കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർബന്ധിത മാസ്ക് ഉപയോഗം പിൻവലിച്ച് ഹോങ്കോങ്. ചീഫ് എക്‌സിക്യുട്ടീവ് ജോണ്‍ ലീ ആണ് തീരുമാനം പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലയളവ് മാസ്‌ക് നിര്‍ബന്ധമാക്കിയ നഗരമാണ് ഹോങ്കോങ്. 945 ദിവസത്തിന് ശേഷമാണ് നിര്‍ബന്ധിത ഉത്തരവ് പിന്‍വലിക്കുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കാനും വ്യവസായ മേഖലയെ പഴയ രീതിയിലേക്ക് തിരികെ കൊണ്ടുവരാനും പ്രദേശത്തെ സാധാരണക്കാരുടെ ജീവിതം പുനസ്ഥാപിക്കാനുമാണ് സര്‍ക്കാരിന്റെ നീക്കം.
2022 ല്‍ ചില നിബന്ധനകളില്‍ മാറ്റം വരുത്തിയെങ്കിലും 2020 മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് തുടര്‍ന്ന് പോരുകയായിരുന്നു
മാര്‍ച്ച് ഒന്ന് മുതല്‍ നടപടി പ്രാബല്യത്തില്‍ വരുമെന്നും അതുവഴി ഹോങ്കോങ് സാധാരണ നിലയിലേക്ക് മടങ്ങുമെന്നും ജോണ്‍ ലീ പറഞ്ഞു. വിനോദ സഞ്ചാര മേഖലയെയും ബിസിനസുകളെയും പുനരുജ്ജീവിപ്പിക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുമായി ഈ മാസം ആദ്യം സര്‍ക്കാര്‍ 'ഹെലോ ഹോങ്കോങ്' എന്ന പേരില്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരുന്നു. ആശുപത്രി പോലുള്ള അപകട സാധ്യതാ പ്രദേശങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കണോ എന്നുള്ള കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്ന് ജോണ്‍ ലീ വ്യക്തമാക്കി. മാസ്ക് ധരിച്ചില്ലെങ്കില്‍ 1000 ഡോളർ ആയിരുന്നു പിഴ ചുമത്തിയിരുന്നത്.
മാസ്ക് ധരിച്ചില്ലെങ്കില്‍ 1000 ഡോളർ ആയിരുന്നു പിഴ ചുമത്തിയിരുന്നത്
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹോങ്കോങും മക്കാവും ചൈനയുടെ 'സീറോ-കോവിഡ്' നയമാണ് സ്വീകരിച്ചുവന്നിരുന്നത്. 2022 ല്‍ ചില നിബന്ധനകളില്‍ മാറ്റം വരുത്തിയെങ്കിലും 2020 മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് തുടര്‍ന്ന് പോരുകയായിരുന്നു. ചൈനയുടെ കര്‍ശന ഉത്തരവുകളെ വിമര്‍ശിച്ച് വ്യവസായികളും സാമ്പത്തിക വിദഗ്ദരുമടക്കമുള്ള ജനത രംഗത്തുവന്നിരുന്നു. അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിന് പലവിധത്തില്‍ ഭീഷണിയാകുമെന്നായിരുന്നു നിരീക്ഷണങ്ങള്‍. ചൈനയിലെ പ്രധാന നഗരങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവ് കുറച്ചുനാള്‍ മുന്‍പ് പിന്‍വലിച്ചിരുന്നു. എന്നാല്‍ റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം പോലുള്ളയിടങ്ങളില്‍ നിയന്ത്രണം പിൻവലിച്ചിട്ടില്ല.