WORLD

എഫ്എംആർ എടുത്തുമാറ്റാൻ കേന്ദ്രസർക്കാർ; തീയണയാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍

വെബ് ഡെസ്ക്

ഇന്ത്യയിലെയും മ്യാന്മറിലെയും ജനങ്ങൾക്ക് അതിർത്തികൾക്കപ്പുറം പരസ്പരം സ്വതന്ത്രമായി സഞ്ചരിക്കാൻ അവകാശം നൽകുന്ന ഫ്രീ മൂവ്മെന്റ് റജീം (എഫ്എംആർ) അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതിന്റെ പരിണിതഫലം എന്താകും? 2018ൽ ഇന്ത്യയും മ്യാന്മറും തമ്മിൽ ഉണ്ടായ ധാരണയുടെ പുറത്താണ് സാംസ്കാരികമായി ഇടകലർന്ന ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രത്യേക അനുമതികളൊന്നുമില്ലാതെ അന്താരാഷ്ട്ര അതിർത്തി കടന്ന് 16 കിലോമീറ്ററുകളോളം സഞ്ചരിക്കാനുള്ള അനുമതി ലഭിക്കുന്നത്. മ്യാന്മറുമായി അതിർത്തി പങ്കിടുന്ന നാഗാലാ‌ൻഡ്, മിസോറാം, മണിപ്പുർ, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവരാണ് അതുകൊണ്ടുതന്നെ അന്താരാഷ്ട്ര അതിർത്തിയിൽ ലഭിച്ചിരുന്ന ഈ ഇളവ് അവരെ സംബന്ധിച്ച് പരസ്പരം സഞ്ചരിക്കുന്നതിന് വളരെ ഉപകാരപ്രദമായിരുന്നു.

നാഗാലാന്‍ഡിലാണ് ഇപ്പോൾ പ്രത്യക്ഷമായി എതിർപ്പുയർന്നിട്ടുള്ളതെങ്കിലും ഇത് നടപ്പിലാകുന്നതോടെ ഭവിഷ്യത്തുകൾ വളരെ മോശമായി പ്രകടമാകുന്നത് മണിപ്പുർ ജനതയ്ക്കു മുകളിലായിരിക്കും. ഈ തീരുമാനം മണിപ്പുരിൽ കുക്കികളെയാണ് കൂടുതൽ ബാധിക്കുക എന്നത് ആഘാതം വളരെ വലുതാകും.

നാഗാലാൻഡിൽ എന്ത് സംഭവിക്കും?

പ്രത്യേക സംവിധാനം ഇല്ലാതാകുന്നത് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ജനങ്ങളുടെ സംസ്കാരത്തെ ബാധിക്കുമെന്ന് കാണിച്ച്, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാഗാലാ‌ൻഡ് സ്റ്റുഡന്റസ് ഫെഡറേഷൻ (എൻഎസ്എഫ്) ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതിയിരുന്നു. നാഗാലാൻഡിൽ ആഭ്യന്തര സംഘർഷങ്ങളുടെ അവസാനമെന്നതരത്തിൽ സമാധാനചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായ ഇടപെടലുണ്ടാകുന്നത്. നാഗാലാൻഡിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സർക്കാരിന് ആത്മാർഥതയുണ്ടോ എന്ന് എൻഎസ്എഫ് നേതാക്കൾ ചോദിക്കുന്നു.

എഫ്എംആർ എടുത്ത് മാറ്റുന്നതിലൂടെ നാഗവിഭാഗത്തിലുള്ളവരെ സർക്കാർ വീണ്ടും വിഭജിക്കുകയാണെന്ന് നാഗ സ്റ്റുഡന്റസ് ഫെഡറേഷൻ പ്രസിഡന്റ് മെഡോവി റീ പറയുന്നു.

ഇന്ത്യ-മ്യാന്മർ അതിർത്തി കൃത്യമായി വേലി കെട്ടി വേർതിരിക്കുമെന്ന് ഫെബ്രുവരി 6ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിനെ തുടർന്നാണ് എഫ്എംആർ എടുത്ത് കളയാനുള്ള തീരുമാനം സർക്കാർ സ്വീകരിക്കുന്നത്. 1643 കിലോമീറ്റർ നീളമുള്ള ഇന്ത്യ-മ്യാന്മർ അതിർത്തി പങ്കിടുന്നത് മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, അരുണാചൽപ്രദേശ് എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളാണ്.

നാഗാലാൻഡും മ്യാന്മറും പരസ്പരം പങ്കിടുന്ന 215 കിലോമീറ്റർ നീളമുള്ള അതിർത്തി അടയ്ക്കാൻ പോവുകയാണെന്ന വിവരം സംസ്ഥാനത്തെത്തിയപ്പോൾതന്നെ പ്രതിഷേധവുമായി വ്യത്യസ്ത ഗോത്ര സംഘടനകൾ രംഗത്തെത്തിയിരുന്നു. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പ്ൾസ് ഓർഗനൈസേഷനാണ് (ഇഎൻപിഒ) ആദ്യം സമരവുമായി കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്. ഫെബ്രുവരി 9 ആവുമ്പഴേക്കും നാഗാലാൻഡിൽ പ്രതിഷേധം ശക്തമായി. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന് എൻഎസ്എഫ് പ്രസിഡന്റ് അയച്ച കത്ത് നാഗാലാൻഡിലെ മാധ്യമങ്ങളിൽ പൂർണമായിതന്നെ പ്രസിദ്ധീകരിച്ച്‌ വന്നിരുന്നു.

നാഗ വിഭാഗത്തിൽ പെട്ടവരുടെ ജന്മ പ്രദേശത്തെ രണ്ടായി മുറിക്കാൻ മ്യാന്മറുമായി ധാരണയുണ്ടാക്കുന്നതിലൂടെ നാഗ വിഭാഗത്തിൽ പെടുന്നവരുടെ ജന്മാവകാശത്തിന് ഇന്ത്യൻ സർക്കാർ യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നാണ് എൻഎസ്എഫ് ആരോപിക്കുന്നത്. 1951 മെയ് 16ന് നടന്ന വോട്ടെടുപ്പിൽ 99.9 ശതമാനം നാഗവിഭാഗക്കാരും ഇന്ത്യയിൽ നിന്നു സ്വാതന്ത്രരാക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് എൻഎസ്എഫ് അയച്ച കത്തിൽ സൂചിപ്പിക്കുന്നു.

ഇന്ത്യയ്ക്കും മ്യാന്മറിനും ഇടയിലൂടെ ഇന്ത്യ വരച്ച അദൃശ്യവര നാഗവിഭാഗത്തിന്റെ ചരിത്രം പോലും മനസിലാക്കാതെയാണെന്ന് ഗോത്രവിഭാഗങ്ങൾ ആരോപിക്കുന്നു. മോൺ ജില്ലയിലെ ലോങ്‌വാ ഗ്രാമത്തിൽ ഇന്ത്യ-മ്യാന്മർ അതിർത്തി കടന്നു പോകുന്നത് ചില വീടുകളിലൂടെയാണ്. ഇതിനെ അവരെങ്ങനെ വേർതിരിക്കും എന്ന ചോദ്യവും നാഗവിഭാഗത്തിലുള്ളവർ ചോദിക്കുന്നു. നാഗാലാൻഡിലെ ഹോഹോ വിഭാഗത്തിൽ നിന്നുള്ള ആളുകളുടെ പ്രതിഷേധത്തെ തുടർന്ന് നെയ്‌ഫ്യു റിയോ നേതൃത്വം നൽകുന്ന നാഗാലാ‌ൻഡ് സർക്കാർ എഫ്എംആർ എടുത്തുമാറ്റാൻ തീരുമാനിച്ചതിനെതിരെ പ്രമേയം പാസാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യ ഉയർത്തുന്ന സുരക്ഷാ പ്രശ്നങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നു എന്നും, അതിന്റെ ഭാഗമായി എഫ്എംആർ നിയന്ത്രിക്കുന്നത് വരെ അംഗീകരിക്കുന്ന നാഗാലാൻഡ് സർക്കാർ പക്ഷേ ആ ഇളവ് എടുത്ത് കളയുന്നതിനെ അനുകൂലിക്കുന്നില്ല.

2017ൽ മ്യാന്മർ സർക്കാർ അതിർത്തി അടയ്ക്കാൻ തീരുമാനിച്ചപ്പോൾ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ട് നാഗാലാ‌ൻഡ്. വ്യത്യസ്ത സാമൂഹിക സംഘടനകളുമായും നേതാക്കളുമായും കാര്യം ചർച്ചചെയ്യാനാണ് നാഗാലാ‌ൻഡ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

വടക്കു കിഴക്കൻ താഴ്വരകളിൽ തുടരുന്ന അശാന്തി

ഇത് കേവലം നാഗാലാൻഡിനെ മാത്രം ബാധിക്കുന്ന കാര്യമല്ല. വടക്കു കിഴക്ക് സംസ്ഥാനങ്ങളായ മണിപ്പുർ, മിസോറാം ഉൾപ്പെടെയുള്ള സ്ഥലങ്ങളെ ഈ തീരുമാനം കാര്യമായി തന്നെ ബാധിക്കും. മണിപ്പൂരിൽ കുക്കികളും മെയ്തികളും തമ്മിൽ ആഭ്യന്തര കലാപം തുടരുന്ന സാഹചര്യത്തിൽ കുക്കികൾ കൂടുതലായി താമസിക്കുന്ന ഇഎംഫാൽ താഴ്വരയിൽ ഉൾപ്പെടെ ഇത് വലിയ വിഭാഗീയതയ്ക്കും സംഘർഷങ്ങൾക്കും വഴിവയ്ക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. മെയ്തികൾ ഈ തീരുമാനത്തെ സ്വീകരിക്കുന്നിടത്താണ് കാര്യങ്ങൾ കൂടുതൽ വഷളാകുന്നത്. മണിപ്പൂരിൽ സർക്കാർ സംവിധാനങ്ങൾ മുഴുവൻ മെയ്തികളുടെ കൂടിയാണെന്ന വിമർശനം കലാപം തീവ്രമായി നിന്നിരുന്ന സമയത്ത് ശക്തമായി തന്നെ ഉണ്ടായിരുന്നു. ആ വിഭാഗീയത വീണ്ടും തീവ്രമാക്കുകയാണ് ഇപ്പോഴത്തെ സർക്കാർ തീരുമാനം.

നാഗവിഭാഗത്തിൽ പെടുന്നവരും, മിസോറാമിലെ മിസോ വിഭാഗത്തിൽ നിന്നുള്ളവരും കഴിഞ്ഞാൽ പിന്നെ മ്യാൻമറിലെ ജനതയോട് സാംസ്കാരികമായി അടുത്ത് ഇടപെടുന്നത് കുക്കികളാണ്. മിസോറാം മുഖ്യമന്ത്രി ലാൽദുഹോമയും എഫ്എംആറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

യങ് മിസോ അസോസിയേഷൻ (വൈഎംഎ) പോലുള്ള സാമൂഹിക സംഘടനകൾ മോദി സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് രംഗത്തെത്തി. മ്യാന്മറുമായുള്ള ബന്ധം വിച്ഛേദിച്ചാൽ അത് ഒരു ജനവിഭാഗത്തെ സാംസ്കാരികമായി ഏതൊക്കെ തരത്തിൽ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് എതിർപ്പുയർന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും