ഹമാസ് രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിനുള്ള പദ്ധതി മാസങ്ങൾക്ക് മുൻപ് ഇസ്രയേൽ നടത്തിയതെന്ന് റിപ്പോർട്ട്. ഇറാനിലെത്തിയാൽ ഹനിയ താമസിക്കാൻ സാധ്യതയുള്ള മുറി കണ്ടെത്തി അവിടെ ബോംബ് സ്ഥാപിക്കുകയായിരുന്നു. രണ്ടുമാസം മുൻപ് തന്നെ, ഹനിയയുടെ കൊലപാതകത്തിന് കാരണമായതെന്ന് കരുതപ്പെടുന്ന ബോംബ് ഇസ്രയേൽ സ്ഥാപിച്ചിരുന്നുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ-അമേരിക്കൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പശ്ചിമേഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തുവന്നത്. ഖത്തറിൽ താമസിച്ചിരുന്ന ഇസ്മായിൽ ഹനിയയെ, പുറം രാജ്യങ്ങളിൽ എവിടെയെങ്കിലും വച്ച് കൊലപ്പെടുത്താനായിരുന്നു ഇസ്രയേൽ പദ്ധതിയിട്ടിരുന്നത്. അങ്ങനെയാണ് ഹനിയ പലവിധ ചർച്ചകൾക്കായി നിരവധി തവണ വന്നുപോയിരുന്ന ഇറാനെ തന്നെ കൃത്യം നടത്താൻ ഇസ്രയേൽ തിരഞ്ഞെടുത്തതെന്നും റിപ്പോർട്ട് പറയുന്നു.
കൃത്യം നടന്നത് ഇങ്ങനെ
ഇസ്മായിൽ ഹനിയ ഇറാനിലെത്തുമ്പോൾ സ്ഥിരമായി താമസിക്കുന്ന മുറി മനസിലാക്കുന്നു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെ കീഴിലുള്ള ടെഹ്റാനിലെ നെഷാത്ത് എന്നറിയപ്പെടുന്ന കോമ്പൗണ്ടിലെ ഗസ്റ്റ് ഹൗസിൽ ഹനിയ താമസിക്കുന്ന മുറി അങ്ങനെയാണ് കൊലപാതകത്തിനായി തിരഞ്ഞെടുക്കുന്നത്. അവിടെ രണ്ടുമാസം മുൻപാണ് രഹസ്യമായി ബോംബ് സ്ഥാപിക്കുന്നത്. വളരെയധികം സുരക്ഷാക്രമീകരണങ്ങളുള്ള ഈ മേഖലയിൽ കടന്നുകയറി ബോംബ് സ്ഥാപിച്ചത് എങ്ങനെയെന്നത് വ്യക്തമല്ല.
ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞച്ചടങ്ങിന് ചൊവ്വാഴ്ച ഇറാനിലെത്തിയ ഹനിയ മുറിയിലുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ്, ഓട്ടോമാറ്റിക് ഡിറ്റനേറ്റർ ഉപയോഗിച്ച് ബോംബ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തിൽ കെട്ടിടം കുലുങ്ങുകയും ചില ജനാലകൾ തകരുകയും ഒരു പുറംഭിത്തി ഭാഗികമായി പൊളിയുകയും ചെയ്തിരുന്നു. ഹനിയയ്‌ക്കൊപ്പം ആ സമയം മുറിയിലുണ്ടായിരുന്ന അംഗരക്ഷകനും കൊല്ലപ്പെട്ടു.
കൊലപാതകം നടന്ന ആദ്യമണിക്കൂറുകളിൽ, മിസൈൽ ആക്രമണമാണ് നടന്നതെന്നായിരുന്നു അഭ്യൂഹങ്ങൾ. ഡ്രോണോ വിമാനമോ ഉപയോഗിച്ചാണ് കൊലപാതകമെന്നും സംശയമുണ്ടായിരുന്നു. എന്നാൽ ഇറാന്റെ വ്യോമപ്രതിരോധം എങ്ങനെ മറികടന്നുവെന്ന ചോദ്യവും അതിനോടൊപ്പം ഉയർന്നിരുന്നു. കൂടാതെ മിസൈൽ ആക്രമണമാണെങ്കിൽ ഉണ്ടാകേണ്ട അത്ര നാശനഷ്ടങ്ങൾ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ ഉണ്ടായിട്ടുമില്ല.
ബുധനാഴ്ച പുലർച്ചെ രണ്ടോടെയുണ്ടായ സ്‌ഫോടനത്തിൽ ജനാലകൾ തകരുകയും കോമ്പൗണ്ടിൻ്റെ മതിലിൻ്റെ ഒരു ഭാഗം തകരുകയും മാത്രമാണുണ്ടായതെന്നാണ് അവിടെനിന്നുള്ള ഫോട്ടോകളിൽനിന്ന് വ്യക്തമാവുന്നത്. ഇവ മിസൈൽ ആക്രമണമെന്ന സംശയത്തെ തള്ളിക്കളയുന്നുവെന്നും റിപ്പോർട്ട് പറയുന്നു. സ്‌ഫോടനമുണ്ടായത് മുറിയിൽ സ്ഥാപിച്ചിരുന്ന ബോംബുകളിൽനിന്നാണെന്ന് പ്രാഥമിക വിവരം വ്യക്തമാക്കുന്നതായി രണ്ട് ഇറാനി ഉദ്യോഗസ്ഥർ ടൈംസിനോട് പറഞ്ഞു.
പലസ്തീൻ വിമോചന സായുധസംഘടനായ ഇസ്ലാമിക് ജിഹാദ് നേതാവ് സിയാദ് അൽ നഖല ഹനിയയുടെ തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിനു പരുക്കേറ്റിട്ടില്ല. ഹനിയയെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടന്നതെന്ന് അടിവരയിടുന്നതാണ് ഇക്കാര്യം. ഹനിയയുടെ കൊലപാതകം ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കും മേൽ വലിയ കരിനിഴലാണ് വീഴ്ത്തിയിരിക്കുന്നത്.
രാജ്യത്തിനു പുറത്ത് ഇസ്രയേലിനു വേണ്ടി കൊലപാതക ദൗത്യങ്ങള്‍ പ്രധാനമായും നടത്തുന്നത് രാജ്യത്തിൻ്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണ്. അവർ തന്നെയാണ് ഹനിയയുടെ കൊലപാതകത്തിനു പിന്നിലും പ്രവർത്തിച്ചിരിക്കുന്നതെന്നാണ് നിലവിൽ കരുതപ്പെടുന്നത്. കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഇസ്രയേൽ പരസ്യമായി അംഗീകരിച്ചിട്ടില്ല. എന്നാൽ ഇസ്രയേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അമേരിക്കയെയും മറ്റ് പാശ്ചാത്യ സർക്കാരുകളെയും ഉടൻ തന്നെ ഓപ്പറേഷൻ്റെ വിശദാംശങ്ങളെക്കുറിച്ച് അറിയിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.