കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മധ്യ-അഫ്ഗാനിസ്ഥാനില്‍ മരിച്ചവരുടെ എണ്ണം 26 ആയി. നാല്‍പതിലധികം പേരെ കാണാതായതായി. വെള്ളിയാഴ്ച ആരംഭിച്ച കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രാജ്യവ്യാപകമായി 31 പേര്‍ മരിച്ചതായും വസ്തുവകകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വ്യാപകമായ നാശനഷ്ടമുണ്ടായതായും സംസ്ഥാന ദുരന്തനിവാരണ മന്ത്രാലയ വക്താവ് ഷഫിയുള്ള റഹീമി പറഞ്ഞു. ജല്‍റെസ് ജില്ലയില്‍ മായ്ദാന്‍ വാര്‍ദെക് പ്രവിശ്യയിലേക്ക് അടിയന്തര സഹായം എത്തിക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു.
വെള്ളിയാഴ്ച മുതലുള്ള മഴയില്‍ ജല്‍റസില്‍ 604 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായും നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമിയും തോട്ടങ്ങളും നശിച്ചതായും റഹീമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏഷ്യന്‍ മണ്‍സൂണിന്റെ പടിഞ്ഞാറന്‍ അറ്റത്താണ് അഫ്ഗാനിസ്ഥാന്‍ സ്ഥിതി ചെയ്യുന്നതെങ്കിലും, വരണ്ട നദീതടങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ മഴക്കാലത്ത് വെള്ളപ്പൊക്കം പതിവ് സംഭവമാണ്.
അഫ്ഗാനിസ്ഥാനിൽ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ സഹായം എത്തിക്കാനുള്ള നീക്കം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പല മേഖലകളും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.