അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള വിവാദ റിപ്പോർട്ടിന് ശേഷം, പുതിയ കുരുക്കുമായി അമേരിക്ക ആസ്ഥാനമായ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ്. ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ 'ബ്ലോക്കി'ലെ സാമ്പത്തിക ക്രമക്കേടുകളാണ് പുതിയ റിപ്പോർട്ടിൽ. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയും ബ്ലോക്ക് വിപണിമൂല്യം വര്‍ദ്ധിപ്പിച്ചു. കുറഞ്ഞകാലം കൊണ്ട് ബ്ലോക്കുണ്ടാക്കിയ നേട്ടം സര്‍ക്കാരിനെയും ഉപയോക്താക്കളേയും കമ്പളിപ്പിച്ചാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 82,000 കോടി രൂപയുടെ തട്ടിപ്പാണ് ഇതുമായി ബന്ധപ്പെട്ട് നടന്നതെന്ന് വ്യാഴാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.
രണ്ടുവര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ബ്ലോക്കിനെതിരായ റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്. ട്വിറ്റര്‍ സ്ഥാപകനായ ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബ്ലോക്ക്. 2009ലാണ് ക്രെഡിറ്റ് കാര്‍ഡ് വ്യവസായത്തെ കൈപിടിയിലൊതുക്കുക എന്ന ലക്ഷ്യത്തോടെ ഡോര്‍സി തന്റെ സാന്‍ ഫ്രാന്‍സിസ്‌ക്കോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ബ്ലോക്ക് ആരംഭിച്ചത്. പിന്നലെ 2015ലാണ് കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ചെറുകിട ബിസിനസുകാരെ ലക്ഷ്യം വച്ച് ആരംഭിച്ച ബ്ലോക്കിന് കീഴില്‍ ഇതിനോടകം നിരവധി സംരംഭങ്ങളുണ്ട്.
ഹിൻഡൻബർഗ് റിപ്പോര്‍ട്ടിന് പിന്നാലെ ബ്ലോക്കിന്റെ ഓഹരി ഇടിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 18 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ടെന്നാണ് സൂചന. അതേസമയം റിപ്പോര്‍ട്ട് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന ആശങ്കയിലാണ് ഡോർസി അടക്കമുള്ളവര്‍.
അദാനിക്കെതിരായ റിപ്പോര്‍ട്ടിന് പിന്നാലെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് വ്യവസായ ലോകത്ത് വലിയ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. ബ്ലോക്കിലെ മുൻ ജീവനക്കാർ, പങ്കാളികൾ, വ്യവസായ വിദഗ്ധർ എന്നിവരുമായുള്ള അഭിമുഖങ്ങൾ, റെഗുലേറ്ററി, വ്യവഹാര റെക്കോർഡുകളുടെ വിപുലമായ അവലോകനം എന്നിവ ഉൾപ്പെടുന്നതാണ് ഹിൻഡൻബർഗ് റിപ്പോർട്ട്.
അമേരിക്ക ആസ്ഥാനമായ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ അദാനി ഗ്രൂപ്പിനെതിരെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജനുവരി 24ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വം കാണിച്ചുവെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ട്. രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് അദാനി ഗ്രൂപ്പിനെതിരെയും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സര്‍പ്പിച്ചത്.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ ഷെയറുകള്‍ക്ക് വന്‍ തിരിച്ചടി നേരിട്ടിരുന്നു. റിപ്പോർട്ടിലെ വിശദാംശങ്ങള്‍ കള്ളമാണെന്നും കമ്പനിയുമായി ബന്ധപ്പെടാനോ വസ്തുതകൾ പരിശോധിക്കാനോ ശ്രമിക്കാതെയാണ് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടതെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു.