സഞ്ചാരികളെ ഇതിലെ ഇതിലെ. ഹോങ്കോങ് വിളിക്കുകയാണ്. ഫ്രീയായി പറക്കാം. 5 ലക്ഷം വിമാന ടിക്കറ്റുകളാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഹോങ്കോങിലെത്താൻ സൗജന്യമായി നല്‍കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മന്ദഗതിയിലായ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകാനാണ് ഹോങ്കോങ് ഭരണകൂടത്തിന്‍റെ പുത്തന്‍ ആശയം.
വിമാന ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നത് സഞ്ചാരികളിലേക്ക് എത്തിക്കുന്നതിനായി പ്രചാരണം നടത്തുമെന്ന് ഹോങ്കോങ് ടൂറിസം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറർ ഡെയ്ന്‍ ചെങ് പറഞ്ഞു. കോവിഡ് വ്യാപന സമയത്ത് ഹോങ്കോങ് എയര്‍ലൈനുകളെ പിന്തുണയ്ക്കുന്നതിനായി വാങ്ങിയ സൗജന്യ ടിക്കറ്റുകള്‍ അടുത്ത വര്‍ഷം തന്നെ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുമെന്നും ചെങ് കൂട്ടിച്ചേര്‍ത്തു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഹോങ്കോങ് ഏർപ്പെടുത്തിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നിയന്ത്രണങ്ങളെല്ലാം ഹോങ്കോങ് ഭരണകൂടം പിന്‍വലിച്ചു. ഇതിനു പിന്നാലെയാണ് സൗജന്യ ടിക്കറ്റ് ഓഫറും. ഈ വര്‍ഷം ആഗസ്റ്റ് വരെ 184,000 വിദേശികളാണ് ഹോങ്കോങില്‍ എത്തിയത്. കോവിഡിന് മുന്‍പ് രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. 2019-ല്‍ ഹോങ്കോങിലെത്തിയത് ഏകദേശം 5.6 കോടി വിദേശികളായിരുന്നു.