അപ്രതീക്ഷിതമായിട്ടായിരുന്നു ശനിയാഴ്ച പലസ്തീൻ സായുധസംഘമായ ഹമാസ് ഇസ്രായേലിന് നേരെ ആക്രമണം നടത്തിയത്. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും ഒരേസമയം നടത്തിയ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. വൈകാതെ ഹമാസ് ആക്രമണത്തിന് 'ശക്തമായ തിരിച്ചടി' നൽകുമെന്നും യുദ്ധമുഖത്താണ് തങ്ങളെന്നും ഇസ്രയേൽ പ്രഖ്യാപിക്കുകയും തിരിച്ചടി തുടങ്ങുകയും ചെയ്തു.
ഓപ്പറേഷൻ അൽ അഖ്സ ഫ്ളഡ് എന്ന പേരിലായിരുന്നു ഹമാസ് ആക്രമണം ആരംഭിച്ചത്. എങ്ങനെയാണ് ഇസ്രയേലിന്റെ സുരക്ഷാകവചങ്ങൾ ഭേദിച്ച് ഹമാസ് ആക്രമണം അരങ്ങേറിയതെന്ന് പരിശോധിക്കാം.
ആക്രമണത്തിന് ബുൾഡോസർ മുതൽ ബൈക്ക് വരെ
രാവിലെ 6.30-ാടു കൂടി ഗാസ മുനമ്പിൽ നിന്ന് 5000ത്തോളം റോക്കറ്റുകൾ ഇസ്രായേലിന് നേരെ ഹമാസ് തൊടുത്തുവിടുകയായിരുന്നു. ജനങ്ങൾ താമസിക്കുന്ന ഇസ്രയേലിലെ പ്രദേശങ്ങളിലേക്ക് റോക്കറ്റുകൾ തുടർച്ചയായി വിക്ഷേപിക്കുന്നതിന് സമാന്തരമായിതന്നെ ബുൾഡോസർ, ബൈക്കുകൾ, ബോട്ടുകൾ, മോട്ടറൈസ്ഡ് പാരാഗ്ലൈഡറുകൾ എന്നിവ ഉപയോഗിച്ച് ഇസ്രായേലിന്റെ സുരക്ഷാ തടസങ്ങൾ മറികടന്ന് ഇസ്രയേലിലേക്ക് കടക്കുകയും ഇസ്രയേൽ പട്ടണങ്ങളിലും സൈനിക പോസ്റ്റുകളിലും ആക്രമണം ആരംഭിക്കുകയുമായിരുന്നു.
സാധാരണക്കാർക്ക് നേരെയും ഹമാസ് സായുധസംഘം വെടിയുതിർത്തു. അതിർത്തിപട്ടണങ്ങളിൽ താമസക്കാരായ ഇസ്രയേലികൾക്ക് നേരെ ഹമാസിന്റെ സായുധസംഘം വെടിയുതിർക്കുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. തുടർച്ചയായി റോക്കറ്റുകൾ ഇസ്രയേലിന് നേരെ ഉതിർത്തതോടെ അന്തരീക്ഷത്തിൽ പുകനിറയുകയും വെളിച്ചം കുറയുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ സുരക്ഷാവേലികൾ തകർത്ത് ഹമാസ് സംഘം അകത്തുകടക്കുന്ന വീഡിയോകൾ ഹമാസ് തന്നെ പുറത്തുവിട്ടിട്ടുണ്ട്.
പട്ടണങ്ങളിലെ സാധാരണക്കാരായ ഇസ്രയേലികളെ ബൈക്കുകളിലും മറ്റുവാഹനങ്ങളിലുമായി ഹമാസ് തട്ടികൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. ഇറാന്റെ പിന്തുണയോടെയാണ് ഇസ്രയേലിനെതിരായ അപ്രതീക്ഷിത ആക്രമണം സാധ്യമാക്കിയതെന്ന് ഹമാസ് വക്താക്കളിൽ ഒരാൾ ബിബിസിയോട് പറഞ്ഞു. രാവിലെ പത്ത് മണിയോടെ ഇസ്രയേൽ തിരിച്ചാക്രമണം ആരംഭിച്ചു. ഗാസ മേഖലയെ ഒറ്റപ്പെടുത്തിയുള്ള ആക്രമണമാണ് ഇസ്രയേൽ ആരംഭിച്ചത്. 17 ഓളം ഹമാസ് കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെടുകയും ചെയ്തു.
പ്രദേശത്തേക്കുള്ള ഇന്ധന വിതരണം, വൈദ്യുതി ബന്ധം തുടങ്ങിയ സൗകര്യങ്ങൾ ഇസ്രയേൽ വിച്ഛേദിക്കുകയും ചെയ്തു. ഗാസയിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞ് പോകാനും ഹമാസ് ആക്രമണത്തിന് 'ശക്തമായ തിരിച്ചടി' നേരിടേണ്ടിവരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യുദ്ധമുഖത്താണ് തങ്ങളെന്നും യുദ്ധത്തിന് തയ്യാറാണെന്നും നെതന്യാഹു പ്രഖ്യാപിച്ചു. 'ഓപ്പറേഷൻ അയേൺ സ്വോർഡ്സ്' എന്ന പേരിലാണ് ഹമാസിനും പലസ്തീനും എതിരെ ഇസ്രയേൽ സൈനിക നീക്കം നടക്കുന്നത്.
ഉയരുന്ന മരണസംഖ്യ, ബന്ധികളാക്കപ്പെടുന്ന സാധാരണക്കാർ
ശനിയാഴ്ച രാത്രി വരെ നടന്ന വെടിവയ്പിൽ 500 പേരെങ്കിലും ഇരുഭാഗത്തുമായി മരിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുറഞ്ഞത് 3,000 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇസ്രയേലിന്റെ തിരിച്ചാക്രമണത്തിൽ ഗാസയിലും മറ്റ് പ്രദേശങ്ങളിലുമായി ഇരുന്നൂറിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഗാസയിലും ആയിരത്തിലധികം പേർക്ക് ഇതിനോടകം പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇസ്രയേലിൽ നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആക്രമണം തുടങ്ങിയതോടെ മധ്യ, തെക്കൻ ഇസ്രയേലിലെ സ്‌കൂളുകളുടെ പ്രവർത്തനം റദ്ദാക്കുന്നതായി ഐ.ഡി.എഫ് ഹോം ഫ്രണ്ട് കമാൻഡ് പ്രഖ്യാപിച്ചു, പത്ത് ആളുകളിൽ കൂടുതൽ പുറത്ത് ഉണ്ടാവരുതെന്നും നിർദ്ദേശമുണ്ട്. ഇസ്രായേലിന്റെ ആക്രമണത്തിൽ ശനിയാഴ്ച ഉച്ചവരെ 198 പലസ്തീനികൾ കൊല്ലപ്പെടുകയും 1,610 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ മുനമ്പിലെ ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ മരണം 250 കടന്നതായാണ് ഇസ്രയേൽ സ്ഥിരീകരിച്ചത്. 1500ൽ അധികം പേർക്ക് പരുക്കേറ്റതായും, നിരവധി പേരെ ഹമാസ് ബന്ധികളാക്കിയതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗാസയ്ക്കടുത്തുള്ള സ്ഡെറോട്ടിലെ തെരുവുകളിലും കാറുകൾക്കുള്ളിലും മൃതദേഹങ്ങൾ കിടക്കുന്നതും അവയുടെ വിൻഡ്സ്‌ക്രീനുകൾ വെടിയുണ്ടകളാൽ തകർന്നതായും ചില അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.