WORLD

ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം; ഇന്ത്യക്കാരനടക്കം മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരുക്ക്

വെബ് ഡെസ്ക്

ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ വീണ്ടും ഹൂതി വിമതരുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനടക്കം മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ പരുക്ക് ഗുരുതമാണ്. ഗ്രീസിന്‍റെ ഉടമസ്ഥതയിലുള്ള 'ട്രൂ കോൺഫിഡൻസ്' എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. തീപിടിച്ച കപ്പലിൽ കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. ചെങ്കടലിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.

കരീബിയൻ രാജ്യമായ ബാർബഡോസിനു വേണ്ടി സർവീസ് നടത്തുകയായിരുന്ന ചരക്കുകപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ പൂർണ്ണമായും തകർന്ന കപ്പലിലെ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നേവിയും പങ്ക് ചേർന്നിട്ടുണ്ടെന്നാണ് വിവരം. കപ്പലുകൾക്കു നേരേയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുകൾ, എണ്ണ, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ കയറ്റുമതിക്കുള്ള പ്രധാന പാതയാണ് ചെങ്കടൽ. ഹൂതി ആക്രമണത്തെ തുടർന്ന് പല കപ്പലുകളും ചെങ്കടൽ വഴിയുള്ള കയറ്റുമതി നിർത്തിവച്ചിരിക്കുകയാണ്. കേപ് ഓഫ് ഗുഡ് ഹോപ് വഴി പോകുന്ന ബദൽ റൂട്ടാണ് പല കപ്പലുകളും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഈ പാതയിൽ സഞ്ചരിക്കാൻ യാത്രാചെലവും ദൈർഘ്യവും കൂടുതലാണ്.

ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് മറുപടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക ബ്രിട്ടന്‍ സൈന്യങ്ങളുടെ നേതൃത്വത്തില്‍ കനത്ത ആക്രമണമുണ്ടായിരുന്നു. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ആഴ്ച ആക്രമണം ഉണ്ടായത്. ചെങ്കടൽ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന ആയുധങ്ങൾ സംഭരിച്ചിരുന്ന കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, ലോഞ്ചറുകൾ എന്നിവയ്ക്ക് നേരെയായിരുന്നു അമേരിക്ക- ബ്രിട്ടൻ സഖ്യത്തിന്റെ ആക്രമണം.

നവംബര്‍ മുതല്‍ ചെങ്കടലില്‍ അമേരിക്കന്‍, യുകെ, ഇസ്രയേല്‍ കപ്പലുകള്‍ക്ക് നേരെ ഹൂതി സായുധ സംഘങ്ങളുടെ ആക്രമണം ശക്തമാണ്. പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന നീക്കത്തിന്റെ ഭാഗമായി ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങള്‍, ഇതുവരെ മുപ്പതോളം അന്താരാഷ്ട്ര കപ്പലുകളെയാണ് ഉന്നമിട്ടത്. ഈ പശ്ചാത്തലത്തില്‍ അമേരിക്ക ബഹുരാഷ്ട്ര പ്രതിരോധ സഖ്യവും രൂപീകരിച്ചിരുന്നു.

അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും ചെങ്കടലിലെ സൈനിക നടപടിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്നാണ് ഹൂതികളുടെ നിലപാട്. ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ചെങ്കടല്‍ ആക്രമണം തുടരുമെന്ന് ഹൂതി നേതാവ് അല്‍-ബുഖൈതി പ്രതികരിച്ചിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം