WORLD

97നുശേഷം മാധ്യമപ്രവർത്തകർ വിചാരണ ചെയ്യപ്പെട്ട ആദ്യ കേസ്; സ്റ്റാൻഡ് ന്യൂസിനെതിരായ രാജ്യദ്രോഹക്കുറ്റത്തില്‍ ഹോങ് കോങ് കോടതിയുടെ നിർണായക വിധി ഇന്ന്

വെബ് ഡെസ്ക്

ഹോങ് കോങ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഓണ്‍ലൈൻ പ്ലാറ്റ്‍‌ഫോമായ സ്റ്റാൻഡ് ന്യൂസിന്റെ എഡിറ്റർമാർക്കെതിരായ രാജ്യദ്രോഹക്കേസില്‍ നിർണായക വിധി ഇന്ന്. രാജ്യദ്രോഹപരമായ ലേഖനങ്ങളും വാർത്തകളും പ്രസിദ്ധീകരിച്ചെന്നാണ് കേസ്. 1997ല്‍ ബ്രിട്ടിഷ് ആധിപത്യത്തില്‍നിന്ന് ചൈനയുടെ കീഴിലായതിനുശേഷം ആദ്യമായാണ് ഹോങ് കോങ്ങില്‍ ഒരു മാധ്യമപ്രവർത്തകനോ അല്ലെങ്കില്‍ ഒരു മാധ്യമസ്ഥാപനത്തിന്റെ എഡിറ്ററോ വിചാരണനേരിടേണ്ടി വരുന്നത്.

എഡിറ്റർമാരായ ചുങ് പൂയ് കുൻ, പാട്രിക്ക് ലാം എന്നിവർക്കും സ്റ്റാൻഡ് ന്യൂസിന്റെ മാതൃകമ്പനിയായ ബെസ്റ്റ് പെൻസില്‍ ലിമിറ്റഡിനുമെതിരെയാണ് കേസ്. 2020 ജൂലൈ മുതല്‍ 2021 ഡിസംബർ വരെ രാജ്യദ്രോഹപരമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം. ആരോപണങ്ങളെല്ലാം ചുങ്ങും പാട്രിക്കും ബെസ്റ്റ് പെൻസിലും നിഷേധിച്ചിട്ടുണ്ട്.

കുറ്റം തെളിയുകയാണെങ്കില്‍ രണ്ട് വർഷം വരെയാണ് ജയില്‍ശിക്ഷ. 57 ദിവസം നീളുന്ന വിചാരണയില്‍ ഗുരുതര ആരോപണങ്ങളാണ് സർക്കാർ പ്രോസിക്യൂട്ടർ ഉന്നയിച്ചത്. ചൈനീസ്, ഹോങ് കോങ് സർക്കാരുകള്‍ക്കെതിരെ വായനക്കാർക്കിടയില്‍ വിദ്വേഷം വളർത്തുന്നതിനും നിയമവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായി പ്ലാറ്റ്‍ഫോം ഉപയോഗപ്പെടുത്തിയെന്ന് പ്രോസിക്യൂട്ടർ ആരോപിച്ചു. പ്ലാറ്റ്‍ഫോമില്‍ പ്രത്യക്ഷപ്പെട്ട ലേഖനങ്ങള്‍ രാജ്യദ്രോഹപരമാണെന്നും പ്രോസിക്യൂട്ടർ ആരോപിച്ചു. ജയിലിലടയ്ക്കപ്പെട്ട നേതാക്കളുടേതുള്‍പ്പെടെയുള്ള അഭിമുഖങ്ങളും പ്രോസിക്യൂട്ടർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സ്റ്റാൻഡ് ന്യൂസ് വസ്തുതാവിരുദ്ധമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ചുങ് കോടതിയില്‍ വ്യക്തമാക്കി. 36 ദിവസമാണ് ചുങ് വിചാരണനേരിട്ടത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതിനായി ഉടനടി അക്രമത്തിലേക്കു നയിക്കുന്നതല്ലാത്ത, തങ്ങള്‍ക്കു ലഭിച്ച എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിച്ചതായും ചുങ് പറഞ്ഞു.

2021 ഡിസംബറിലാണ് സ്റ്റാൻഡ് ന്യൂസിനെതിരെ നടപടിയുണ്ടാകുന്നത്. ഓഫീസുകള്‍ റെയ്‌ഡ് ചെയ്യപ്പെടുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. ഇതിനുശേഷം അടച്ചുപൂട്ടലിലേക്കു നീങ്ങുകയായിരുന്നു. ഹോങ് കോങ്ങിലെ മുൻനിര ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളിലൊന്നായിരുന്നു സ്റ്റാൻഡ് ന്യൂസിനെതിരായ നടപടി അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചിരുന്നു. ചൈനയുടെ കീഴില്‍ മാധ്യമസ്വാതന്ത്ര്യം ഇല്ലാതാകുന്നുവെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഇരുപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്