിന്ന് ഇസ്രയേലിലേക്ക് അയ്യായിരത്തിലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസിന്റെ സായുധ വിഭാഗം അറിയിച്ചു. ഇസ്രയേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും അവർക്കുള്ള സമയം തീർന്നിരിക്കുകയാണെന്നും ഹമാസ് പറഞ്ഞു.

പലസ്തീനികൾക്കായി 1950ൽ വെസ്റ്റ് ബാങ്കിൽ സ്ഥാപിച്ച ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ജൂലൈയിൽ ഇസ്രയേൽ രണ്ടുദിവസം നീണ്ട ആക്രമണം നടത്തിയിരുന്നു. ഡ്രോണുകളും രണ്ടായിരത്തോളം സൈനികരും കവചിത ബുൾഡോസറുകളും വിന്യസിച്ച് നടത്തിയ ആക്രമണത്തിൽ 12 പലസ്തീനികളും ഒരു ഇസ്രയേൽ പട്ടാളക്കാരനും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ജൂലൈ മൂന്നിന് നടന്നത്. സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്യാനാണെന്ന പേരിൽ ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്ന കവചിത ബുൾഡോസറുകൾ ജെനിൻ തെരുവീഥികളിലെ വീടുകളുൾപ്പെടെ ഇടിച്ചുനിരത്തിയിരുന്നു. പരുക്കേറ്റവരുമായി പോകുന്ന ആംബുലൻസുകളെ പോലും ഇസ്രയേൽ സൈന്യം പലയിടത്തും തടഞ്ഞതായി അന്ന് ആരോപണങ്ങളുണ്ടായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ