ഗാസയിൽ ബന്ദികളാക്കിയ രണ്ട് വയോധികരെ കൈ കൊടുത്ത് 'ശാലോം' (സമാധാനം) പറഞ്ഞ് ഹമാസ് സംഘം വിട്ടയയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. വയോധികർക്ക് ഭക്ഷണവും വെള്ളവും നൽകിയാണ് ഹമാസ് ഇവരെ വിട്ടയയ്ക്കുന്നത്. ഇവരോടൊപ്പമിരുന്ന് സംസാരിക്കുന്നതും വിട്ടയയ്ക്കാൻ കൊണ്ടുപോയ വാഹനത്തിലേക്ക് ശ്രദ്ധാപൂർവം ഇറക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.
ഹമാസ് ബന്ദികളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നുവെന്ന വാദം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
79 വയസുള്ള നൂറ് കൂപ്പർ, 85 വയസുള്ള യോച്ചെവ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. മാനുഷിക പരിഗണന മാനിച്ചാണ് വിട്ടയക്കുന്നതെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ഇസ്രയേൽ സൈന്യത്തിന് കൈമാറിയ ഇവരെ ചികിത്സയ്ക്കായി ടെൽ അവീവിലെത്തിച്ചു. എന്നാൽ, ഇരുവരുടെയും ഭർത്താക്കന്മാർ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലാണ്.
മൂന്ന് ദിവസം മുൻപ്, ബന്ദികളാക്കിയ അമേരിക്കക്കാരായ അമ്മയെയും മകളെയും ഹമാസ് മോചിപ്പിച്ചിരുന്നു. ഖത്തർ നടത്തിയ മധ്യസ്ഥനീക്കങ്ങൾക്കൊടുവിലായിരുന്നു മോചനം.
ഇതിനിടെ ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണം ലെബനൻ, സിറിയ എന്നീ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന തരത്തിലാണ് ഇസ്രയേൽ നടപടികൾ. തിങ്കളാഴ്ച പുലർച്ചെ ലെബനനിലെ രണ്ട് ഹിസ്ബുള്ള താവളങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം സിറിയയിലെ ദമാസ്‌കസ്, അലെപ്പോ അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഇസ്രയേൽ ആക്രമിച്ചിരുന്നു.